Railway Coach Restaurant: കേരളത്തിലെ ആദ്യ ‘ട്രെയിൻ റെസ്റ്റോറൻ്റ്’ പയ്യന്നൂരിൽ! പ്രത്യേകതകളും വിശേഷങ്ങളും
Kerala First Railway Coach Restaurant: നിലവിൽ പുലർച്ചെ അഞ്ച് മണി മുതൽ പിറ്റേന്ന് പുലർച്ചെ രണ്ട് മണി വരെയാണ് റെസ്റ്റോറന്റ് തുറന്ന് പ്രവർത്തിക്കുന്നത്. വൈകാതെ തന്നെ ഇത് 24 മണിക്കൂറും പ്രവർത്തിക്കുന്ന രീതിയിലേക്ക് മാറുമെന്ന് അധികൃതർ അറിയിച്ചിരുന്നു. ട്രെയിൻ കോച്ചിനുള്ളിൽ ഒരേസമയം 48 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന വിപുലമായ സൗകര്യമാണുള്ളത്. ഇതുകൂടാതെ പ്ലാറ്റ്‌ഫോമിലും പുറത്തുമായി അധിക ഇരിപ്പിടങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
പല തരത്തിലുള്ള രുചികളും റെസ്റ്റോറൻ്റുകളും കേരളത്തിൻ്റെ ഏത് ഭാഗത്ത് ചെന്നാലും നമ്മളെ അത്ഭുതപ്പെടുത്താറുണ്ട്. ജില്ലകൾ മാറുമ്പോൾ രുചി മാറുന്ന കേരളതനിമയുടെ സവിശേഷത കൂടുതൽ മനോഹരമാക്കുന്ന മറ്റൊരു പൊൻതൂവലാണ് ട്രെയിൻ റെസ്റ്റോറന്റ്. കണ്ണൂർ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ കേരളത്തിലെ ആദ്യത്തെ ‘റെയിൽവേ കോച്ച് റെസ്റ്റോറന്റ്’ (Rail Coach Restaurant) ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു.’ജുജു എക്സ്പ്രസ്’ എന്ന് പേരിട്ടിരിക്കുന്ന ഈ വേറിട്ട ഭക്ഷണശാല റെയിൽവേ യാത്രക്കാർക്കും നാട്ടുകാർക്കും ഒരുപോലെയുള്ള അനുഭവമാണ് സമ്മാനിക്കുന്നത്.
ALSO READ: യു.എ,ഇയുടെ സകല സൗന്ദര്യവും അടുത്തറിയാൻ ഇതിലും മികച്ചൊരു യാത്ര വേറെയില്ല!
ട്രെയിൻ റെസ്റ്റോറന്റിൻ്റെ പ്രത്യേകതകൾ
നിലവിൽ പുലർച്ചെ അഞ്ച് മണി മുതൽ പിറ്റേന്ന് പുലർച്ചെ രണ്ട് മണി വരെയാണ് റെസ്റ്റോറന്റ് തുറന്ന് പ്രവർത്തിക്കുന്നത്. വൈകാതെ തന്നെ ഇത് 24 മണിക്കൂറും പ്രവർത്തിക്കുന്ന രീതിയിലേക്ക് മാറുമെന്ന് അധികൃതർ അറിയിച്ചിരുന്നു. ട്രെയിൻ കോച്ചിനുള്ളിൽ ഒരേസമയം 48 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന വിപുലമായ സൗകര്യമാണുള്ളത്. ഇതുകൂടാതെ പ്ലാറ്റ്‌ഫോമിലും പുറത്തുമായി അധിക ഇരിപ്പിടങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. പയ്യന്നൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിന് സമീപമാണ് ഈ റെസ്റ്റോറന്റ് സ്ഥിതി ചെയ്യുന്നത്.
തത്സമയം ഭക്ഷണം തയാറാക്കി നൽകുന്ന ലൈവ് കിച്ചൺ, പെട്ടെന്ന് ഭക്ഷണം വാങ്ങി പോകാനായി പിക്കപ്പ് കൗണ്ടർ, ശുചിമുറി സൗകര്യം എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. സേവനം നിർത്തലാക്കിയ പഴയ റെയിൽവേ കോച്ച് മനോഹരമായി പുനരുദ്ധരിച്ചാണ് അത്യാധുനിക രീതിയിലുള്ള റെസ്റ്റോറന്റാക്കി മാറ്റിയിരിക്കുന്നത്. റെയിൽവേയുടെ നോൺ-ഫെയർ റെവന്യൂ പദ്ധതിയുടെ ഭാഗമായാണ് ഈ സംരംഭം നടപ്പിലാക്കിയിട്ടുള്ളത്.
വിഭവങ്ങളും വിലവിവരങ്ങളും
പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ ആരംഭിച്ച കേരളത്തിലെ ആദ്യത്തെ റെയിൽ കോച്ച് റെസ്റ്റോറന്റായ ‘ജുജു എക്സ്പ്രസി’ലെ വിഭവങ്ങളെക്കുറിച്ച് അറിയാനുള്ള തിരക്കും സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. സാധാരണ പ്രീമിയം റെസ്റ്റോറന്റുകളിൽ നിന്ന് പയ്യന്നൂർ റെയിൽവേ സ്റ്റേഷനിലെ ജുജു എക്സ്പ്രസിനെ വ്യത്യസ്തമാക്കുന്നത് അതിലെ ആകർഷകവും മിതമായതുമായ വിലയാണ്. റെയിൽവേ അംഗീകരിച്ച നിർദ്ദിഷ്ട നിരക്കുകളിലായിരിക്കും ഇവിടെ യാത്രക്കാർക്കും പൊതുജനങ്ങൾക്കും ഭക്ഷണം ലഭ്യമാക്കുകയെന്ന് അധികൃതർ വ്യക്തമാക്കി.
നാടൻ രുചികൾ മുതൽ അത്യാധുനിക ഫ്യൂഷൻ വിഭവങ്ങൾ വരെ ഉൾപ്പെടുന്ന 90-ൽ അധികം ഭക്ഷണ സാധനങ്ങളാണ് ജുജു എക്സ്പ്രസിന്റെ മെനുവിലുള്ളത്. വെറും 60 രൂപയ്ക്ക് പരമ്പരാഗത രീതിയിലുള്ള രുചികരമായ മീൻകറിയോട് കൂടിയ ഊണ് ഇവിടെ ലഭ്യമാണ്. സ്ഥിരമായി യാത്ര ചെയ്യുന്നവർക്കും ജോലിക്കാർക്കും താങ്ങാനാകുന്ന വിലയാണിത്. കടൽവിഭവങ്ങളും സ്പെഷ്യൽ നോൺ-വെജ് ഐറ്റങ്ങളും ആഗ്രഹിക്കുന്നവർക്കായി 580 രൂപയുടെ പ്രീമിയം ജുജു സ്പെഷ്യൽ ക്രീമി അൽഫാം വരെയുള്ള വിപുലമായ നിര തന്നെ മെനുവിലുണ്ട്.
തനി കണ്ണൂർ ശൈലിയിലുള്ള ബിരിയാണി, ചൈനീസ് വിഭവങ്ങൾ, ഷവർമ, സ്നാക്സുകൾ, തത്സമയം തയ്യാറാക്കുന്ന ചൂടുള്ള പാനീയങ്ങൾ എന്നിവയും മെനുവിന്റെ ഏറ്റവും വലിയ ആകർഷണമാണ്. റെയിൽവേ യാത്രക്കാർക്ക് പോക്കറ്റ് ചോരാതെ മികച്ച അന്തരീക്ഷത്തിൽ ഗുണനിലവാരമുള്ള ഭക്ഷണം കഴിക്കാനുള്ള അപൂർവ്വ അവസരമാണ് ഈ റെയിൽ കോച്ച് റെസ്റ്റോറന്റിലൂടെ ഒരുങ്ങിയിരിക്കുന്നത്.
ഒരു ത്രീ-ടയർ എസി കോച്ച് ഉപയോഗിച്ചാണ് ഈ റെസ്റ്റോറന്റ് വളരെ മനോഹരമായി ഒരുക്കിയിരിക്കുന്നത്. രാമന്തളി റോഡിന് അരികിലായി പ്രത്യേകം നിർമ്മിച്ച ട്രാക്കിലാണ് ഈ കോച്ച് സ്ഥാപിച്ചിരിക്കുന്നത്. സമാനമായ മറ്റൊരു റെസ്റ്റോറന്റ് ഉടൻ തന്നെ പാലക്കാടും മറ്റ് ജില്ലകളിലും ആരംഭിക്കുമെന്നാണ് ഇപ്പോഴുള്ള റിപ്പോർട്ട്.
English Summary:
Kerala’s Payyanur has opened the state’s first railway coach restaurant, named Juju Express, in its premises today. The unique dining spot, located near the station’s platform number 1, will function from 5 am to 2 am the next day.