Health Alert: നിങ്ങൾ കിടന്നാൽ ഉടൻ ഉറങ്ങുന്നവരാണോ? എങ്കിൽ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക
Sleep Hygiene: അമിത വേഗത്തിൽ ഉറങ്ങുന്നത് എപ്പോഴും സുഖകരമായ ഉറക്കമാകണമെന്നില്ല. ഇതിന് പിന്നിൽ പല കാരണങ്ങൾ ഉണ്ട്. അതിൽ പ്രധാനമാണ് സ്ലീപ്പ് അപ്നിയ.

പ്രതീകാത്മക ചിത്രം
തലയിണയിൽ തല വെച്ചാലുടൻ ഉറക്കത്തിലേക്ക് വഴുതിവീഴുന്നത് ഒരു ഭാഗ്യമായി കരുതുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കുക. മിനിറ്റുകൾക്കുള്ളിൽ ഉറങ്ങിപ്പോകുന്നത് നിങ്ങളുടെ ശരീരം നേരിടുന്ന ഗുരുതരമായ ഉറക്കക്കുറവിന്റെയോ മറ്റ് ആരോഗ്യപ്രശ്നങ്ങളുടെയോ ലക്ഷണമാകാം എന്ന് ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
നമ്മുടെ ഉറക്കത്തിന്റെ ഗുണനിലവാരവും ആരോഗ്യവും അളക്കാൻ ‘ഉറക്കത്തിലേക്ക് കടക്കാൻ എടുക്കുന്ന സമയം’ (Sleep Onset Latency) സഹായിക്കുമെന്ന് ഡോക്ടർമാർ പറയുന്നു. ഒരാൾ കിടന്ന് പത്ത് മുതൽ ഇരുപത് മിനിറ്റിനുള്ളിൽ ഉറങ്ങുന്നതാണ് സ്വാഭാവികവും ആരോഗ്യകരവുമായ രീതി. ഇത് ശരീരത്തിന്റെ ആന്തരിക ക്ലോക്ക് (Circadian Rhythm) കൃത്യമാണെന്ന് സൂചിപ്പിക്കുന്നു.
കിടന്ന് അഞ്ച് മിനിറ്റിനുള്ളിൽ തന്നെ ഉറക്കം വരുന്നത് ‘സ്ലീപ്പ് ഡെപ്രിവേഷൻ’ അഥവാ ശരീരത്തിന് ആവശ്യമായ ഉറക്കം ലഭിക്കാത്ത അവസ്ഥയുടെ സൂചനയാണ്. ജോലിഭാരമുള്ളവർ, ഷിഫ്റ്റ് ജോലി ചെയ്യുന്നവർ എന്നിവരിലാണ് ഇത് പ്രധാനമായും കാണപ്പെടുന്നത്.
വേഗത്തിലുള്ള ഉറക്കത്തിന് പിന്നിലെ വില്ലന്മാർ
അമിത വേഗത്തിൽ ഉറങ്ങുന്നത് എപ്പോഴും സുഖകരമായ ഉറക്കമാകണമെന്നില്ല. ഇതിന് പിന്നിൽ പല കാരണങ്ങൾ ഉണ്ട്. അതിൽ പ്രധാനമാണ് സ്ലീപ്പ് അപ്നിയ. ഉറക്കത്തിൽ ശ്വാസം തടസ്സപ്പെടുന്ന അവസ്ഥയാണിത്. ഇത് ഉറക്കത്തിന്റെ ആഴം കുറയ്ക്കുന്നു. ഗുണനിലവാരമില്ലാത്ത ഉറക്കവും പ്രശ്നമാണ്. രാത്രിയിൽ പലതവണ ഉണരുന്നതിനാൽ ശരീരം അമിതമായി തളരുകയും അടുത്ത തവണ കിടക്കുമ്പോൾ വേഗത്തിൽ ഉറക്കത്തിലേക്ക് വീഴാൻ ശ്രമിക്കുകയും ചെയ്യുന്നു.
സമ്മർദ്ദമുണ്ടാക്കുന്ന ഹോർമോണായ കോർട്ടിസോളിന്റെ വ്യതിയാനങ്ങളും ഉറക്കത്തെ ബാധിക്കാം. ദീർഘനാളായി മതിയായ ഉറക്കം ലഭിക്കാത്തത് മസ്തിഷ്കത്തിന്റെ പ്രവർത്തനത്തെ തളർത്തുന്നു എന്നും പഠനങ്ങൽ പറയുന്നു.
എപ്പോൾ വൈദ്യസഹായം തേടണം?
എത്ര ഉറങ്ങിയാലും പകൽ സമയത്ത് അമിതമായ ക്ഷീണം തോന്നുക, രാവിലെ ഉണരുമ്പോൾ കഠിനമായ തലവേദന അനുഭവപ്പെടുക, ഉറക്കത്തിൽ അമിതമായ കൂർക്കംവലിയോ ശ്വാസം നിലയ്ക്കുന്ന അവസ്ഥയോ ഉണ്ടാവുക എന്നീ ലക്ഷണങ്ങൾ പ്രശ്നമാണ്. പെട്ടെന്ന് ഉറങ്ങുകയും എന്നാൽ ഈ പറയുന്ന ലക്ഷണങ്ങൾ അനുഭവപ്പെടുകയും ചെയ്യുന്നുണ്ടെങ്കിൽ ഒരു ഡോക്ടറെ കാണാൻ മടിക്കരുത്.