Kochi Water Metro: തിരക്ക് മറികടക്കാന്‍ തിരക്കിട്ട പദ്ധതി; കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് പുതിയ പ്ലാന്‍
Kochi Water Metro Extended Hours: കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ് (കെഡബ്ല്യുഎംഎൽ) സര്‍വീസുകള്‍ വര്‍ധിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. തിരക്ക് വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് നീക്കം. സര്‍വീസുകളുടെ സമയവും ദീര്‍ഘിപ്പിച്ചേക്കും
കൊച്ചി: ഹൈക്കോടതി-ഫോർട്ട് കൊച്ചി റൂട്ടിലെ തിരക്ക് കണക്കിലെടുത്ത് കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ് (കെഡബ്ല്യുഎംഎൽ) സര്‍വീസുകള്‍ വര്‍ധിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരാഴ്ചയായി യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ക്രിസ്മസ് അവധിയും, പുതുവര്‍ഷവും കണക്കിലെടുക്കുമ്പോള്‍ തിരക്ക് ഇനിയും വര്‍ധിക്കാനാണ് സാധ്യത. ഈ സാഹചര്യത്തിലാണ് സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നതും, സമയം നീട്ടുന്നതും അധികൃതര്‍ പരിഗണിക്കുന്നത്. അധിക രണ്ട് ബോട്ടുകള്‍ വിന്യസിക്കുന്നതിനും ആലോചനയുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
നിലവിൽ, കെഡബ്ല്യുഎംഎൽ ഈ റൂട്ടിൽ പ്രതിദിനം 30-ലധികം ട്രിപ്പുകളാണ് നടത്തുന്നത്. ഹൈക്കോടതി ടെർമിനലിൽ നിന്ന് ആദ്യ സർവീസ് രാവിലെ 8 മണിക്ക് പുറപ്പെടും. അവസാന ബോട്ട് രാത്രി 8.10 നാണ് പുറപ്പെടുന്നത്. അവധിക്കാല തിരക്ക് കണക്കിലെടുത്ത് അവസാന സര്‍വീസിന്റെ സമയം ദീര്‍ഘിപ്പിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ഈ സാഹചര്യത്തില്‍ അവസാന സര്‍വീസ് സമയം ദീര്‍ഘിപ്പിക്കാനും കെഡബ്ല്യുഎംഎൽ പദ്ധതിയിടുന്നു.
ക്രിസ്മസ്, പുതുവര്‍ഷ അവധികളുടെ പശ്ചാത്തലത്തില്‍ നിരവധി പേര്‍ വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്യാനെത്താനാണ് സാധ്യത. സ്‌കൂള്‍ അവധി കണക്കിലെടുത്ത് നിരവധി കുടുംബങ്ങളും യാത്ര ചെയ്യാനെത്തിയേക്കാം. കൊച്ചി-മുസിരിസ് ബിനാലെ ആരംഭിക്കുന്നതും യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കും.
Also Read: Kochi Metro: കൊച്ചിയുടേത് ‘കൊച്ചു’ മെട്രോയല്ല; അങ്കമാലി വരെയെത്തും; ആദ്യ പണി തുടങ്ങി
സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ ബിനാലെയില്‍ പങ്കെടുക്കാന്‍ എത്താറുണ്ട്. വാട്ടര്‍ മെട്രോയിലെ തിരക്ക് വന്‍ തോതില്‍ ഉയര്‍ന്നേക്കാമെന്നാണ് വിലയിരുത്തല്‍. ഈ പശ്ചാത്തലത്തില്‍ അധിക സര്‍വീസുകളും, സര്‍വീസുകളുടെ സമയം നീട്ടുന്നതും അത്യന്താപേക്ഷിതമായിരിക്കുകയാണ്.
നേരത്തെ, ഓണക്കാലത്തും തിരക്ക് വര്‍ധിച്ച പശ്ചാത്തലത്തില്‍ സര്‍വീസുകളുടെ സമയം നീട്ടിയിരുന്നു. ആ സമയത്ത് ഹൈക്കോടതി-ഫോർട്ട് കൊച്ചി സർവീസുകൾ 10 മിനിറ്റ് ഇടവേളയിൽ ക്രമീകരിച്ചിരുന്നു. രാത്രി ഒമ്പത് വരെ സര്‍വീസുകള്‍ ദീര്‍ഘിപ്പിക്കുകയും ചെയ്തു. സമാന തന്ത്രമാണ് ഇത്തവണയും നടപ്പിലാക്കാന്‍ കെഡബ്ല്യുഎംഎൽ ഒരുങ്ങുന്നത്. പുതുക്കിയ ഷെഡ്യൂളിന്റെ വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നാണ് വിവരം.