IPL 2026 Auction: കുമാര്‍ കുബേരയായി കൊല്‍ക്കത്തയെത്തും, പ്രഭാകര പ്രഭുവായി ചെന്നൈ വിലസും; ഫ്രാഞ്ചെസികളും പഴ്‌സിലെ തുകയും
IPL Auction 2026 Slots and Purse Remaining: പിഎല്‍ താരലേലത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും, ചെന്നൈ സൂപ്പര്‍ കിങ്‌സും കാശ് വീശിയെറിയും. കോടികളാണ് ഈ ഫ്രാഞ്ചെസികളുടെ പഴ്‌സിലുള്ളത്
ഐപിഎല്‍ താരലേലത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും, ചെന്നൈ സൂപ്പര്‍ കിങ്‌സും കാശ് വീശിയെറിയുമ്പോള്‍, നോക്കി വെള്ളമിറക്കാനാകും പല ഫ്രാഞ്ചെസികളുടെയും വിധി. മാട്ടുപ്പെട്ടി മച്ചാനിലെ കുമാര്‍ കുബേരയെയും, പ്രഭാകര പ്രഭുവിനെയും പോലെ കാശ് വിഷയമല്ല ഇരു ഫ്രാഞ്ചെസികള്‍ക്കും. നോട്ടമിടുന്ന താരത്തെ പൊക്കാന്‍ 64.3 കോടി രൂപയാണ് കൊല്‍ക്കത്തയുടെ കീശയിലുള്ളത്. അത്രത്തോളമില്ലെങ്കിലും ഒരു അങ്കത്തിനുള്ള ബാല്യം ചെന്നൈയ്ക്കുമുണ്ട്. 43.4 കോടി രൂപയാണ് ചെന്നൈയുടെ സേവിങ്‌സ്.
ലാവിഷായി രണ്ട് ഫ്രാഞ്ചെസികള്‍ക്കും പണം ചെലവഴിക്കാമെങ്കില്‍, മറ്റ് ടീമുകളുടെ അവസ്ഥ പരിതാപകരമാണ്. പ്രത്യേകിച്ചും മുംബൈ ഇന്ത്യന്‍സിന്റെ. മുണ്ട് മുറുക്കിയുടുത്ത് മാത്രമേ മുംബൈയ്ക്ക് ലേലത്തിനെത്താനാകൂ. 2.75 കോടി രൂപ മാത്രമാണ് മുംബൈയുടെ പണസഞ്ചിയില്‍ ബാക്കിയുള്ളത്. നികത്താനായി അഞ്ച് സ്ലോട്ടുകള്‍ ബാക്കിയുണ്ട് താനും. താരലേലത്തില്‍ മുംബൈയില്‍ നിന്നു കാര്യമായൊന്നും പ്രതീക്ഷിക്കേണ്ടെന്ന് ചുരുക്കം.
ഇതാണ് ഓരോ ടീമുകളുടെയും അവസ്ഥ !
| ഫ്രാഞ്ചെസി | പഴ്‌സിലുള്ള തുക | ബാക്കിയുള്ള സ്ലോട്ട് |
| സിഎസ്‌കെ | 43.4 കോടി രൂപ | 9 |
| ഡിസി | 21.8 കോടി രൂപ | 8 |
| ജിടി | 12.9 കോടി രൂപ | 5 |
| കെകെആര്‍ | 64.3 കോടി രൂപ | 13 |
| എല്‍എസ്ജി | 22.95 കോടി രൂപ | 6 |
| എംഐ | 2.75 കോടി രൂപ | 5 |
| പിബികെഎസ് | 11.5 കോടി രൂപ | 4 |
| ആര്‍സിബി | 16.4 കോടി രൂപ | 8 |
| ആര്‍ആര്‍ | 16.05 കോടി രൂപ | 9 |
| എസ്ആര്‍എച്ച് | 25.5 കോടി രൂപ | 10 |
അടിസ്ഥാന വില
- 2 കോടി രൂപ അടിസ്ഥാന തുകയില്‍ 40 താരങ്ങള്‍
- 1.15 കോടി രൂപ അടിസ്ഥാന തുകയില്‍ 9 താരങ്ങള്‍
- 1.25 കോടി രൂപ അടിസ്ഥാന തുകയില്‍ 4 താരങ്ങള്‍
- 1 കോടി രൂപ അടിസ്ഥാന തുകയില്‍ 17 താരങ്ങള്‍
- 75 ലക്ഷം രൂപ അടിസ്ഥാന തുകയില്‍ 44 താരങ്ങള്‍
- 50 ലക്ഷം രൂപ അടിസ്ഥാന തുകയില്‍ 4 താരങ്ങള്‍
- 40 ലക്ഷം രൂപ അടിസ്ഥാന തുകയില്‍ 7 താരങ്ങള്‍
- 30 ലക്ഷം രൂപ അടിസ്ഥാന തുകയില്‍ 234 താരങ്ങള്‍
വിഭാഗങ്ങള്‍
- ഓൾറൗണ്ടർമാർ: 139
- ഫാസ്റ്റ് ബൗളർമാർ: 92
- ബാറ്റർമാർ: 47
- സ്പിന്നർമാർ: 43
- വിക്കറ്റ് കീപ്പർമാർ: 38
ലേലനടപടികള്‍ എങ്ങനെ?
42 സെറ്റുകളിലായി 359 താരങ്ങളെയാണ് ലേലത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. താരങ്ങളുടെ റോള്‍, ക്യാപ്ഡ്/അൺകാപ്പ്ഡ്, ബേസ് പ്രൈസ് ബാൻഡുകൾ എന്നിവ അനുസരിച്ചാണ് 42 സെറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നത്. മാർക്വീ താരങ്ങള്‍ക്കുള്ള സെറ്റ് നമ്പർ 1 മുതൽ ലേലം ആരംഭിക്കും. പ്രമുഖ താരങ്ങളുടെ ലേലം ആദ്യം നടക്കാനാണ് സാധ്യത. അണ്‍ക്യാപ്ഡ് താരങ്ങളില്‍ മിക്കവര്‍ക്കും 30 ലക്ഷം രൂപയാണ് അടിസ്ഥാനത്തുക.