Black Pepper Purity Checking Tips: ഒറിജിനൽ കുരുമുളകും വ്യാജനും എങ്ങനെ തിരിച്ചറിയാം? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ
Black Pepper Qyality Checking Tips: കർണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, ഗോവ എന്നിവിടങ്ങളിലും കുരുമുളക് വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. എന്നാൽ വിപണിയിൽ പപ്പായ കുരുവും മറ്റ് മായങ്ങളും കലർന്ന വ്യാജ കുരുമുളക് വ്യാപകമാകുന്നത് ആരോഗ്യത്തിന് വലിയ ഭീഷണിയാണ്. അതുപോലെ കുരുമുളകിലെ കൃത്രിമ നിറങ്ങൾ, വിലകുറഞ്ഞ ധാന്യങ്ങൾ, വിത്തുകളുടെ തൊലികൾ, ശുദ്ധീകരിച്ച എണ്ണ, മൈദ, പശ എന്നിവ ഉപയോഗിച്ചും വ്യാജ കുരുമുളക് നിർമ്മിക്കാറുണ്ട്.
കേരളത്തിലെ അടുക്കളകളിലും പാചകരുചികളിലും ഒഴിച്ചുകൂടാനാകാത്ത സുഗന്ധവ്യഞ്ജനമാണ് കുരുമുളക്. കാരണം കറുത്ത സ്വർണം എന്നറിയപ്പെടുന്ന കുരുമുളക് ഉല്പാദിപ്പിക്കുന്നതിൽ ഇന്ത്യയിൽ കേരളമാണ് മുന്നിൽ. കർണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, ഗോവ എന്നിവിടങ്ങളിലും കുരുമുളക് വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. എന്നാൽ വിപണിയിൽ പപ്പായ കുരുവും മറ്റ് മായങ്ങളും കലർന്ന വ്യാജ കുരുമുളക് വ്യാപകമാകുന്നത് ആരോഗ്യത്തിന് വലിയ ഭീഷണിയാണ്. അതുപോലെ കുരുമുളകിലെ കൃത്രിമ നിറങ്ങൾ, വിലകുറഞ്ഞ ധാന്യങ്ങൾ, വിത്തുകളുടെ തൊലികൾ, ശുദ്ധീകരിച്ച എണ്ണ, മൈദ, പശ എന്നിവ ഉപയോഗിച്ചും വ്യാജ കുരുമുളക് നിർമ്മിക്കാറുണ്ട്. വീട്ടിലിരുന്ന് തന്നെ കുരുമുളകിന്റെ ശുദ്ധത ഉറപ്പാക്കാൻ ലളിതമായ ചില മാർഗ്ഗങ്ങൾ പരീക്ഷിക്കാം.
ALSO READ; ശർക്കര പെട്ടെന്ന് കേടാകാറുണ്ടോ? പൂപ്പൽ പിടിക്കാതെ സൂക്ഷിക്കാൻ വഴി
വീട്ടിൽ തന്നെ ചെയ്യാവുന്ന ശുദ്ധതാ പരിശോധനകൾ
വെള്ളത്തിലെ പരിശോധന: ഒരു ഗ്ലാസ് വെള്ളത്തിലേക്ക് കുരുമുളക് മണികൾ ഇടുക. യഥാർത്ഥ കുരുമുളകിന് ഭാരം കൂടുതലായതിനാൽ അടിയിൽ താഴ്ന്നു കിടക്കുന്നത് കാണാനാകും. വ്യാജമായ കുരുമുളക് മണികളും പപ്പായ കുരുക്കളും ഭാരം കുറവായതിനാൽ മുകളിൽ പൊങ്ങിക്കിടക്കുന്നത് കാണാനാകും.
രൂപവും ഘടനയും: ഒറിജിനൽ കുരുമുളകിൻ്റെ പുറംതൊലി ചുളുങ്ങിയതും കറുപ്പ് അല്ലെങ്കിൽ കടും തവിട്ട് നിറമുള്ളതുമായിരിക്കും. പപ്പായ കുരുക്കൾ മിനുസമുള്ളതും തവിട്ട്/ കറുപ്പ് കലർന്ന നിറത്തിലുള്ളതും ആയിരിക്കും.
അമർത്തി നോക്കാം: വിരലുകൾക്കിടയിലോ കത്തി ഉപയോഗിച്ചോ അമർത്തുമ്പോളോ ഒറിജിനൽ കുരുമുളക് കട്ടിയുള്ളതും ഉള്ളിൽ വെളുത്തതോ ഇളം തവിട്ടോ ആയ കാമ്പുള്ളതുമായിരിക്കും. പപ്പായ കുരുക്കൾ എളുപ്പത്തിൽ ചതയുകയും ഉള്ളിൽ ഇരുണ്ട നിറമോ ജലാംശമോ കാണപ്പെടുകയും ചെയ്യാം.
രുചിയും മണവും: ഒറിജിനൽ കുരുമുളകിന് തീക്ഷ്ണമായ എരിവും പ്രത്യേക സുഗന്ധവുമുണ്ട്. മായം ചേർന്നവയ്ക്ക് എരിവ് കുറവോ വ്യത്യസ്തമായ മണമോ അനുഭവപ്പെടാം.
ഹോൾമാർക്ക്: പാക്കറ്റിലെ കുരുമുളകാണ് വാങ്ങുന്നതെങ്കിൽ, സാധുവായ FSSAI ലൈസൻസ് നമ്പർ ഉണ്ടോ എന്ന് എപ്പോഴും പരിശോധിക്കുക. വിശ്വസ്തരായ ബ്രാൻഡുകളിൽ നിന്നോ വിശ്വസനീയമായ വിൽപ്പനക്കാരിൽ നിന്നോ മാത്രം വാങ്ങുക. അസാധാരണമാംവിധം വില കുറഞ്ഞ ഉൽപ്പന്നങ്ങൾ, പൊട്ടിയതോ കേടുവന്നതോ ആയ ധാന്യങ്ങൾ, എണ്ണ പുരട്ടിയതുപോലെ അമിതമായി തിളക്കമുള്ള കുരുമുളക് എന്നിവ ഒഴിവാക്കുക.
വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിശ്വസനീയമായ കടകളിൽ നിന്നോ കർഷകരിൽ നിന്നോ നേരിട്ട് വാങ്ങാൻ ശ്രമിക്കുക.
പാക്കറ്റുകളിൽ ലഭിക്കുന്ന കുരുമുളക് വാങ്ങുമ്പോൾ കൃത്യമായ ലേബലിംഗ്, കാലാവധി, ഗുണനിലവാര വിവരങ്ങൾ എന്നിവ പരിശോധിക്കുക.
അമിതമായി തിളക്കമുള്ളതോ സംശയാസ്പദമായ വിലക്കുറവുള്ളതോ ആയ ഉൽപ്പന്നങ്ങളിൽ ജാഗ്രത പാലിക്കുക.
English Summary:
Known as the king of spices, black pepper plays a vital role in Indian kitchens, enhancing soups, salads, gravies, garam masala, and home remedies. Black pepper purity checking tips, easy ways to check quality at home within 2 minutes using water, texture, and aroma tests.