Munnar’s Strawberry Harvest: മൂന്നാറിലെ മഞ്ഞും സ്ട്രോബെറി മധുരവും! വിളവെടുപ്പ് തുടങ്ങി; നേരിട്ട് പറിക്കാം, ആസ്വദിക്കാം
Munnar Strawberry Harvest 2026: മാർച്ച് മാസത്തിലെ ചുട്ടുപൊള്ളുന്ന ചൂടിനിടെ തണുപ്പ് ആസ്വദിക്കാൻ മുന്നാറിലേക്ക് എത്തുന്ന സഞ്ചാരികൾക്ക് പഴുത്തുനിൽക്കുന്ന സ്ട്രോബെറികൾ ഫാമുകളിൽ നിന്ന് നേരിട്ട് പറിച്ചു കഴിക്കാനുള്ള അവസരം കൂടി ലഭിക്കുന്നു. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ വർഷമാണ് മൂന്നാറിൽ വീണ്ടും സ്ട്രോബെറി കൃഷി ആരംഭിച്ചത്.
മൂന്നാറിലെ കുളിരിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ ഇതാണ് അതിന് ബെസ്റ്റ് സമയം. പ്രകൃതി ഒരുക്കിയ മഞ്ഞിൻ കണികകൾക്കൊപ്പം ചുവന്നു തുടുത്ത നല്ല ഫ്രഷ് സ്ട്രോബെറികളും കഴിക്കാനാകും. നീലക്കുറിഞ്ഞിയും തേയിലത്തോട്ടങ്ങളും മാത്രമല്ല, മൂന്നാറിൽ നിങ്ങളെ കാത്തിരിക്കുന്ന മറ്റൊരു മനോഹരം വിളവെടുപ്പ് കൂടിയുണ്ട്. അതാണ് സ്ട്രോബെറി വിളവെടുപ്പ്.
മാർച്ച് മാസത്തിലെ ചുട്ടുപൊള്ളുന്ന ചൂടിനിടെ തണുപ്പ് ആസ്വദിക്കാൻ മുന്നാറിലേക്ക് എത്തുന്ന സഞ്ചാരികൾക്ക് പഴുത്തുനിൽക്കുന്ന സ്ട്രോബെറികൾ ഫാമുകളിൽ നിന്ന് നേരിട്ട് പറിച്ചു കഴിക്കാനുള്ള അവസരം കൂടി ലഭിക്കുന്നു. മൂന്നാറിലെ ഹോർട്ടികോർപ്പ് ഫാമുകളിലും വട്ടവടയിലെയും കാന്തല്ലൂരിലെയും സ്വകാര്യ തോട്ടങ്ങളിലും നേരിട്ട് ഇവ പറിക്കാനും കഴിക്കാനുമുള്ള സൗകര്യങ്ങളുണ്ട്.
ALSO READ: പഴമയുടെ പച്ചപ്പിൽ അനന്തപുരി കാണാം; കെഎസ്ആർടിസി വിൻ്റേജ് ബസ് നിരക്കും റൂട്ടും അറിയാം
ചെടികളിൽ നിന്ന് സ്വന്തം കൈകൊണ്ട് ഫ്രഷ് സ്ട്രോബെറികൾ തിരഞ്ഞെടുത്ത് പറിക്കുന്നത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ രസകരമായ ഒരു ഓർമ്മയായിരിക്കും. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ വർഷമാണ് മൂന്നാറിൽ വീണ്ടും സ്ട്രോബെറി കൃഷി ആരംഭിച്ചത്. ഒരു കിലോയ്ക്ക് ഏകദേശം 600 രൂപയോളം വിലവരുന്നതാണ്.
ഏകദേശം മൂന്ന് മാസമാണ് ഇവിടെ സ്ട്രോബെറി വിളവെടുപ്പ് നടക്കുക. സാധാരണയായി കൃഷി ആരംഭിക്കുന്നത് ഓഗസ്റ്റിലാണ്. എന്നാൽ കഴിഞ്ഞ വർഷം കാലാവസ്ഥാ വ്യതിയാനങ്ങൾ കാരണം നവംബറിലാണ് കൃഷി ആരംഭിച്ചത്. ഫ്രഷ് പഴങ്ങൾക്ക് പുറമെ പ്രകൃതിദത്തമായ സ്ട്രോബെറി ജാം, പ്രിസർവ്സ് എന്നിവയും ഇവിടെ നിന്ന് വാങ്ങിക്കാൻ സാധിക്കും.
എവിടെ പോകണം?
മൂന്നാർ ടൗണിന് ഏറ്റവും അടുത്തുള്ള സ്ട്രോബെറി ഹബ്ബാണ് ഹോർട്ടികോർപ്പ് ഫാം. സർക്കാർ മേൽനോട്ടത്തിലുള്ള ഇവിടെ കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള സ്ട്രോബെറി ലഭിക്കുന്നതാണ്. സ്ട്രോബെറി ഗ്രാമം എന്നറിയപ്പെടുന്ന വട്ടവടയിലും നല്ലത് കിട്ടുന്നതാണ്. ഇവിടെയുള്ള വിശാലമായ പാടങ്ങൾ സന്ദർശിക്കുന്നത് മറ്റൊരു മനോഹരമായ അനുഭവം കൂടിയാണ്.
എങ്ങനെ എത്തിച്ചേരാം?
മൂന്നാർ ടൗണിൽ നിന്ന് 1.5 കിലോമീറ്റർ അകലെ സൈലന്റ് വാലി റോഡിലാണ് സ്ട്രോബെറി ഫാം സ്ഥിതി ചെയ്യുന്നത്. വിനോദസഞ്ചാരികൾക്ക് രാവിലെ 10 നും വൈകുന്നേരം അഞിനും ഇടയിൽ ഫാം സന്ദർശിക്കാവുന്നതാണ്. സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം രാവിലെയും വൈകുന്നേരവുമാണ്. സർക്കാർ നടത്തുന്ന ഈ സ്ട്രോബെറി ഫാം മൂന്നാറിൽ മാത്രമേ പ്രവർത്തിക്കുന്നുള്ളൂവെങ്കിലും, വട്ടവട, കാന്തല്ലൂർ മേഖലകളിൽ നിരവധി സ്വകാര്യ സ്ട്രോബെറി ഫാമുകൾ പ്രവർത്തിക്കുന്നുണ്ട്.