Urinary Problems: മൂത്രാശയ പ്രശ്നങ്ങൾ നിസാരമാണോ? അവഗണിച്ചാൽ കാത്തിരിക്കുന്നത്….; ലക്ഷണങ്ങൾ
Urinary Infections And Symptoms: കൃത്യസമയത്ത് വെള്ളം കുടിക്കാനോ മൂത്രമൊഴിക്കാനോ പോലും പലർക്കും സാധിക്കാറില്ല എന്നതാണ് ഇതിൻ്റെ പ്രധാന കാരണം. ആദ്യകാല മുന്നറിയിപ്പ് ലക്ഷണങ്ങളിൽ ഇടയ്ക്കിടെയുള്ള മൂത്രശങ്ക, മൂത്രതടസ്സം, രാത്രിയിൽ ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ ഉണരുക, മൂത്രമൊഴിക്കാൻ ബുദ്ധിമുട്ട്, വേദനയും നിറം മാറ്റവും എന്നിവ അനുഭവപ്പെട്ടേക്കാം.
ഇന്നത്തെ കാലത്ത് തിരക്കുപിടിച്ച ജീവിതത്തിൽ ആളുകൾ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് മൂത്രാശയ രോഗങ്ങൾ. മിക്കവരും നിസാരമെന്ന് കരുത് അവഗണിക്കുന്ന ഇതിൻ്റെ ലക്ഷണങ്ങൾ, ഒടുവിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കാണ് വഴിവയ്ക്കുന്നത്. കൃത്യസമയത്ത് വെള്ളം കുടിക്കാനോ മൂത്രമൊഴിക്കാനോ പോലും പലർക്കും സാധിക്കാറില്ല എന്നതാണ് ഇതിൻ്റെ പ്രധാന കാരണം. ആദ്യകാല മുന്നറിയിപ്പ് ലക്ഷണങ്ങളിൽ ഇടയ്ക്കിടെയുള്ള മൂത്രശങ്ക, മൂത്രതടസ്സം, രാത്രിയിൽ ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ ഉണരുക, മൂത്രമൊഴിക്കാൻ ബുദ്ധിമുട്ട്, വേദനയും നിറം മാറ്റവും എന്നിവ അനുഭവപ്പെട്ടേക്കാം.
ഇവ കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനം നിലയ്ക്കുന്നതുപോലെയുള്ള ഗുരുതരാവസ്ഥയിലേക്ക് കാര്യങ്ങളെത്തിക്കാം. പകലിലും രാത്രിയിലും ഒരുപോലെ അമിതമായി മൂത്രമൊഴിക്കാൻ തോന്നുന്നത് പ്രമേഹത്തിൻ്റെയോ മൂത്രസഞ്ചിയിലെ അണുബാധയുടെയോ ലക്ഷണമാണ്. അതുപോലെ തന്നെ മൂത്രം ഒഴിക്കാൻ തുടങ്ങുമ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ഒഴുക്ക് കുറയുകയോ ചെയ്യുന്നത് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കത്തെയോ മൂത്രനാളിയിലെ തടസ്സത്തെയോ ആണ് കാണിക്കുന്നത്.
ആദ്യമൊക്കെ മൂത്രാശയ അണുബാധകൾ നിസാരമായി തോന്നാമെങ്കിലും, ചികിത്സ വൈകിയാൽ ബാക്ടീരിയകൾ വൃക്കകളിലേക്ക് വ്യാപിക്കുകയും സ്ഥിരമായ വൃക്കയുടെ പ്രവർത്തനം നിന്നുപോകുന്നതിന് കാരണമാവുകയും ചെയ്യും. പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് സംബന്ധമായ പ്രശ്നങ്ങളും സ്ത്രീകളിൽ വിട്ടുമാറാത്ത അണുബാധകളും ഇത് വഴി ഉണ്ടാകാറുണ്ട്. പരിശോധനകൾ വൈകിപ്പിക്കുന്നതും, ലക്ഷണങ്ങൾ മനസ്സിലാക്കി ചികിത്സ കൃത്യസമയത്ത് നൽകാത്തതുമാണ് ഗുരുതരമായ അവസ്ഥയിലേക്ക് നയിക്കാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന്.
ALSO READ: പ്ലാസ്റ്റിക് ചീപ്പ് മുതൽ ലൂഫ വരെ… ഇവ മാറ്റാൻ വൈകിയാൽ പണി കിട്ടും; ഉടൻ ഒഴിവാക്കേണ്ടവ
മൂത്രാശയ പ്രശ്നങ്ങൾ തടയാൻ ചെയ്യേണ്ടത്
ധാരാളം വെള്ളം കുടിക്കുക
ശരീരത്തിലെ വിഷാംശങ്ങളെയും ബാക്ടീരിയകളെയും പുറന്തള്ളാൻ വെള്ളം അത്യാവശ്യമായ ഒന്നാണ്. ദിവസവും കുറഞ്ഞത് 2.5 മുതൽ മൂന്ന് ലിറ്റർ വരെ വെള്ളം കുടിക്കാൻ ശ്രമിക്കണം. ഇത് മൂത്രത്തിൽ കല്ല് വരാനുള്ള സാധ്യതയും കുറയ്ക്കുന്നു. ആവശ്യമില്ലെങ്കിൽ പോലും വെള്ളം കുടിക്കുന്നത് ഒഴിവാക്കരുത്.
മൂത്രം പിടിച്ചുനിർത്തരുത്
ജോലി തിരക്ക് കാരണം പലരും മൂത്രം ദീർഘനേരം പിടിച്ചുനിർത്താറുണ്ട്. ഇത് മൂത്രസഞ്ചിയിലെ പേശികളെ ദുർബലമാക്കാനും അണുബാധ പടരാനുമുള്ള പ്രധാന കാരണമാണ്. മൂത്രശങ്ക തോന്നിയാൽ ഉടൻ തന്നെ അത് ഒഴിവാക്കുക. അല്ലാത്തപക്ഷം കാത്തിരിക്കുന്നത് ഗുരുതര പ്രശ്നങ്ങളാണ്.
വ്യക്തിശുചിത്വം
സ്ത്രീകളിലും പുരുഷന്മാരിലും മൂത്രാശയ അണുബാധ ഒഴിവാക്കാൻ ശുചിത്വം വളരെ പ്രധാനമായ ഘടകമാണ്. അടിവസ്ത്രങ്ങൾ ദിവസവും കഴുകി ഉണക്കി ഉപയോഗിക്കാനും ശരിയായ രീതിയിൽ വൃത്തിയാക്കാനും ശ്രദ്ധിക്കുക. കൂടാതെ മൂത്രമൊഴിച്ച ശേഷം സ്വകാര്യ ഭാഗങ്ങൾ വൃത്തിയായി കഴുകാനും ശീലിക്കുക.
ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക
അമിതമായ എരിവ്, ഉപ്പ്, കഫീൻ (ചായ, കാപ്പി), കൃത്രിമ പാനീയങ്ങൾ എന്നിവ മൂത്രസഞ്ചിയിൽ അസ്വസ്ഥത ഉണ്ടാക്കുന്നവയാണ്. നാരുകളുള്ള ഭക്ഷണങ്ങളും നാരങ്ങാവെള്ളം, കരിക്കിൻ വെള്ളം തുടങ്ങിയ പ്രകൃതിദത്ത പാനീയങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതാണ് ഏറ്റവും ഉചിതം.