Parvathi Puthanar Boat Service: രാജപാതയിലൂടെ ഒരു ജലയാത്ര; പാർവതി പുത്തനാർ ബോട്ട് സർവീസ് ഓണക്കാലത്ത് ആരംഭിക്കും
Parvathi Puthanar Boat Service Details: കാലക്രമേണ, റോഡ്, റെയിൽ ഗതാഗതം തുടങ്ങിയവ ജനപ്രിയമായപ്പോൾ ജലപാതയിലൂടെയുള്ള യാത്രകൾ മെല്ലെ നിലച്ചു. ഇപ്പോഴിതാ, വേളി മുതൽ കഠിനക്കുളം വരെയുള്ള പാർവതി പുത്തനാർ നദിയിലെ സർവീസ് പുനരാരംഭിക്കാനൊരുങ്ങുകയാണ് കേരള സർക്കാർ. ഓണത്തോടനുബന്ധിച്ച് ഈ സർവീസ് ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

Parvathy Puthanar
വർഷങ്ങൾക്ക് മുമ്പ്, രാജകുടുംബത്തിൻ്റെ ഭരണകാലത്ത്, കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് ഒരു ജനപ്രിയ ബോട്ട് സർവീസ് ഉണ്ടായിരുന്നു. തലസ്ഥാനത്ത് നിന്നുള്ള വ്യാപാരികൾ പത്മനാഭസ്വാമി ക്ഷേത്രത്തിലേക്കുള്ള സാധനങ്ങൾ, പൂക്കൾ എന്നിവ കൊണ്ടുപോകുന്നതിനും മറ്റുമാണ് ഈ ജലപാത ഉപയോഗിച്ചിരുന്നത്. എന്നാൽ കാലക്രമേണ, റോഡ്, റെയിൽ ഗതാഗതം തുടങ്ങിയവ ജനപ്രിയമായപ്പോൾ ജലപാതയിലൂടെയുള്ള യാത്രകൾ മെല്ലെ നിലച്ചു. ഇപ്പോഴിതാ, വേളി മുതൽ കഠിനക്കുളം വരെയുള്ള പാർവതി പുത്തനാർ നദിയിലെ (Parvathi Puthanar Boat Service) സർവീസ് പുനരാരംഭിക്കാനൊരുങ്ങുകയാണ് കേരള സർക്കാർ. ഓണത്തോടനുബന്ധിച്ച് ഈ സർവീസ് ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
തിരുവിതാംകൂറിന്റെ ചരിത്രത്തോടും സംസ്കാരത്തോടും ചേർന്നുനിൽക്കുന്ന ഒന്നാണ് പാർവതി പുത്തനാർ. തിരുവിതാംകൂറിലെ മുൻ ഭരണാധികാരിയായിരുന്ന റാണി ഗൗരി പാർവതി ബായിയുടെ പേരിൽ അറിയപ്പെടുന്ന ഈ ജലപാത അവരുടെ ഭരണകാലത്താണ് നിർമ്മിക്കപ്പെട്ടത്. സ്വാഭാവികമായി ഒഴുകിയിരുന്ന ഒരു അരുവി ആഴത്തിൽ കുഴിച്ച്, വള്ളക്കടവ് മുതൽ വർക്കല വരെയുള്ള കായലുകളെ തമ്മിൽ ബന്ധിപ്പിച്ചാണ് പാർവതി പുത്തനാർ നിർമ്മിച്ചത്.
ALSO READ: പോക്റ്റ് കീറാതെ ദുബായ് കണ്ടുവരാം; ട്രിപ്പ് പ്ലാൻ ചെയ്യുമ്പോൾ ഇത് അറിഞ്ഞിരിക്കണം
അക്കാലത്ത് സാധന സാമഗ്രികളും കാർഷിക ഉൽപ്പന്നങ്ങളും എളുപ്പത്തിലും സുരക്ഷിതമായും എത്തിക്കുന്നതിനുള്ള പ്രധാന ചരക്കുപാതയായിരുന്നു ഇത്. ഇന്നത്തെ ഹൗസ് ബോട്ടുകൾക്ക് മാതൃകയായ വലിയ ‘കെട്ടുവള്ളങ്ങൾക്ക്’ സുഗമമായി സഞ്ചരിക്കാൻ തക്കവണ്ണം വീതിയിലും ആഴത്തിലുമാണ് ഈ ജലപാത രൂപകൽപ്പന ചെയ്തത്. വർഷങ്ങളായി ചെളിയും പായലും മൂടിക്കിടന്നിരുന്ന ഈ കനാൽ വീണ്ടെടുത്ത് ജലഗതാഗതത്തിന് സജ്ജമാക്കുന്നതോടെ, തിരുവനന്തപുരത്തിന്റെ വിനോദസഞ്ചാരമേഖലയ്ക്കും പൊതുഗതാഗതത്തിനും അതൊരു വലിയ മാറ്റമാണ് ഉണ്ടാക്കുക.
പഴയ രാജപാതയിലൂടെയുള്ള ഈ ബോട്ട് യാത്ര തലസ്ഥാനവാസികൾക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ മികച്ച ഓണസമ്മാനമായിരിക്കും. അതിമനോഹരമായ പ്രകൃതിസൗന്ദര്യത്താൽ അനുഗ്രഹീതാണ് പാർവതി പുത്തനാറിൻ്റെ തീരങ്ങൾ. സമീപകാലത്ത് പാർവതി പുത്തനാർ വാർത്തകളിൽ നിറഞ്ഞുനിന്നത് 2011-ൽ നടന്ന നടുക്കുന്നൊരു ദുരന്ത വാർത്തയുടെ പേരിലാണ്. കുഞ്ഞുങ്ങളുമായി പോയ ഒരു സ്കൂൾ ബസ് കനാൽ തീരത്തുനിന്ന് പുത്തനാറിലേക്ക് മറിഞ്ഞ്, 17 പിഞ്ചുകുഞ്ഞുങ്ങളും അവരുടെ ആയയും വെള്ളത്തിൽ മുങ്ങിമരിച്ചിരുന്നു. ഈ മഹാദുരന്തത്തിന് വെറും ആറുമാസം മുമ്പ്, സമാനമായ മറ്റൊരു അപകടത്തിലും ആറ് പിഞ്ചുകുഞ്ഞുങ്ങൾക്ക് ജീവൻ പൊലിഞ്ഞിരുന്നു.
പുതിയ സർവീസ് ഇങ്ങനെ
വിനോദസഞ്ചാരികൾക്കായി ഇവിടെ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ബോട്ട് സർവീസ് അവതരിപ്പിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. 4.5 മണിക്കൂർ ദൈർഘ്യമുള്ള യാത്രയാണ് പുതിയ ബോട്ട് സർവീസിലൂടെ ലക്ഷ്യമിടുന്നത്. വേളിയിൽ നിന്ന് ആരംഭിക്കുന്ന സർവീസ് കഠിനംകുളം, ചാന്നങ്കര എന്നിവിടങ്ങളിലാണ് നിർത്തുന്നതാണ്. ഈ സ്റ്റോപ്പുകളിലെ ബോട്ട് ജെട്ടികളുടെ നിർമ്മാണം പൂർത്തിയായി. തിരുവനന്തപുരം, പാർവതി പുത്തനാർ, അഞ്ചുതെങ്ങ് ഫോർട്ട് എന്നിവയുടെ ചരിത്രം വിവരിക്കുന്നതിനുള്ള ഗൈഡുകളും സർവീസിൽ ഉണ്ടാകും. കേരള വാട്ടർവേയ്‌സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡാണ് ഇത് നടത്തുന്നത്.
English Summary:
Kerala government is all set to restart the service on the Parvathi Puthanar River, from Veli to Kadhinakkulam. The service is expected to be launched around Onam.