Train Travel: മലനിരകളിലൂടെ ട്രെയിൻ യാത്ര; ഇന്ത്യയിലെ ഈ സ്ഥലങ്ങളിൽ പോയിട്ടുണ്ടോ
Beautiful Mountain Train Travel: ഇന്ത്യയിൽ ഏറ്റവും നന്നായി ട്രെയിൻ യാത്ര ആസ്വദിക്കാനാകുന്ന ചില സ്ഥലങ്ങളുണ്ട്. ഈ സ്ഥലങ്ങളിലൂടെ ജീവിതത്തിൽ ഒരിക്കലെങ്കിൽ നിങ്ങൾ യാത്ര ചെയ്തില്ലെങ്കിൽ അത് തീരാ നഷ്ടമായേക്കും. അത്തരം ചില സ്ഥലങ്ങൾ ഏതെല്ലാമെന്ന് പരിചയപ്പെടാം.

Train Travel
ഇന്ത്യയിൽ അന്നും ഇന്നും ആളുകൾ യാത്രകൾക്കായി ആശ്രയിക്കുന്ന ട്രെയിനാണ്. ട്രെയിൻ യാത്രയിലെ കാഴ്ച്ചകളും അനുഭവങ്ങളും പലർക്കും മറക്കാനാകാത്ത ചില ഓർമ്മകൾ സമ്മാനിക്കാറുണ്ട്. ഇന്ത്യയിൽ ഏറ്റവും നന്നായി ട്രെയിൻ യാത്ര ആസ്വദിക്കാനാകുന്ന ചില സ്ഥലങ്ങളുണ്ട്. ഈ സ്ഥലങ്ങളിലൂടെ ജീവിതത്തിൽ ഒരിക്കലെങ്കിൽ നിങ്ങൾ യാത്ര ചെയ്തില്ലെങ്കിൽ അത് തീരാ നഷ്ടമായേക്കും. അത്തരം ചില സ്ഥലങ്ങൾ ഏതെല്ലാമെന്ന് പരിചയപ്പെടാം.
ഡാർജിലിംഗ് ഹിമാലയൻ റെയിൽവേ
ഡാർജിലിംഗ് ടോയ് ട്രെയിൻ യാത്ര വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഒന്നാണ്. തെയിലതോട്ടങ്ങളും, വലിയ തുരങ്കങ്ങളും, നോക്കത്താ ദൂരത്ത് പരന്നു കിടക്കുന്ന മലനിരകളും താണ്ടിയുള്ള ഈ യാത്ര ജീവിതത്തിൽ ഒരിക്കലെങ്കിലും ആസ്വദിക്കണം. ഡാർജിലിംഗ് ഹിമാലയൻ തീവണ്ടിപ്പാത പശ്ചിമ ബംഗാളിലെ സിൽഗുരിയെയും ഡാർജിലിംഗിനെയും ബന്ധിപ്പിക്കുന്ന 88 കി.മീ. നീളമുള്ള നാരോ ഗേജ് റെയിൽവേയാണ്. 1879-1881 കാലഘട്ടത്തിൽ നിർമ്മിച്ച ഇവ, 1999-ൽ യുനെസ്കോ ലോക പൈതൃക പദവി സ്വന്തമാക്കി. ഹിമാലയൻ മലനിരകളിലൂടെയുള്ള അതിമനോഹരമായ കാഴ്ചകൾക്ക് ഈ ടോയ് ട്രെയിൻ പ്രശസ്തമാണ്.
ALSO READ: കേരളത്തിലെ സ്വിറ്റ്സർലൻഡ് ഇതാണ്; തട്ടേക്കാട് ഗ്രീൻ മെഡോസ് കാണാൻ പോകാം
നീലഗിരി മൗണ്ടൻ റെയിൽവേ
തമിഴ്‌നാട്ടിലെ മേട്ടുപ്പാളയം, ഊട്ടി എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന അതിമനോഹരമായ യാത്ര സമ്മാനിക്കുന്ന ഒന്നാണ് നീലഗിരി മൗണ്ടൻ റെയിൽവേ. ഇന്ത്യയിലെ ഏറ്റവും വേഗം കുറഞ്ഞ സർവീസ് ആണ് നീലഗിരി മൗണ്ടൻ റെയിൽവേ. മേട്ടുപ്പാളയം-ഊട്ടി പാസഞ്ചർ ട്രെയിൻ എന്നും ഈ ട്രെയിൻ സർവീസ് അറിയപ്പെടാറുണ്ട്. ഊട്ടിയിലെ മേട്ടുപ്പാളയം റെയിൽവേ സ്റ്റേഷനും ഉദഗമണ്ഡലം റെയിൽവേ സ്റ്റേഷനും ഇടയിലാണ് ഇത് ഓടുന്നത്. അതുകൊണ്ടുതന്നെ ഇതിനെ ഊട്ടി ടോയ് ട്രെയിൻ എന്നും വിളിക്കാറുണ്ട്.
കൽക്ക ഷിംല റെയിൽവേ
1903-ൽ ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലത്ത് നിർമ്മിച്ചതാണ് കൽക്ക-ഷിംല റെയിൽവേ. 100-ലധികം തുരങ്കങ്ങളിലൂടെ കടന്നുപോകുന്ന ഈ പാത, യാത്രക്കാർക്ക് എന്നും വിസ്മയമാണ്. ഷിംലയിലെത്താൻ ഇതിലും മനോഹരമായ ഒരു പാത വേറെയില്ലെന്ന് തന്നെ പറയാം. പേടിപ്പെടുത്തുന്ന ഉയരങ്ങളിലുള്ള പാലങ്ങളും മലനിരകളും മറ്റ് ട്രെയിൻ യാത്രയിൽ നിന്ന് വ്യത്യസ്തമായി സാഹസികതയും നിങ്ങൾക്ക് സമ്മാനിക്കുന്നു.
മതേരൻ റെയിൽവേ
വിനോദസഞ്ചാരികൾക്കിടയിൽ ഏറ്റവും കൂടുതൽ പ്രശസ്തമായ സ്ഥലങ്ങളിൽ ഒന്നാണ് മഹാരാഷ്ട്രയിലെ റായ്‌ഗഡ് ജില്ലയിലുള്ള മാതേരൻ. അതിമനോഹരമായ ഹിൽ സ്റ്റേഷനാണിത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 800 മീറ്റർ ഉയരത്തിലാണ് മാതേരൻ സ്ഥിതി ചെയ്യുന്നത്. മാതേരയിലെ ടോയ് ട്രെയിൻ സർവീസാണ് ആളുകളെ ഇവിടേക്ക് കൂടുതൽ ആകർഷിക്കുന്നത്. 21 കിലോമീറ്റർ ദൂരമുള്ള ഈ റൂട്ടിലെ യാത്ര സുരക്ഷാ കാരണങ്ങളാൽ എല്ലാ വർഷവും മഴക്കാലത്ത് താൽക്കാലികമായി നിർത്തിവയ്ക്കാറുണ്ട്.