Kerala Rain Travel Ban: പേമാരി തുടരുന്നു! ഈ സ്ഥലങ്ങളിലേക്കുള്ള യാത്ര മാറ്റിവെച്ചോളൂ; കർശന നിയന്ത്രണം
Kerala Travel Ban Due To Rain: ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതകൾ മുന്നിൽക്കണ്ട് സംസ്ഥാനത്തെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലും മലയോര പാതകളിലും ജില്ലാ ഭരണകൂടങ്ങൾ കർശന വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ നിങ്ങൾ യാത്ര പുറപ്പെടാൻ ഉദ്ദേശിക്കുന്ന റൂട്ടിൽ രാത്രികാല യാത്രാ നിരോധനമുണ്ടോ എന്നതും വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിക്കുന്നുണ്ടോ എന്നതും ഉറപ്പുവരുത്തേണ്ടതാണ്. മഴ വ്യാപകമായി തുടരുന്ന പശ്ചാത്തലത്തിൽ വിവിധ ജില്ലകളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലാണ് പ്രവേശനം നിരോധനം ഏർപ്പെടുത്തിയത്.
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ദുരന്ത സാധ്യത കണക്കിലെടുത്ത് മലയോര മേഖലകളിലേക്കുള്ള യാത്രയ്ക്ക് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ദുരന്തനിവാരണ അതോറിറ്റിയാണ് നിർദ്ദേശങ്ങളും നിയന്ത്രണവും പുറപ്പെടുവിച്ചിരിക്കുന്നത്. അവധിക്കാലത്തോ വാരാന്ത്യങ്ങളിലോ നിയന്ത്രണമുള്ള സ്ഥലങ്ങളിലേക്ക് യാത്ര പ്ലാൻ ചെയ്തവർ പ്ലാനുകൾ മാറ്റിവെക്കുന്നതാണ് നിലവിലെ സാഹചര്യത്തിൽ സുരക്ഷിതം. കനത്ത മഴയെ തുടർന്ന് റോഡ് ഗതാഗതം തടസ്സപ്പെടുകയും വിനോദസഞ്ചാര കേന്ദ്രങ്ങൾ അടയ്ക്കുകയും ചെയ്ത പ്രധാന പ്രദേശങ്ങളും യാത്രാ നിരോധനം നിലനിൽക്കുന്ന റൂട്ടുകളും ഏതെല്ലാമെന്ന് പരിശോധിക്കാം.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതകൾ മുന്നിൽക്കണ്ട് സംസ്ഥാനത്തെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലും മലയോര പാതകളിലും ജില്ലാ ഭരണകൂടങ്ങൾ കർശന വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ നിങ്ങൾ യാത്ര പുറപ്പെടാൻ ഉദ്ദേശിക്കുന്ന റൂട്ടിൽ രാത്രികാല യാത്രാ നിരോധനമുണ്ടോ എന്നതും വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിക്കുന്നുണ്ടോ എന്നതും ഉറപ്പുവരുത്തേണ്ടതാണ്.
ALSO READ: ശക്തമായ മഴ; പൊൻമുടി അടച്ചു, പാലക്കാട് മലയോര മേഖലയിലേക്കും പ്രവേശനമില്ല
കേരളത്തിൽ നിരോധനം ഏർപ്പെടുത്തി സ്ഥലങ്ങൾ
മഴ വ്യാപകമായി തുടരുന്ന പശ്ചാത്തലത്തിൽ വിവിധ ജില്ലകളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലാണ് പ്രവേശനം നിരോധനം ഏർപ്പെടുത്തിയത്. അതിരപ്പള്ളി വെള്ളച്ചാട്ടത്തിൻ്റെ ഭാഗത്ത് അതിശക്തമായ മഴ തുടരുന്ന പശ്ചാതലത്തിൽ നീരൊഴുക്ക് ശക്തമാണ്. അതിനാൽ അവിടെയുള്ള വിനോദ സഞ്ചാര കേന്ദ്രം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുറക്കില്ല. കൊല്ലം ജില്ലയിലെ പാലരുവി, കുംഭാവുരുട്ടി വെള്ളച്ചാട്ടങ്ങളും പൂർണമായും അടച്ചു. തൃശ്ശൂർ ജില്ലയിലെ പീച്ചി ഡാമിലേക്കും സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ കല്ല്, മാർമല അരുവി എന്നിവ അടച്ചു. ഓഗസ്റ്റ് നാല് വരെയാണ് അടച്ചത്.
പത്തനംതിട്ടയിലും അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലകളിലേക്കുള്ള യാത്ര നിരോധിച്ചു. കൂടാതെ പമ്പാ നദിയിലൂടെയുള്ള ബോട്ടിങ്ങിനും ആറന്മുള വള്ളസദ്യയ്ക്കും നിയന്ത്രണമുണ്ട്. ഓഗസ്ത് എട്ട് വരെയാണ് രാത്രികാല യാത്രയ്ക്ക് നിയന്ത്രണം. ഓസ്റ്റ് 6 വരെ ജില്ലയിലെ ക്വാറി ക്രഷർ യൂണിറ്റുകൾ പ്രവർത്തിക്കാൻ പാടില്ലെന്നും നിർദേശമുണ്ട്. കാസർകോട്ടും ക്വാറികളുടെ പ്രവർത്തനം നിരോധിച്ചു.
ഈരാറ്റുപേട്ട വാഗമൺ റോഡിലും കുട്ടിക്കാനം മുതൽ മുണ്ടക്കയം വരെയുള്ള റോഡിലും രാത്രികാല യാത്ര നിരോധിച്ചിട്ടുണ്ട്. താമരശേരി ചുരം വഴി അവശ്യയാത്രകളല്ലാതെ മറ്റെല്ലാ യാത്രകളും ഒഴിവാക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. വയനാട് ജില്ലയിൽ നിന്ന് കോഴിക്കോട്ടേക്കും കോഴിക്കോട് ജില്ലയിൽ നിന്നു വയനാട്ടിലേക്കുമുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണമായും ഒഴിവാക്കണം. നിലവിൽ വയനാട്ടിലുള്ള വിനോദ സഞ്ചാരികൾ സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നും നിർദേശമുണ്ട്.
പാലക്കാട് ജില്ലയിൽ മലയോര മേഖലയിലും സഞ്ചാരികൾക്ക് യാത്രാ നിയന്ത്രണം ഏർപ്പെടുത്തി. ജില്ലയിലെ നെല്ലിയാമ്പതി ഉൾപ്പടെ മലയോര മേഖലയിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. മലമ്പുഴയിലെ കവയിലും സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്.
ഇടുക്കി ജില്ലയിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും പൊതുജനങ്ങളും വിനോദസഞ്ചാരികളും അതീവ ജാഗ്രത പാലിക്കണമെന്നും ജില്ല കലക്ടർ അഭ്യർഥിച്ചിട്ടുണ്ട്. നിലവിൽ ജില്ലയിലുള്ള എല്ലാ വിനോദസഞ്ചാരികളും സുരക്ഷിതമായ താമസസ്ഥലങ്ങളിൽ തന്നെ തുടരണമെന്നും നിർദേശമുണ്ട്. തിരുവനന്തപുരം ജില്ലയിലെ പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രവും അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇവിടേക്ക് പ്രവേശനം ഉണ്ടാകില്ല.
English Summary:
Heavy rain continues Across Kerala. Check the complete district-wise list of closed tourist places, night travel bans, and disaster management guidelines before traveling.