Pooja Holiday Travel: വരുന്നത് കൂട്ടയവധി… വീട്ടിലിരുന്ന് മടുക്കല്ലേ; യാത്ര പോകാം ഈ സ്ഥലങ്ങളിലേക്ക്
Pooja Diwali Holiday 2025 Karnataka Travel: പൂജ, ദീപാവലി തുടങ്ങിയ ഉത്സവാവധിയിൽ യാത്ര പോകാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ ചില സ്ഥലങ്ങൾ ഏതെല്ലാമെന്ന് നോക്കാം. പോകുന്ന വഴികളിലും കാഴ്ചകൾ ഏറെയുള്ളതിനാൽ ഡെസ്റ്റിനേഷൻ മാത്രമല്ല യാത്രയുടെ ലക്ഷ്യം. ബൈക്കിൽ പോകുന്നവരുടെയും ഇഷ്ട കേന്ദ്രമാണിത്.

Karnataka
അവധി ഏതായാലും ആഘോഷവും യാത്രയും ഒഴിവാക്കാൻ സാധിക്കില്ല. യാത്ര എന്നും മനസ്സിന് സന്തോഷം നൽകുന്ന വിനോദമാണ്. അതുകൊണ്ട് തന്നെ അവസരം കിട്ടുമ്പോഴെല്ലാം യാത്ര ചെയ്യുന്നത് മനസ്സിനും ശരീരത്തിനും ഒരുപോലെ ഗുണം ചെയ്യുന്നു. വരാനിരിക്കുന്നത് കൂട്ടയവധിയാണ്. പൂജ, ദീപാവലി തുടങ്ങിയ ഉത്സവാവധിയിൽ യാത്ര പോകാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ ചില സ്ഥലങ്ങൾ ഏതെല്ലാമെന്ന് നോക്കാം. പോകുന്ന വഴികളിലും കാഴ്ചകൾ ഏറെയുള്ളതിനാൽ ഡെസ്റ്റിനേഷൻ മാത്രമല്ല യാത്രയുടെ ലക്ഷ്യം. ബൈക്കിൽ പോകുന്നവരുടെയും ഇഷ്ട കേന്ദ്രമാണിത്.
ശൃംഗേരി- അഗുംബെ
ശ്രീ ശങ്കരാചാര്യർ സ്ഥാപിച്ചെന്ന് വിശ്വസിക്കുന്ന ആദ്യമഠം സ്ഥിതി ചെയ്യുന്ന ഇടമാണ് ശൃംഗേരി. എന്നാലിത് ഭക്തിമാർഗത്തിൽ യാത്ര ചെയ്യാനുള്ള സ്ഥലമാണെന്ന് കരുതല്ലേ. മഴയാസ്വദിച്ച് , മഞ്ഞുകൊണ്ട്, കാടുകളുമുള്ള മലമുകളിലേക്കുള്ള മനോഹരമായ ഒരു ഡ്രൈവാണിത്. വർഷം തോറും നിരവധി സഞ്ചാരികളാണ് ഈ സ്ഥലത്തേക്ക് എത്തുന്നത്. കർണാടകയിലെ ചിക്കമഗളൂർ ജില്ലയിലാണ് ശൃംഗേരി മഠം സ്ഥിതി ചെയ്യുന്നത്.
Also Read: കൊല്ലങ്കോട് കാണാൻ ഒരുപാടുണ്ട്; വേഗം വീട്ടോളൂ
നാഗർഹോളെ ദേശീയോദ്യാനം
കർണ്ണാടകയിലെ ഏറ്റവും പ്രസിദ്ധമായ വന്യജീവി സങ്കേതങ്ങളിലൊന്നാണ് നാഗർഹോളെ. കാടിനുള്ളിലെ താമസവും യാത്രയുമായി സന്ദർശകരെ ആകർഷിക്കുന്ന നിരവധി വിനോദങ്ങൾ ഇവിടെ ഒളിച്ചിരിക്കുന്നുണ്ട്. സുന്ദരമായ പുൽമേടുകളും തടാകങ്ങളും കൊച്ച് അരുവികളുമൊക്കെ ഇവിടെയെത്തിയാൽ കാണാം. കർണാടകയിൽ മൈസൂരിൽ നിന്ന് 95 കിലോമീറ്റർ തെക്ക് പടിഞ്ഞാറാണ് നാഗർഹോളെ സ്ഥിതി ചെയ്യുന്നത്. കേരളത്തിൻ്റെ അതിർത്ഥിയാണെന്നും പറയാം.
ബേലൂർ ഹലേബിഡ് ക്ഷേത്രങ്ങൾ
കർണ്ണാടകയിലെ ഏറ്റവും പ്രസിദ്ധ ക്ഷേത്രനഗരങ്ങളായ ബേലൂറും ഹലേബിഡും സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളാണ്. ഹൊയ്സാല രാജവംശത്തിന്റെ പ്രൗഢിയുമായി തലയുയർത്തി നിൽക്കുന്ന ക്ഷേത്രനഗരങ്ങൾക്ക് വിനോദസഞ്ചാരികളോട് പറയാൻ പഴങ്കഥകൾ ഒരുപാടുണ്ട്. നിർമ്മാണത്തിലെ പ്രത്യേകതകൾ കൊണ്ടും വാസ്തു വിദ്യ കൊണ്ടും ആരെയും ആകർഷിക്കുന്ന സ്ഥലമാണിത്.
ബിആർ ഹിൽസ്
പശ്ചിമഘട്ട നിരകളുടെ കിഴക്കൻ അതിർത്തിയിലായാണ് സഞ്ചാരികളെ കാത്ത് ബി ആർ ഹിൽസ് അഥവാ ബിലിഗിരി രംഗണ ഹിൽസ് കാണപ്പെടുന്നത്. അത്യപൂർവ്വമായ ജൈവ – ജന്തുവൈവിദ്ധ്യമാണ് ബി ആർ ഹിൽസിന്റെ ഏറ്റവും വലിയ പ്രത്യേകത. മലമുകളിലെ രംഗനാഥസ്വാമി ക്ഷേത്രത്തിൽനിന്നാണ് ബിലിഗിരി രംഗണ ഹിൽസെന്ന പേര് ലഭിച്ചത്. തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന ചാമരാജ്‌പേട്ടിലാണ് ബി ആർ ഹിൽസ്.
ഹാസ്സൻ
പതിനൊന്നാം നൂറ്റാണ്ടിൽ ചന്ന കൃഷ്ണപ്പ നായിക് ആണ് ഹാസ്സൻ നഗരം സ്ഥാപിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്. കർണാടകത്തിലെ ഹാസ്സൻ ജില്ലയുടെ ആസ്ഥാനമാണ് ഈ നഗരം. കർണാടകയുടെ വാസ്തുവിദ്യാ തലസ്ഥാനമെന്നും ഹാസ്സൻ നഗരത്തെ അറിയപ്പെടാറുണ്ട്. പ്രാദേശിക ദേവതയായ ഹാസ്സനാംബയുടെ പേരിൽ നിന്നാണ് ഹാസ്സൻ എന്ന നാമം രൂപപ്പെട്ടത്. ഹൊയ്‌സാല സംസ്‌കാരത്തിന്റെ പ്രധാന കേന്ദ്രമാണ് ഇവിടം.