Mangaladevi Trekking: കൊടുംവനത്തിലെ കണ്ണകി ക്ഷേത്രം; മംഗളാദേവി വനയാത്ര എപ്പോൾ? അറിയേണ്ടത്
Idukki Mangaladevi Trekking 2026: വിശ്വാസികളും സഞ്ചാരികളും ഒരുപോലെ ഇഷ്ടപ്പെടുന്ന യാത്രയാണ് മംഗളാദേവി വനയാത്ര. ഈ വർഷത്തെ മംഗളാദേവി വനയാത്രയെക്കുറിച്ച് ഔദ്യോഗിക റിപ്പോർട്ടുകളൊന്നും പുറത്തുവന്നിട്ടില്ല. എന്നാൽ മുൻ വർഷങ്ങളിലേക്ക് നോക്കിയാൽ മെയ് ആദ്യവാരമാണ് സാധാരണയായി ഇവിടേക്കുള്ള യാത്ര നടത്തുന്നത്. കേരള-തമിഴ്‌നാട് സർക്കാരുകൾ സംയുക്തമായാണ് ഇവിടെ വർഷത്തിലൊരിക്കൽ ഉത്സവം സംഘടിപ്പിക്കുന്നത്.

Mangaladevi Temple
കേരളത്തിലെ ഏറ്റവും പുരാതന ക്ഷേത്രത്തിലൊന്നാണ് മംഗള വനത്തിനുള്ളിലെ മംഗളാ ദേവി (Mangaladevi Temple) ക്ഷേത്രം. ഇടുക്കി ജില്ലയിലെ കുമളിയിൽ പെരിയാർ കടുവ സംരക്ഷണ കേന്ദ്രത്തിലാണ് മംഗളാ ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വർഷത്തിൽ ഒരേയൊരു ദിവസം മാത്രമാണ് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിക്കൂ എന്നതാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. വർഷത്തിലെ ചിത്ര പൗർണ്ണമി നാളിലാണ് ക്ഷേത്രം തുറന്ന് ആചാരങ്ങൾ നടക്കുന്നത്.
വിശ്വാസികളും സഞ്ചാരികളും ഒരുപോലെ ഇഷ്ടപ്പെടുന്ന യാത്രയാണ് മംഗളാദേവി വനയാത്ര. ഈ വർഷത്തെ മംഗളാദേവി വനയാത്രയെക്കുറിച്ച് ഔദ്യോഗിക റിപ്പോർട്ടുകളൊന്നും പുറത്തുവന്നിട്ടില്ല. എന്നാൽ മുൻ വർഷങ്ങളിലേക്ക് നോക്കിയാൽ മെയ് ആദ്യവാരമാണ് സാധാരണയായി ഇവിടേക്കുള്ള യാത്ര നടത്തുന്നത്.
ALSO READ: ആരെയും മയക്കുന്ന തണുപ്പ്; വേനൽക്കാല യാത്ര ഊട്ടിയിലേക്ക് തന്നെ
മംഗളാദേവി വനയാത്രയുടെ പ്രത്യേകത
മധുരാ നഗരം ദഹിപ്പിച്ച ശേഷം കണ്ണകി ഇവിടെ വെച്ചാണ് സ്വർഗ്ഗാരോഹണം ചെയ്തതെന്നാണ് വിശ്വാസകൾക്കിടയിലെ പുരാതന ഐതിഹ്യം. ക്ഷേത്രത്തിന് ഏകദേശം 2000 വർഷത്തോളം പഴക്കമുള്ളതായി പറയപ്പെടുന്നു. വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്നതിനാൽ അന്നേ ദിവസം തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും അറിഞ്ഞും കേട്ടും ഭക്തർ ഇവിടെയെത്താറുണ്ട്. കുമളിയിൽ നിന്ന് ഏകദേശം 12 കിലോമീറ്ററാണ് ഇവിടേക്കുള്ള ദുരം. 12 കിലോമീറ്റർ കൊടുംവനത്തിലൂടെ ഓഫ്-റോഡ് ജീപ്പ് യാത്രയും വേണം.
മറ്റൊരു പ്രത്യേകത എന്തെന്നാൽ കേരള-തമിഴ്‌നാട് സർക്കാരുകൾ സംയുക്തമായാണ് ഇവിടെ വർഷത്തിലൊരിക്കൽ ഉത്സവം സംഘടിപ്പിക്കുന്നത്. ഈ ഒരു ദിവസം മാത്രമേ വനംവകുപ്പ് ഇവിടേക്കുള്ള പ്രവേശനം അനുവദിക്കുകയുള്ളൂ. രാവിലെ ആറ് മണി മുതൽ വൈകിട്ട് നാവ് മണി വരെയാണ് സാധാരണയായി പ്രവേശനം അനുവദിക്കുന്നത്. വനംവകുപ്പ് അനുവദിച്ചിട്ടുള്ള ടാക്സി ജീപ്പുകളിലാണ് ക്ഷേത്രത്തിലേക്ക് എത്തിച്ചേരേണ്ടത്.
സമുദ്രനിരപ്പിൽ നിന്നും ഏകദേശം 1337 മീറ്റർ ഉയരത്തിൽ, പശ്ചിമഘട്ടത്തിൻ്റെ മുകളിലായാണ് മംഗളാദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കരിങ്കല്ലുകൾ ചതുരക്കഷണങ്ങളാക്കി അടുക്കിവച്ചിട്ടുള്ള പുരാതന നിർമ്മാണ ശൈലിയിലൂടെയാണ് ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്. ചില തർക്കങ്ങൾ ഉള്ളതിനാൽ, ചിത്രപൗർണ്ണമി ദിവസം ക്ഷേത്രങ്ങളിൽ ഒന്നിൽ കേരളത്തിലെയും മറ്റൊന്നിൽ തമിഴ്നാട്ടിലെയും പൂജാരിമാരാണ് പൂജ ചെയ്യുന്നത്.
യാത്രയ്ക്ക് പോകും മുമ്പ് അറിയേണ്ടത്
പെരിയാർ വന്യജീവി സംരക്ഷണ കേന്ദ്രത്തിനുള്ളിലൂടെയാണ് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം അനുവദിക്കുന്നത്. സ്വകാര്യ വാഹനങ്ങൾ ഈ പ്രദേശത്ത് കൂടി കടത്തിവിടുകയില്ല. പ്രത്യേക അനുമതി ലഭിച്ച ടാക്സി ജീപ്പുകളിലോ അല്ലെങ്കിൽ 15 കിലോമീറ്റർ നടന്നോ മാത്രമാണ് ആളുകൾ ഇവിടേക്ക് അന്നേ ദിവസം എത്തുന്നത്. വർഷത്തിൽ ഒരിക്കൽ മാത്രമെ ഭക്തർക്ക് മംഗളാദേവിയിൽ എത്തിച്ചേരാനാകൂ.
മംഗളാദേവി ഉൾപ്പെടുന്ന പെരിയാർ ടൈഗർ റിസർവ്വ് വനം വകുപ്പിന്റെ കർശന നിരീക്ഷണത്തിലായതിനാൽ നിയമം ലംഘിക്കുന്നതവർക്കെതിരെ ശിക്ഷ ലഭിക്കാനുള്ള സാധ്യതയുണ്ട്. വനത്തിനുള്ളിലേക്ക് പ്ലാസ്റ്റിക് കുപ്പികളോ കവറുകളോ കൊണ്ടുപോകുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. കടുവ സങ്കേതമായതിനാൽ വനത്തിൻ്റെ നിയമങ്ങൾ കർശനമായി പാലിച്ചായിരിക്കണം യാത്ര.