ഡ്രൈവിംഗ് ടെസ്റ്റിൽ 75 ശതമാനം മാർക്ക് കിട്ടിയാലും കാര്യമില്ല; യു.എ.ഇയിൽ ലൈസൻസ് നേടാൻ ഇനി പുതിയ കടമ്പകൾ
New UAE Federal Traffic Law: ടെസ്റ്റിനിടെ അപേക്ഷകർ അപകടകരമായ തെറ്റുകൾ വരുത്തുകയോ അപകടം ഒഴിവാക്കാൻ എക്സാമിനർക്ക് ഇടപെടേണ്ടി വരികയോ ചെയ്താൽ പ്രാക്ടിക്കൽ പരീക്ഷയിൽ പരാജയപ്പെട്ടതായി കണക്കാക്കും. എക്സാമിനറുടെ ഇടപെടൽ ഫിസിക്കലാകണം എന്നുപോലുമില്ല, അപകടം ഒഴിവാക്കാനായി വാക്കാലുള്ള നിർദ്ദേശങ്ങൾ നൽകേണ്ടതായി വന്നാലും ടെസ്റ്റിൽ പരാജയപ്പെടും
ദുബായ്: യു.എ.ഇയിൽ പുതിയ ഫെഡറൽ ട്രാഫിക് നിയമങ്ങൾ 2027 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്നതോടെ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകൾ കൂടുതൽ കർശനമാകും. പുതിയ നിയമ പ്രകാരം പ്രാക്ടിക്കൽ പരീക്ഷയിൽ 75 ശതമാനം മാർക്ക് നേടിയാലും ലൈസൻസ് ലഭിക്കുമെന്ന് ഉറപ്പിച്ച് പറയാനാകില്ല. ടെസ്റ്റിനിടെ അപേക്ഷകർ അപകടകരമായ തെറ്റുകൾ വരുത്തുകയോ അപകടം ഒഴിവാക്കാൻ എക്സാമിനർക്ക് ഇടപെടേണ്ടി വരികയോ ചെയ്താൽ പ്രാക്ടിക്കൽ പരീക്ഷയിൽ പരാജയപ്പെട്ടതായി കണക്കാക്കും. എക്സാമിനറുടെ ഇടപെടൽ ഫിസിക്കലാകണം എന്നുപോലുമില്ല, അപകടം ഒഴിവാക്കാനായി വാക്കാലുള്ള നിർദ്ദേശങ്ങൾ നൽകേണ്ടതായി വന്നാലും ടെസ്റ്റിൽ പരാജയപ്പെടും
2026 ഒക്ടോബർ 6-ന് യു.എ.ഇ ഫെഡറൽ ഒഫീഷ്യൽ ഗസറ്റിൽ പ്രസിദ്ധീകരിച്ച് 2024-ലെ ഫെഡറൽ ഡിക്രി ലോ നമ്പർ 14-ൻ്റെ എക്സിക്യൂട്ടീവ് റഗുലേഷന് അംഗീകാരം നൽകുന്ന 2026-ലെ കാബിനറ്റ് തീരുമാനത്തിലാണ് ഈ പുതിയ നിബന്ധനകൾ വ്യക്തമാക്കിയിരിക്കുന്നത്. 75 ശതമാനം മാർക്ക് നേടിയാലും ടെസ്റ്റിൽ പരാജയപ്പെടാനുള്ള സാധ്യതകളെ കുറിച്ച് പഴയ നിയമത്തിലും പരമർശിച്ചിരുന്നു എങ്കിലും, ടെസ്റ്റിൽ പരാജയപ്പെടാൻ ഇടയാക്കുന്ന കാരണങ്ങൾ പുതിയ നിയമത്തിൽ കൃത്യമായി നിർവചിച്ചിട്ടുണ്ട്.
പുതിയ നിയമത്തിലെ ആർട്ടിക്കിൾ 68 പ്രകാരം അപേക്ഷകർ 75 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയാലും ചില പ്രത്യേക തെറ്റുകൾ വരുത്തിയാൽ പരീക്ഷയിൽ പരാജയപ്പെടും. വാഹനത്തിൻ്റെ ബോഡിയോ, ടയറോ ബാരിക്കെടുകളിൽ തട്ടുക, വാഹനം സ്റ്റാർട്ട് ചെയ്യുമ്പോൾ നിയന്ത്രണം നഷ്ടപ്പെടുക, ഗിയർ മാറ്റുന്നതിൽ വീഴ്ചകൾ വരുത്തുക, വാഹനം കൃത്യമല്ലാത്ത രീതിയിൽ പാർക്ക് ചെയ്യുക, ട്രാഫിക് ചിഹ്നങ്ങളും നിയമങ്ങളും ലംഘിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇതുകൂടാതെ മൊട്ടോർസൈക്കിൽ ലൈസൻസ് ടെസ്റ്റിനിടെ കാലുകൾ നിലത്ത് മുട്ടിയാലും പരാജയപ്പെട്ടതായി കണക്കാക്കും. ഈ തെറ്റുകൾ വരുത്തിയൽ ഉയർന്ന മാർക്ക് പരിഗണിക്കില്ല.
ആർട്ടിക്കിൾ 66 പ്രകാരം തിയറി പരീക്ഷ വിജയിച്ച അപേക്ഷകർ നിർബന്ധമായും പ്രാക്ടിക്കൽ ടെസ്റ്റ് പൂർത്തിയാക്കണം. കയറ്റങ്ങളിലും ഇറക്കങ്ങളിലും വാഹനം സുരക്ഷിതമായി മുന്നോട്ടും പിന്നോട്ടും എടുക്കുക, ഗിയറുകൾ കൃത്യമായി മാറ്റുക. സാധാരണ സമയത്തും എമേർജെൻസി സാഹചര്യങ്ങളിലും വാഹനം സുരക്ഷിതമായി നിർത്തുക, പാരലൽ പാർക്കിംഗ്, രണ്ട് വാഹനങ്ങൾക്കിടയിൽ പാർക്ക് ചെയ്യുക, ലൈൻ ചേഞ്ചിംഗ്, ഇൻഡിക്കേറ്ററുകളുടെ ഉപയോഗം, റൗണ്ട് എബൗട്ടുകളിലൂടെയും ഇൻ്റർസെക്ഷനുകളിലൂടെയുമുള്ള ഡ്രൈവിംഗ് തുടങ്ങി എല്ലാ കാര്യങ്ങളും ടെസ്റ്റിൽ കർശനമായി വിലയിരുത്തും. ആവശ്യമെങ്കിൽ കൂടുതൽ മാനദണ്ഡങ്ങൾ ഉൾപ്പെടുത്താനും അധികൃതർക്ക് സാധിക്കും.
English Summary
Under the UAE’s new traffic law taking effect in 2027, scoring 75% on a driving test won’t guarantee a pass. Applicants will fail immediately for dangerous mistakes or examiner interventions.