Health Tips: എണ്ണ ചൂടാക്കി വീണ്ടും ഉപയോഗിക്കാറുണ്ടോ? അറിയാം ഇതിന് പിന്നിലെ അപകടങ്ങൾ
Reusing Cooking Oil Health Risks: എണ്ണ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം മോശമാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. എന്നാൽ അങ്ങനെ ചെയ്യുന്നതിന് മുമ്പായിട്ട് ഒന്നുകൂടി ആലോചിക്കണം. ഒരു ഉപയോഗത്തിന് ശേഷം എണ്ണ വീണ്ടും ചൂടാക്കിയാൽ അതിൽ രൂപപ്പെടുന്ന വിഷാംശങ്ങൾ നിശബ്ദ വില്ലനായി മാറി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്.
വറുക്കാനും പൊരിക്കാനും എടുത്ത എണ്ണ ബാക്കി വന്നാൽ സാധാരണയായി വീട്ടമ്മമാർ അതെടുത്ത് മറ്റൊരു കുപ്പിയിലാക്കി മാറ്റിവയ്ക്കും. മിക്ക വീടുകളിലും അത് കളയാതെ വീണ്ടും മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാറാണ് പതിവ്. എന്നാൽ, ഇങ്ങനെ എണ്ണ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം മോശമാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. എന്നാൽ അങ്ങനെ ചെയ്യുന്നതിന് മുമ്പായിട്ട് ഒന്നുകൂടി ആലോചിക്കണം. ഒരു ഉപയോഗത്തിന് ശേഷം എണ്ണ വീണ്ടും ചൂടാക്കിയാൽ അതിൽ രൂപപ്പെടുന്ന വിഷാംശങ്ങൾ നിശബ്ദ വില്ലനായി മാറി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. അങ്ങനെയെങ്കിൽ, ഇതിൻ്റെ പിന്നിലെ പ്രധാന അപകടങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
വിഷാശംങ്ങൾ: എണ്ണ ഉയർന്ന താപനിലയിൽ വീണ്ടും ചൂടാക്കുമ്പോൾ ഫ്രീ റാഡിക്കലുകൾ, അക്രിലമൈഡ് തുടങ്ങിയ ഹാനികരമായ രാസവസ്തുക്കൾ രൂപപ്പെടുന്നു. ഇവ ശരീരത്തിലെ കോശങ്ങൾക്ക് നാശമുണ്ടാക്കുകയും പലവിധ രോഗങ്ങൾക്ക് വഴിവെക്കുകയും ചെയ്യുന്നു. നമ്മൾ ചിന്തിക്കുന്നതിനും അപ്പുറമുള്ള ആരോഗ്യ പ്രശ്നങ്ങളാണ് ഇതുമൂലം അനുഭവിക്കേണ്ടി വരിക.
ALSO READ: മുടിയുടെ ആരോഗ്യത്തിനായി പുരുഷന്മാർ തീർച്ചയായും കഴിക്കേണ്ട 5 ഭക്ഷണങ്ങൾ
കൊളസ്ട്രോളും ഹൃദയാരോഗ്യവും: എണ്ണ പലതവണ ചൂടാക്കുമ്പോൾ അതിലെ ആരോഗ്യകരമായ കൊഴുപ്പുകൾ മാറി ട്രാൻസ് ഫാറ്റ് ആയി മാറുന്നു. ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കൂട്ടുകയും നല്ല കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. പിന്നീട് ഇതിൻ്റെ ഫലമായി നമ്മളിൽ ഹൃദയാരോഗ്യം മോശമാകുകയും ചെയ്യും. ഉയർന്ന രക്തസമ്മർദ്ദം, ഹൃദയാഘാതം, ധമനികളിൽ തടസ്സം എന്നിവയ്ക്ക് കാരണമാകുകയും ചെയ്യും.
അർബുദ സാദ്ധ്യത: പാചക എണ്ണ ഉയർന്ന അളവിൽ ചൂടിൽ ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ അർബുദത്തിന് കാരണമാകുന്ന ‘കാർസിനോജനുകൾ’ രൂപപ്പെടുന്നു. ഇത് വയർ, കുടൽ, കരൾ എന്നിവയെ ബാധിക്കുന്ന അർബുദ രോഗത്തിൻ്റെ സാധ്യത വർദ്ധിപ്പിക്കുമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.
ദഹനപ്രശ്നങ്ങളും അസിഡിറ്റിയും: ഒരിക്കൽ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിച്ച് ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ ദഹിപ്പിക്കാൻ വയറിന് പ്രയാസമാണ്. ഇത് നെഞ്ചെരിച്ചിൽ, അസിഡിറ്റി, വയറെരിച്ചിൽ, ദഹനക്കേട് എന്നിവയ്ക്ക് കാരണമാകുന്നു.
കരളിന്റെ ആരോഗ്യം: ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളുന്നത് കരളാണ്. വീണ്ടും ചൂടാക്കിയ എണ്ണയിലെ വിഷാംശങ്ങൾ തുടർച്ചയായി ശരീരത്തിലെത്തുമ്പോൾ അത് കരളിന്റെ പ്രവർത്തനത്തെ സാവധാനത്തിലാക്കുന്നു. അത് പിന്നീട് ‘ഫാറ്റി ലിവർ’ ഉൾപ്പെടെയുള്ള പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.
എങ്ങനെ സുരക്ഷിതമായി എണ്ണ ഉപയോഗിക്കാം?
ഒരിക്കൽ വറുക്കാൻ ഉപയോഗിച്ച എണ്ണ വീണ്ടും വറുക്കാനോ പൊരിക്കാനോ ഉപയോഗിക്കരുത്. ആവശ്യത്തിന് മാത്രം എണ്ണ എടുത്താൽ ബാക്കി വരുന്നത് കുറയ്ക്കാനാകും.
കുറഞ്ഞ അളവിൽ എണ്ണ ഉപയോഗിക്കുക. വറുക്കാൻ ആവശ്യത്തിന് മാത്രം എണ്ണ എടുക്കുക. അമിതമായി എണ്ണ ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് എപ്പോഴും ആരോഗ്യത്തിന് നല്ലത്.
പുകയുന്നതുവരെ എണ്ണ ചൂടാക്കരുത്. എണ്ണയിൽ നിന്ന് പുക ഉയരുന്നത് അതിലെ പോഷകങ്ങൾ നശിച്ച് വിഷാംശം രൂപപ്പെടുന്നതിന്റെ ലക്ഷണമാണ്.
വീണ്ടും ഉപയോഗിക്കേണ്ടി വന്നാൽ, മുൻപ് ഉപയോഗിച്ച എണ്ണയിൽ ഭക്ഷണാവശിഷ്ടങ്ങൾ ഇല്ലെന്ന് ഉറപ്പാക്കുന്നതിന് അവ നന്നായി അരിച്ചെടുക്കുക. ഇത് കറി വെക്കാനോ മറ്റ് ചെറിയ ആവശ്യങ്ങൾക്കോ ആയി അന്നുതന്നെ ഉപയോഗിച്ചു തീർക്കാനും ശ്രമിക്കണം.
English Summary:
Why Reusing Cooking Oil Is More Dangerous, Hidden Health Risks Experts Warn. When oil is subjected to high heat repeatedly, its chemical structure breaks down, a process known as thermal degradation.