Electricity Bill Saving Tips: എസി ഉപയോഗിച്ചോളൂ, കറൻ്റ് ബില്ല് പകുതിയാക്കാം; വൈദ്യുതി ലാഭിക്കാൻ ഈ കാര്യങ്ങൾ ചെയ്താൽ മതി
Electricity Bill Saving Tips With Using AC: എസി ഉപയോഗിച്ചുകൊണ്ട് തന്നെ കറൻ്റ് ബിൽ കുറയ്ക്കാൻ പറ്റിയാലോ. അതെ എസി ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ചൂട് അറിയുകയുമില്ല, വൈദ്യുതി ബില്ല് പകുതിയോളം കുറയ്ക്കാനും സാധിക്കും. ശരിയായ രീതിയിൽ എങ്ങനെ എസി പ്രവർത്തിപ്പിക്കാമെന്ന് നമുക്ക് നോക്കാം.

Electricity Bill Saving Tips
ഇക്കൊല്ലത്തെ വേനൽ പഴയതിനേക്കാൾ ശക്തമായ ചൂടോടെയാണ് കടന്നുപോകുന്നത്. ദിവസേന താപനില ഉയരുമ്പോൾ കേരളം വെന്തുരുകുകയാണ്. വേനൽച്ചൂട് കടുക്കുമ്പോൾ എസി ഇല്ലാതെ പറ്റില്ല എന്ന അവസ്ഥയാണ് ഇപ്പോൾ. എന്നാൽ മാസാവസാനം വരുന്ന കറൻ്റ് ബില്ല് കണ്ട് ഷോക്ക് അടിക്കാതിരിക്കാനും ശ്രദ്ധിക്കണം. വീട്ടിൽ എസി ഉണ്ടെങ്കിലും കറൻ്റ് ബില്ല് കുടുമെന്ന ഭയത്താൽ അത് ഉപയോഗിക്കാത്തവരും, അതുപോലെ പുതിയത് ഒന്ന് വാങ്ങാൻ മടിക്കുന്നവരും ഏറെയാണ്.
എന്നാൽ എസി ഉപയോഗിച്ചുകൊണ്ട് തന്നെ കറൻ്റ് ബിൽ കുറയ്ക്കാൻ പറ്റിയാലോ. അതെ എസി ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ചൂട് അറിയുകയുമില്ല, വൈദ്യുതി ബില്ല് പകുതിയോളം കുറയ്ക്കാനും സാധിക്കും. ശരിയായ രീതിയിൽ എങ്ങനെ എസി പ്രവർത്തിപ്പിക്കാമെന്ന് നമുക്ക് നോക്കാം.
മാജിക് ട്രിക്: പലരും എസി ഓൺ ചെയ്താലുടൻ 16 അല്ലെങ്കിൽ 18 ഡിഗ്രിയിലാണ് അദ്യം ഇടുന്നത്. എന്നാൽ ഇത് മുറി വേഗത്തിൽ തണുപ്പിക്കുമെന്നുള്ള വെറും തെറ്റിദ്ധാരണയാണ്. ഇങ്ങനെ ചെയ്താൽ കംപ്രസർ കൂടുതൽ സമയം പ്രവർത്തിക്കാൻ കാരണമാവുകയും വൈദ്യുതി പാഴാക്കുകയും ചെയ്യും. വിദഗ്ധരുടെ നിർദ്ദേശ പ്രകാരം 24°C ആണ് മനുഷ്യശരീരത്തിന് ഏറ്റവും നല്ല താപനില. ഓരോ ഡിഗ്രി കൂട്ടുമ്പോഴും ഏകദേശം അറ് ശതമാനം വൈദ്യുതി ലാഭിക്കാൻ സാധിക്കും.
എസിക്കൊപ്പം ഫാൻ ഉപയോഗിക്കുന്നത്; എസി പ്രവർത്തിപ്പിക്കുമ്പോൾ സീലിംഗ് ഫാൻ കുറഞ്ഞ സ്പീഡിൽ ഇടുന്നത് നല്ലതാണ്. ഇത് എസിയിൽ നിന്ന് പുറത്തുവരുന്ന തണുപ്പിനെ മുറിയുടെ എല്ലാ ഭാഗങ്ങളിലേക്കും വേഗത്തിൽ എത്തിക്കുകയും മുറി വേഗം തണുക്കുകയും ചെയ്യുന്നു. ഇത് കറൻ്റ് ബില്ല് കുറയ്ക്കാൻ പറ്റിയ മാർഗമാണ്.
വാതിലുകളും ജനലുകളും: മുറിയിലെ ചെറിയ വിടുവുകളിലൂടെ പോലും തണുപ്പ് പുറത്തുപോകുന്നത് കറൻ്റ് ബില്ല് വർദ്ധിപ്പിക്കും. അതിനാൽ എസി ഉപയോഗിക്കുമ്പോൾ വാതിലുകൾക്കും ജനലുകൾക്കും പുറമെ എക്സ്ഹോസ്റ്റ് ഫാനുകൾ ഉൾപ്പെടെ അടച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. കർട്ടനുകൾ ഉപയോഗിക്കുന്നത് പുറത്തെ ചൂട് അകത്തേക്ക് കടക്കുന്നത് കുറയ്ക്കുന്നു.
സർവീസിംഗ് മറക്കരുത്: എസിയുടെ ഫിൽട്ടറുകളിൽ പൊടി അടിഞ്ഞുകൂടുന്നത് വായുസഞ്ചാരത്തെ തടസ്സപ്പെടുത്തുകയും അസുഖങ്ങൾക്ക് കാരണമാകുകയും ചെയ്യും. ഇത് കംപ്രസറിന് കൂടുതൽ ജോലി ചെയ്യാൻ പ്രേരിപ്പിക്കുകയും വൈദ്യുതി കൂടുതൽ വലിച്ചെടുക്കാൻ കാരണമാവുകയും ചെയ്യും. മാസത്തിലൊരിക്കലെങ്കിലും ഫിൽട്ടറുകൾ വൃത്തിയാക്കുന്നത് വൈദ്യുതി ലാഭിക്കാൻ സഹായിക്കും.
സ്ലീപ്പ് മോഡ് ഉപയോഗിക്കാം: രാത്രിയിൽ ഉറങ്ങിക്കഴിഞ്ഞാൽ നമ്മുടെ ശരീരത്തിന് പകൽ സമയത്തെ അത്രയും ചൂട് അനുഭവപ്പെടില്ല. എസിയിലെ ‘Sleep Mode’ ഉപയോഗിക്കുകയാണെങ്കിൽ ഓരോ മണിക്കൂർ കൂടുമ്പോഴും തണുപ്പ് നേരിയ തോതിൽ സ്വയം ക്രമീകരിക്കും. പുലർച്ചെ എസി തനിയെ ഓഫ് ആകാൻ ‘Timer’ സെറ്റ് ചെയ്യുന്നതും നല്ലതാണ്. അതല്ലെങ്കിൽ ഒരു മണിക്കൂർ എസി ഇട്ടിട്ട് പിന്നീട് ഫാനിട്ട് ഉറങ്ങിയാൽ മതിയാകും.