AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Neelakurinji Blooms: മനംമയക്കുന്ന നീലവസന്തം! മൂന്നാറിൽ മാത്രമല്ല ദാ ഇവിടെയുമുണ്ട് നീലക്കുറിഞ്ഞി പൂക്കൾ

Neelakurinji Blooms At Nilgiri Hills: പശ്ചിമഘട്ടത്തിലെ ചോലക്കാടുകളിലും പുൽമേടുകളിലും വിരിയുന്ന അപൂർവയിനം പൂക്കളാണ് നീലക്കുറിഞ്ഞി. 12 വർഷത്തിലൊരിക്കൽ ഇവ മലനിരകളിലാകെ നീലയും പർപ്പിളും കലർന്ന നിറത്തിൽ പൂത്തുലയുന്നു. നീലഗിരി എന്ന പേരുവന്നതുതന്നെ ഇക്കാരണം കൊണ്ടാണ്. ഒരുതവണ പൂത്തുനിൽക്കുന്ന സ്ഥലത്തായിരിക്കില്ല അടുത്ത തവണ പൂക്കുന്നതെന്ന പ്രത്യേകതയും ഇതിനുണ്ട്. അതിനാൽ 12 വർഷം കൂടുന്നതിന് മുൻപുതന്നെ പലയിടത്തായി പൂക്കൾ കാണും.

Neelakurinji Blooms: മനംമയക്കുന്ന നീലവസന്തം! മൂന്നാറിൽ മാത്രമല്ല ദാ ഇവിടെയുമുണ്ട് നീലക്കുറിഞ്ഞി പൂക്കൾ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 27 Jul 2026 | 12:30 PM

നീലക്കുറിഞ്ഞി വസന്തം എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് ഇടുക്കിയിലെ മൂന്നാറാണ്. എന്നാൽ മൂന്നാറിന് പുറമെ സഞ്ചാരികളെ അതിശയിപ്പിച്ചുകൊണ്ട് നീലഗിരിയിലെ മലനിരകളിലും നീലക്കുറിഞ്ഞികൾ പൂത്തുലഞ്ഞിരിക്കുകയാണ്. ഗൂഡല്ലൂർ താലൂക്കിൽ മലമുകളിലെമ്പാടും പർപ്പിൾ നിറത്തിലുള്ള ഈ പൂക്കൾ നിറഞ്ഞുനിൽക്കുന്ന മനോഹരകാഴ്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. നീലക്കുറിഞ്ഞിയുടെ ഭം​ഗി ആസ്വദിക്കാൻ ദിവസേന ഒട്ടേറെപ്പേരാണ് ഇവിടേക്ക് എത്തുന്നത്.

എന്നാൽ, നീല​ഗിരിയിലെ വനമേഖലയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്ന സ്ഥലങ്ങളിലേക്ക് വിനോദ സഞ്ചാരികൾക്ക് പ്രവേശനമില്ല. ഗൂഡല്ലൂരിൽ അകലെനിന്ന് പൂക്കൾ കാണാവുന്ന ചില കേന്ദ്രങ്ങളിലേക്ക് മാത്രമാണ് ഈ വസന്തം കാണാനായി സഞ്ചാരികൾ എത്തുന്നത്. പശ്ചിമഘട്ടത്തിലെ ചോലക്കാടുകളിലും പുൽമേടുകളിലും വിരിയുന്ന അപൂർവയിനം പൂക്കളാണ് നീലക്കുറിഞ്ഞി. 12 വർഷത്തിലൊരിക്കൽ ഇവ മലനിരകളിലാകെ നീലയും പർപ്പിളും കലർന്ന നിറത്തിൽ പൂത്തുലയുന്നു. നീലഗിരി എന്ന പേരുവന്നതുതന്നെ ഇക്കാരണം കൊണ്ടാണ്. ഒരുതവണ പൂത്തുനിൽക്കുന്ന സ്ഥലത്തായിരിക്കില്ല അടുത്ത തവണ പൂക്കുന്നതെന്ന പ്രത്യേകതയും ഇതിനുണ്ട്. അതിനാൽ 12 വർഷം കൂടുന്നതിന് മുൻപുതന്നെ പലയിടത്തായി പൂക്കൾ കാണും.

ALSO READ: രാജപാതയിലൂടെ ഒരു ജലയാത്ര; പാർവതി പുത്തനാർ ബോട്ട് സർവീസ് ഓണക്കാലത്ത് ആരംഭിക്കും

ഇത്തവണ ഗൂഡല്ലൂർ താലൂക്കിലും പരിസരങ്ങളിലുമുള്ള ഉയർന്ന മലനിരകളിലാണ് ഈ പൂക്കൾ കൂടുതലായി കാണുന്നത്. നാടുകാണി, തവളമല, ഓവേലി, സീനക്കൊള്ളി, കുണ്ടംപുഴ, സൂചിമലൈ (നീഡിൽ റോക്ക്), പാട്ടവയൽ, നമ്പാലക്കോട്ട്, പന്തലൂർ, ചേരമ്പാടി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം നിറയെ പൂക്കളുണ്ട്. നീലക്കുറിഞ്ഞി അപൂർവ സസ്യമായതിനാൽ പൂക്കൾ പറിക്കുന്നതും ചെടികൾ നശിപ്പിക്കുന്നതും നിയമവിരുദ്ധമാണ്. രാവിലെയും വൈകുന്നേരങ്ങളിലുമുള്ള നേരിയ മഞ്ഞും നീലക്കുറിഞ്ഞിയും ചേരുമ്പോഴുള്ള കാഴ്ച വിവരിക്കാനാവാത്തതാണ്.

മൂന്നാറിലും നീലക്കുറിഞ്ഞി വസന്തം

മൂന്നാറിൽ നീലക്കുറിഞ്ഞികൾ കൂട്ടത്തോടെ പൂത്തു നിൽക്കുന്നത് കാണാൻ നിരവധി ആളുകളാണ് എത്തുന്നത്. ചൊക്രമുടി, മീശപ്പുലിമല, എടലിമേട്, സെവൻമല, കുണ്ടുമല എന്നിവിടങ്ങളിലാണ് ഇപ്പോൾ പൂ വിരിഞ്ഞു തുടങ്ങിയിരിക്കുന്നത്. സെപ്റ്റംബർ- ഒക്റ്റോബർ മാസ‌ത്തിൽ പൂക്കൾ പൂർണമായും വിരിയും. ഇപ്പോൾ തന്നെ നിരവധി പേരാണ് പൂക്കൾ കാണാനായി ഈ പ്രദേശങ്ങളിലേക്ക് എത്തുന്നത്. ഇരവിരകുളം ദേശീയോദ്യാനത്തിന് പുറത്തുള്ള ഭാഗങ്ങളിലാണ് ഈ വർഷം നീലക്കുറിഞ്ഞി പൂക്കുന്നത്. ഓണാവധിക്ക് എത്തുന്ന വിനോദ സഞ്ചാരികൾക്ക് ഇതൊരു മനോഹരമായ അനുഭവമായിരിക്കും. പതിവില്ലാതെ ഇത്തവണ നീലക്കുറിഞ്ഞി പൂത്തതിനാൽ ഓണാവധിക്ക് ഇവിടേക്ക് എത്തുന്ന യാത്രക്കാരുടെ എണ്ണം വർദ്ധിക്കാൻ സാധ്യതയുണ്ട്.

ദേശീയോദ്യാനത്തിൽ 2018ലാണ് അവസാനമായി നീലക്കുറിഞ്ഞി പൂത്തത്. ഇനി നാലു വർഷം കൂടി കഴിഞ്ഞാലേ ഇവിടെ പൂവുകൾ വിരിയൂ. നീലക്കുറിഞ്ഞി കാണാനായി വൻ തോതിൽ വിനോദസഞ്ചാരികൾ എത്താൻ സാധ്യതയുള്ളതിനാൽ ജില്ലാ ഭരണകൂടം തയാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ട്. ചൊക്രമുടിയിൽ ഉൾപ്പെടെ നീലക്കുറിഞ്ഞി കാണുന്നതിനായി ഓൺലൈനിൽ ബുക്ക് ചെയ്യേണ്ടതായി വരുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ.

English Summary:

Nilgiri mountain ranges in Gudalur have blossomed with purple Neelakurinji flowers. Now tourists allow to distant viewpoints while authorities restrict entry into core forest zones to protect the rare 12-year blooming plant species.

Follow Us