Kochi: കൊച്ചിക്കാർ ഇനി ഗതാഗത കുരുക്കിൽ വലയേണ്ട; ഫ്ലൈ ഓവറുകളും എലിവേറ്റഡ് റോഡുകളും ഉടൻ!
നിലവിലുള്ള എടപ്പള്ളി ഫ്ലൈഓവറിൽ നിന്ന് ഏതാനും നൂറ് മീറ്റർ മാറിയാണ് 650 മീറ്റർ നീളമുള്ള ഈ ഫ്ലൈഓവറുകൾ നിലവിൽ വരുന്നത്. ഒന്ന് ഓബറോൺ മാളിനടുത്തും മറ്റൊന്ന് ലുലു മാളിന്റെ പ്രവേശന കവാടത്തിനടുത്തുമായിരിക്കും ഉണ്ടാവുക.
കൊച്ചി നഗരം നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ഗതാഗത കുരുക്ക്. എന്നാൽ അവയെ മറിക്കടക്കാനുള്ള വമ്പൻ പദ്ധതികൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. അതിന് മുന്നോടിയായി രണ്ട് ഫ്ലൈഓവറുകളുടെ നിർമ്മാണം അടുത്ത വർഷം മെയ് മാസത്തോടെ പൂർത്തിയാകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്‌ക അറിയിച്ചിട്ടുണ്ട്.
എറണാകുളം-എടപ്പള്ളി ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ നിർദ്ദേശിച്ചിട്ടുള്ള രണ്ട് ഫ്ലൈഓവറുകളുടെ നിർമ്മാണമാണ് അടുത്ത വർഷം പൂർത്തിയാകുന്നത്. എറണാകുളം എംപി ഹൈബി ഈഡന്റെ ചോദ്യങ്ങൾക്ക് സഭയിൽ മറുപടി നൽകുകയായിരുന്നു മന്ത്രി.
ദേശീയപാതകളായ എൻഎച്ച് 66-ഉം 544ഉം സംഗമിക്കുന്ന പ്രധാന ജംഗ്ഷനായ എടപ്പള്ളിയിൽ കടുത്ത ഗതാഗതക്കുരുക്ക് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എൻഎച്ച് 66 വീതികൂട്ടുന്നതിന്റെ ഭാഗമായി 50 മീറ്റർ വീതിയുള്ള രണ്ട് ഫ്ലൈഓവർ-കം-അണ്ടർപാസുകൾ ഇവിടെ നിർമിക്കും. ഫ്ലൈഓവറുകളുടെ ഘടനാപരമായ ജോലികൾ പൂർത്തിയായിട്ടുണ്ട്. നിലവിൽ അവയിലേക്കുള്ള അപ്രോച്ച് റോഡുകളുടെ നിർമ്മാണം പുരോഗമിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
നിലവിലുള്ള എടപ്പള്ളി ഫ്ലൈഓവറിൽ നിന്ന് ഏതാനും നൂറ് മീറ്റർ മാറിയാണ് 650 മീറ്റർ നീളമുള്ള ഈ ഫ്ലൈഓവറുകൾ നിലവിൽ വരുന്നത്. ഒന്ന് ഓബറോൺ മാളിനടുത്തും മറ്റൊന്ന് ലുലു മാളിന്റെ പ്രവേശന കവാടത്തിനടുത്തുമായിരിക്കും ഉണ്ടാവുക. പ്രധാന ജംഗ്ഷനുകളിൽ ഗതാഗതം തത്സമയം നിരീക്ഷിക്കാനും നിയന്ത്രിക്കാനുമായി ഒരു ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്‌റ്റം സ്ഥാപിക്കുമെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേർത്തു.
ഫ്ലൈ ഓവറുകൾ കൂടാതെ, ഗതാഗത സൗകര്യങ്ങൾക്കായി മറ്റ് പദ്ധതികളും ഒരുങ്ങുന്നുണ്ട്. കുമ്പളം-തേവര പാലം, പിഴല-കടമക്കുടി പാലം, വടുതല റെയിൽവേ മേൽപ്പാലം എന്നിവയുടെ നിർമ്മാണം അടുത്ത ഏതാനും ആഴ്‌ചകൾക്കുള്ളിൽ തന്നെ ആരംഭിച്ചേക്കുമെന്നാണ് സൂചന. അങ്കമാലി-കുണ്ടന്നൂർ ബൈപാസ് എട്ട് വരിയാക്കുന്നതുമായുള്ള ചർച്ചകൾ നടക്കുന്നുണ്ട്.