Kerala Police : യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പോലീസ് മർദ്ദിച്ച ദൃശ്യങ്ങൾ പുറത്ത്… നീണ്ട നിയമപ്പോരാട്ടിനൊടുവിൽ നടപടി
Youth Congress leader beaten inside police station: ഈ പരാതിയിൽ കേസ് എടുക്കാനോ നടപടി സ്വീകരിക്കാനോ അന്ന് തയാറായില്ല. തുടർന്ന് സുജിത്ത് കോടതിയെ സമീപിച്ചു. സുജിത്ത് സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടെങ്കിലും പോലീസ് നൽകിയില്ല.
കുന്നംകുളം: രണ്ടു വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ യൂത്ത് കോൺഗ്രസ് നേതാവിനെ പോലീസുകാർ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തെത്തി. യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്ത് വി. എസ്സിനാണ് 2023 -ൽ പോലീസിൽ നിന്ന് മർദനമേറ്റത്. സുജിത്ത് നിയമപോരാട്ടം നടത്തിയതിന് പിന്നാലെയാണ് ദൃശ്യങ്ങൾ പുറത്തുവന്നത്. കുന്നംകുളത്തെ ചില പോലീസുകാർ തന്റെ
സുഹൃത്തുക്കളോട് മോശമായി പെരുമാറിയതിന് പിന്നാലെ സുജിത്ത് ഇടപെട്ടു.
പിന്നാലെ സുജിത്തിനെ പോലീസ് ജീപ്പിൽ കയറ്റി സ്റ്റേഷനിലെത്തിക്കുകയും മർദിക്കുകയുമായിരുന്നു. ആദ്യം ഒരു മുറിയിലിട്ട് മർദിക്കുകയും പിന്നീട് മറ്റൊരു മുറിയിൽ കൊണ്ടുപോയി ക്രൂരമായി മർദിക്കുകയും ചെയ്തു. നാല് പോലീസുകാർ ചേർന്നാണ് സുജിത്തിനെ മർദിച്ചത്. എസ്‌ഐയായിരുന്ന നുഹ്‌മാൻ, സിപിഒമാരായിരുന്ന ശശിധരൻ, സന്ദീപ്, സജീവൻ എന്നീ പോലീസുകാരാണ് സംഭവത്തിൽ ഉൾപ്പെട്ടത് എന്നാണ് വിവരം.
പിന്നീട് പോലീസ് സുജിത്തിനെതിരേ കേസെടുക്കുകയും ചെയ്തു. മദ്യപിച്ച് പോലീസുകാരോട് തട്ടിക്കയറി എന്നും കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും ഉൾപ്പെടുത്തിയാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകളാണ് ഇവ. എഫ്‌ഐആർ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. എന്നാൽ വൈദ്യ പരിശോധനയിൽ സുജിത്ത് മദ്യപിച്ചിട്ടില്ല എന്ന് മനസ്സിലാക്കിയ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി സുജിത്തിന് ജാമ്യം അനുവദിച്ചു.
തുടർന്ന് കോടതിയുടെ നിർദ്ദേശപ്രകാരം നടത്തിയ വൈദ്യ പരിശോധനയിൽ പോലീസ് മർദനത്തിൽ സുജിത്തിന്റെ ചെവിക്ക് കേൾവി തകരാർ സംഭവിച്ചതായി കണ്ടെത്തി. തുടർന്ന് സുജിത്ത് പോലീസ് ഉദ്യോഗസ്ഥർക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകുകയായിരുന്നു. ഈ പരാതിയിൽ കേസ് എടുക്കാനോ നടപടി സ്വീകരിക്കാനോ അന്ന് തയാറായില്ല. തുടർന്ന് സുജിത്ത് കോടതിയെ സമീപിച്ചു. സുജിത്ത് സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടെങ്കിലും പോലീസ് നൽകിയില്ല.
തുടർന്ന് സംസ്ഥാന വിവരാവകാശ കമ്മീഷൻ പോലീസ് സ്റ്റേഷനിലെ CCTV ദൃശ്യങ്ങൾ നൽകാൻ ഉത്തരവിട്ടു. വിവരാവകാശ കമ്മീഷൻ പോലീസിനെയും സുജിത്തിനെയും നേരിട്ട് വിളിച്ചു വരുത്തി രണ്ട് പേരുടെയും വാദം കേട്ട് സുജിത്ത് ആവശ്യപ്പെട്ട CCTV ദൃശ്യങ്ങൾ നൽകുവാൻ കർശന നിർദേശം നൽകുകയായിരുന്നു. സംഭവത്തിൽ സ്റ്റേഷനിലെ നാല് പോലീസുകാർക്കെതിരേ കേസെടുക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്.