Shubhanshu Shukla: കാരറ്റ് ഹൽവ, മാമ്പഴ ജ്യൂസ്, ചെറുപയർ ഹൽവ…; ശുഭാംശു ശുക്ല ബഹിരാകാശത്തേക്ക് കൊണ്ടുപോയത് ഇവയെല്ലാം
Shubhanshu Shukla Took Carrot Hulwa In ISS: ഇന്ത്യ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയതിലും രാജ്യത്തിന്റെ കൂട്ടായ നേട്ടത്തിലും അഭിമാനമുണ്ടെന്ന് ശുക്ല ആദ്യ പ്രതികരണത്തിൽ പറഞ്ഞിരുന്നു. ബഹിരാകാശത്തേക്ക് ക്യാരറ്റ് ഹൽവയും മാമ്പഴ ജ്യൂസും അടക്കം കൊണ്ടുവന്നതായി ശുഭാൻഷു വ്യക്തമാക്കി. അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദർശിച്ച ആദ്യ ഇന്ത്യക്കാരനായ വ്യക്തിയാണ് ശുഭാൻഷു ശുക്ല.

Shubhanshu Shukla, Prime Minister Narendra Modi
കഴിഞ്ഞ കുറച്ച് ദിവസമായി ഏതൊരു ഇന്ത്യക്കാരൻ്റെയും ഉള്ളിലെ ആകാംക്ഷയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ച ശുഭാൻഷു ശുക്ലയുടെ വിവരങ്ങൾ അറിയാൻ. ഇപ്പോഴിതാ താൻ എന്തെല്ലാമാണ് ബഹിരാകാശ നിലയത്തിലേക്ക് കൊണ്ടുപോയതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. ബഹിരാകാശത്തേക്ക് ക്യാരറ്റ് ഹൽവയും മാമ്പഴ ജ്യൂസും അടക്കം കൊണ്ടുവന്നതായി ശുഭാൻഷു വ്യക്തമാക്കി. അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദർശിച്ച ആദ്യ ഇന്ത്യക്കാരനായ വ്യക്തിയാണ് ശുഭാൻഷു ശുക്ല.
ബഹിരാകാശത്തെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ആദ്യ സംഭാഷണത്തിലാണ് ശുക്ല താൻ കൊണ്ടുവന്ന ഇന്ത്യൻ വിഭവങ്ങളെക്കുറിച്ച് പറഞ്ഞത്. പരമ്പരാഗത ഇന്ത്യൻ മധുരപലഹാരങ്ങളായ കാരറ്റ് ഹൽഹവയും, ചെറുപയർ ഹൽവയും, മാമ്പ ജ്യൂസും അടക്കം സഹ ബഹിരാകാശയാത്രികർക്ക് നൽകിയതായും ശുഭാൻഷു പറഞ്ഞു. ഇവയെല്ലാം അവർക്ക് വളരെയധികം ഇഷ്ടമായതായും അവർ ഇന്ത്യൻ വിഭവങ്ങൾ ആസ്വദിച്ച് കഴിച്ചതായും മോദിയുമായുള്ള സംസാരത്തിനിടെ ശുക്ല വ്യക്തമാക്കി. പ്രധാനമന്ത്രി മോദിയുമായുള്ള സംഭാഷണത്തിനുശേഷം തനിക്ക് വളരെ വൈകാരികവും സന്തോഷവും തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ ഭൂമിയിൽ അതിർത്തികളൊന്നുമില്ലെന്നും ശുക്ല പറഞ്ഞു. ആക്സിയം -4 ദൗത്യത്തിന്റെ മിഷൻ പൈലറ്റാണ് ശുക്ല. അദ്ദേഹത്തോടൊപ്പം യുഎസിലെ മിഷൻ കമാൻഡർ പെഗ്ഗി വിറ്റ്സൺ, പോളണ്ടിൽ നിന്നുള്ള മിഷൻ സ്പെഷ്യലിസ്റ്റുകളായ സാവോസ് ഉസ്നാൻസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരും ബഹിരാകാശത്തേക്ക് പോയിട്ടുണ്ട്.
ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് ബുധനാഴ്ചയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആക്‌സിയം-4 ദൗത്യം വിക്ഷേപിച്ചത്. സ്‌പേസ് എക്‌സ് ഡ്രാഗൺ ബഹിരാകാശ പേടകം 28 മണിക്കൂർ യാത്ര പൂർത്തിയാക്കിയ ശേഷമാണ് ഐഎസ്‌എസിന്റെ ഹാർമണി മൊഡ്യൂളിൽ ഡോക്കിംഗ് പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. ഇന്ത്യ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയതിലും രാജ്യത്തിന്റെ കൂട്ടായ നേട്ടത്തിലും അഭിമാനമുണ്ടെന്ന് ശുക്ല ആദ്യ പ്രതികരണത്തിൽ പറഞ്ഞിരുന്നു.