KSRTC Lakshadweep Travel: കെഎസ്ആർടിസിയിൽ ലക്ഷദ്വീപിലേക്ക് പോകാം; ചെലവ് ഇത്രയും കുറവോ, വിവരങ്ങൾ ഇതാ
KSRTC Lakshadweep Travel Guide: നീലനിറത്തിലുള്ള അറബിക്കടലിലും വെള്ളമണൽത്തീരങ്ങളും കൊണ്ട് സഞ്ചാരികളെ മോഹിപ്പിക്കുന്ന ലക്ഷദ്വീപിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സന്തോഷ വാർത്ത. പലപ്പോഴും വലിയ തുക ചെലവ് വരുന്നുവെന്ന് കരുതിയാണ് പലരും ലക്ഷദ്വീപ് യാത്ര വേണ്ടെന്ന് വയ്ക്കുന്നത്. എന്നാൽ ഇനി ആർക്കും ബജറ്റിലൊതുങ്ങുന്ന നിരക്കിൽ ലക്ഷദ്വീപ് കണ്ടുമടങ്ങാം. പെർമിറ്റ് നടപടികൾ മുതൽ താമസവും ഭക്ഷണവും വരെ ഉൾപ്പെടുന്ന ഈ കെഎസ്ആർടിസി പാക്കേജിന്റെ പ്രധാന സവിശേഷതകളാണ്.

Ksrtc Lakshadweep Travel
ലക്ഷദ്വീപിലേക്ക് ജീവിതത്തിൽ ഒരിക്കലെങ്കിലും പോകണമെന്നത് പലരും ആഗ്രഹിക്കുന്ന ഒരു യാത്രയാണ്. നീലനിറത്തിലുള്ള അറബിക്കടലിലും വെള്ളമണൽത്തീരങ്ങളും കൊണ്ട് സഞ്ചാരികളെ മോഹിപ്പിക്കുന്ന ലക്ഷദ്വീപിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സന്തോഷ വാർത്ത. പലപ്പോഴും വലിയ തുക ചെലവ് വരുന്നുവെന്ന് കരുതിയാണ് പലരും ലക്ഷദ്വീപ് യാത്ര വേണ്ടെന്ന് വയ്ക്കുന്നത്. എന്നാൽ ഇനി ആർക്കും ബജറ്റിലൊതുങ്ങുന്ന നിരക്കിൽ ലക്ഷദ്വീപ് കണ്ടുമടങ്ങാം. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ല് ഇപ്പോഴിതാ, വിനോദസഞ്ചാരികൾക്കായി ഏറ്റവും ആകർഷകവും ചെലവ് കുറഞ്ഞതുമായ നിരക്കിൽ ലക്ഷദ്വീപ് ടൂർ പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ആരംഭിക്കുന്ന മൂന്ന് രാത്രിയും നാല് പകലുകളും നീളുന്ന ഈ പാക്കേജിലൂടെ, അമിത ചെലവുകളെക്കുറിച്ച് ആകുലപ്പെടാതെ തന്നെ മനോഹരമായി ഈ കുഞ്ഞ് ദ്വീപ് ആസ്വദിക്കാം. അഗത്തി, കൽപ്പിത്തി ദ്വീപുകളുടെ വന്യമായ ഭംഗി നേരിട്ടുകാണാൻ കിട്ടുന്ന സുവർണാവസരമാണിത്. പെർമിറ്റ് നടപടികൾ മുതൽ താമസവും ഭക്ഷണവും വരെ ഉൾപ്പെടുന്ന ഈ കെഎസ്ആർടിസി പാക്കേജിന്റെ പ്രധാന സവിശേഷതകളാണ്. ഈ യാത്രയെക്കുറിച്ച് കൂടുതൽ അറിയാം.
ALSO READ: കുട്ടികൾക്ക് ഫ്രീ, പോകറ്റ് കീറാതെ കെഎസ്ആർടിസി ഗോവ യാത്ര; ബുക്ക് ചെയ്യാം
യാത്രയുടെ കൂടുതൽ വിവരങ്ങൾ
ഒന്നാം ദിവസം കൊച്ചിയിൽ നിന്ന് അഗത്തി വിമാനത്താവളത്തിലേക്കുള്ള വിമാനയാത്രയോടെയാണ് യാത്ര ആരംഭിക്കുന്നത്. ഉച്ചയ്ക്ക് ശേഷം അഗത്തിയിലെ പ്രാദേശിക വിനോദസഞ്ചാര കേന്ദ്രങ്ങളായ ലഗൂൺ ബീച്ച്, വെസ്റ്റേൺ ജെട്ടി, സൗത്ത് ബീച്ച്, ഈസ്റ്റേൺ ജെട്ടി എന്നിവ സന്ദർശിക്കും. വൈകുന്നേരം കണ്ണിന് കുളിർമയേകുന്ന അന്ധൻ ബീച്ചിലെ സൂര്യാസ്തമയ ഭംഗി ആസ്വദിക്കുന്നതോടെ ആദ്യ ദിനം പൂർത്തിയാകും.
രണ്ടാം ദിവസം, സാഹസികതയും ജലവിനോദങ്ങളും ഇഷ്ടപ്പെടുന്നവർക്കായി മാറ്റിവെച്ചിരിക്കുന്ന ദിനമാണ്. അറബിക്കടലിലെ ക്രിസ്റ്റൽ ക്ലിയർ വെള്ളത്തിൽ സ്നോർക്കലിംഗ്, നീന്തൽ, ആഴക്കടൽ ബോട്ട് സഫാരി എന്നിവ താല്പര്യമുള്ളവർക്ക് അത് ആസ്വദിക്കാം. മൂന്നാം ദിവസം കടലിനടിയിലെ പവഴപ്പുറ്റുകളും വർണ്ണമത്സ്യങ്ങളെയും സുതാര്യമായി കാണാൻ സഹായിക്കുന്ന ഗ്ലാസ്-ബോട്ടം ബോട്ട് സവാരിയോടെ ആരംഭിക്കുന്നു. തുടർന്ന് കൂറ്റൻ കടലാമകളെ അടുത്തുകാണാനും കയാക്കിംഗ് നടത്താനും സൗകര്യമുണ്ട്.
ഉച്ചയ്ക്ക് ശേഷം സ്വകാര്യ ബോട്ടിൽ ആളൊഴിഞ്ഞതും അതിമനോഹരവുമായ കൽപ്പിത്തി ദ്വീപിലേക്ക് യാത്ര ചെയ്യും. അവസാന ദിനത്തിൽ കൊച്ചിയിലേക്ക് മടങ്ങുന്നതിന് മുൻപായി അഗത്തിയിലെ പ്രാദേശിക വിപണികൾ സന്ദർശിക്കാം. ലക്ഷദ്വീപ് സ്പെഷ്യൽ വിഭവങ്ങൾ, പരമ്പരാഗത മീൻ അച്ചാറുകൾ, തെങ്ങിൻ വിഭവങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവ വാങ്ങാൻ ആവശ്യത്തിന് സമയം ലഭിക്കും. തുടർന്ന് അഗത്തി എയർപോർട്ടിൽ നിന്ന് കൊച്ചിയിലേക്ക് മടക്കയാത്ര.
യാത്രക്കാർ അറിയേണ്ടത്
കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ ഉള്ളതിനാൽ, ലക്ഷദ്വീപ് പ്രവേശന പെർമിറ്റിനായി ആവശ്യമായ തിരിച്ചറിയൽ രേഖകൾ യാത്രയ്ക്ക് കുറഞ്ഞത് 17 ദിവസം മുമ്പെങ്കിലും നിങ്ങൾ സമർപ്പിക്കേണ്ടതുണ്ട്. സീറ്റുകൾ ഉറപ്പാക്കുന്നതിനായി ബുക്കിംഗ് സമയത്ത് തന്നെ പാക്കേജ് തുക പൂർണ്ണമായും അടയ്ക്കേണ്ടതാണ്. രണ്ട് വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള കുട്ടികൾക്ക് മുതിർന്നവർക്കുള്ള വിമാന നിരക്ക് ബാധകമായിരിക്കും.
ലക്ഷദ്വീപ് പ്രവേശന പെർമിറ്റ്, വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള യാത്രാ സൗകര്യം, താമസം, ഭക്ഷണം, കാഴ്ചകൾ കാണൽ, ഗ്ലാസ്-ബോട്ടം ബോട്ട് യാത്ര, സ്നോർക്കലിംഗ്, കയാക്കിംഗ്, സൗജന്യ വൈ-ഫൈ, യാത്രാ ഇൻഷുറൻസ് എന്നിവ ഉൾപ്പെടുന്നു. എന്നാൽ, സ്കൂബ ഡൈവിംഗ്, പാരാസെയിലിംഗ് തുടങ്ങിയ സാഹസിക വിനോദങ്ങൾ ഓപ്ഷണലാണ്. ഇതിനായി ഒരാൾക്ക് യഥാക്രമം 4,000, 3,500 എന്നിങ്ങനെ അധിക തുക നൽകേണ്ടതുണ്ട്. നവംബർ 23-ന് ആരംഭിക്കുന്ന ആദ്യ യാത്രയുടെ അടിസ്ഥാന നിരക്ക് 29,500 രൂപയാണ്.
English Summary:
KSRTC Budget Tourism Cell has introduced a brand new, cost-effective tour package to the mesmerising archipelago of Lakshadweep. The tour begins directly from Cochin International Airport.