Malappuram Double Vote Case: മലപ്പുറത്ത് ഇരട്ട വോട്ട് ചെയ്യാൻ ശ്രമിച്ച യുവതി പിടിയിൽ
Malappuram Double Vote Case: കോഴിക്കോട് കൊടിയത്തൂർ കഴുത്തുട്ടിപുറായിലെ വാർഡ് 17ൽ വോട്ട് ചെയ്തതായിരുന്നു. പിന്നീട് ഉച്ചയ്ക്കുശേഷം...
മലപ്പുറം: മലപ്പുറത്ത് ഇരട്ട വോട്ട് ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ യുവതിക്കെതിരെ കേസെടുത്തു. വലിയപറമ്പ് സ്വദേശിയായ റിന്റു അജയ്‌ക്കെതിരെയാണ് കേസ്. ഇവർ കോഴിക്കോട് കൊടിയത്തൂർ കഴുത്തുട്ടിപുറായിലെ വാർഡ് 17ൽ വോട്ട് ചെയ്തതായിരുന്നു. പിന്നീട് ഉച്ചയ്ക്കുശേഷം മലപ്പുറം പുളിക്കൽ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ വലിയപറമ്പ് ചാലിൽ ജിഎൽപി സ്കൂളിലും വോട്ട് ചെയ്യാൻ എത്തി. റിട്ടേണിംഗ് ഓഫീസർ കൊണ്ടോട്ടി പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് യുവതിക്കെതിരെകേസെടുത്തത്.
വടക്കാഞ്ചേരിയിലും ഇരട്ട വോട്ട് ചെയ്യാൻ ശ്രമിച്ച സംഭവം ഉണ്ടായി വടക്കാഞ്ചേരി നഗരസഭയിൽ കള്ളവോട്ട് ചെയ്യാൻ എത്തിയ മങ്കര തരു പീടികയിൽ അൻവർ ആണ് പിടിയിലായത്. അദ്ദേഹത്തിന് 42 വയസ്സായിരുന്നു. മങ്കര സ്വദേശിയായ ഇയാളുടെ പേര് കുളപ്പുള്ളിയിലെ വോട്ടർപട്ടികയിലും ഉണ്ടായിരുന്നു. കുളപ്പുള്ളിയിൽ വോട്ട് ചെയ്ത് അയാൾ വീണ്ടും വോട്ട് ചെയ്യാനായി ശ്രമിച്ചതോടെ ഉദ്യോഗസ്ഥർ പിടി കൂടുകയായിരുന്നു. കയ്യിലെ മഷി അടയാളം കണ്ടാണ് പിടികൂടിയത്. പ്രിസൈഡിങ് ഓഫീസറുടെ പരാതി പ്രകാരം പോലീസ് ഇയാളെ കരുതൽ തടങ്കലിൽ വെച്ചിരിക്കുകയാണ്.
അതേസമയം സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പും പൂർത്തിയായി. വ്യാഴാഴ്ച 7 ജില്ലകളിലായി നടന്ന വോട്ടെടുപ്പ് വൈകിട്ട് ആറുമണിയോടെയാണ് പൂർത്തിയായത്. റിപ്പോർട്ടുകൾ പ്രകാരം 74.52 ശതമാനം പോളിംഗ് ആണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ഇത് അന്തിമ കണക്കല്ല എന്നും റിപ്പോർട്ടുകൾ. തൃശ്ശൂരിൽ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂരിൽ കാസർകോട് ജില്ലകളിലെ തദ്ദേശസ്ഥാപനങ്ങളിലേക്കാണ് ഇന്ന് രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്.
മലപ്പുറം – 76.11%,വയനാട് – 76.26%,കോഴിക്കോട് – 75.73%,പാലക്കാട് – 74.89%,കണ്ണൂർ – 74.64%,കാസർകോട് – 73.02%, തൃശ്ശൂർ – 71.14% എന്നിങ്ങനെയാണ് വോട്ടിങ് ശതമാനം. വോട്ടെടുപ്പ് സമയം വൈകീട്ട് ആറ് മണിയോടെ അവസാനിച്ചെങ്കിലും, ക്യൂവിൽ നിന്നവര്‌ക്ക് വോട്ട് ചെയ്യാൻ അവസരം നൽകി. ഇവർക്ക് പ്രിസൈഡിങ് ഓഫീസർ ഒപ്പിട്ട സ്ലിപ്പ് കൈമാറുകയായിരുന്നു. ക്യൂവിലെ അവസാനത്തെയാൾ വോട്ട് രേഖപ്പെടുത്തിയശേഷം മാത്രമേ പോളിങ് പൂർത്തിയാക്കുകയുള്ളൂ. പലയിടങ്ങളിലും ആറ് മണിക്ക് ശേഷവും ഒട്ടേറെപ്പേർ വോട്ട് ചെയ്യാനായി വരിയിൽ നിന്നിരുന്നതിനാൽ പോളിങ് പൂർത്തിയാകാൻ വൈകി.