Menstrual Hygiene Day: ആർത്തവം ഇപ്പോഴും മറച്ചുവെക്കേണ്ടതാണോ?; ആർത്തവ ശുചിത്വ ദിനത്തിൽ സ്ത്രീകൾ ആവശ്യപ്പെടുന്ന മാറ്റം
World Menstrual Hygiene Day 2026: നമ്മുടെ സമൂഹം എത്ര പുരോഗമിച്ചുവെന്ന് പറഞ്ഞാലും, സ്ത്രീകളുടെ അടിസ്ഥാന ആവശ്യങ്ങളിലേക്ക് വരുമ്പോൾ പല പ്രതിസന്ധികളും ഇന്നും പരിഹാരമില്ലാതെ തുടരുകയാണ്. വൃത്തിയുള്ളതോ, വെള്ളമുള്ളതോ, കൃത്യമായി പ്രവർത്തിക്കുന്നതോ ആയ ടോയ്‌ലറ്റുകൾ ഇല്ലാത്തതിനാൽ ലക്ഷക്കണക്കിന് പെൺകുട്ടികളാണ് ആർത്തവ ദിനങ്ങളിൽ സ്കൂളുകളിൽ പൊകാൻ മടിക്കുന്നത്.

The Sheconomy Agenda
ന്യൂഡൽഹി: മെയ് 28, ലോകമെമ്പാടും ആർത്തവ ശുചിത്വ ദിനമായി (World Menstrual Hygiene Day) ആചരിക്കുന്നു. എന്നാൽ ഈ ദിനം ഒരിക്കലും വെറുമൊരു ദിവസമായി കടന്നുപോകേണ്ടതല്ല, മറിച്ച് ആർത്തവം സുരക്ഷിതമായും സ്വകാര്യമായും, അതിലുപരി അന്തസ്സോടെയും കൈകാര്യം ചെയ്യുക എന്ന സന്ദേശം നമ്മുടെ നാട്ടിലെ ഓരോ വ്യക്തികളെ ഓർമിപ്പിക്കേണ്ട ദിനം കൂടിയാണ്. ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിന് സ്ത്രീകളും പെൺകുട്ടികളും ഇന്നും ഓരോ മാസവും നേരിടുന്ന കടുത്ത വെല്ലുവിളികളുടെയും അതിജീവനത്തിന്റെയും നേർച്ചിത്രമാണ് ഈ ദിവസം.
നമ്മുടെ സമൂഹം എത്ര പുരോഗമിച്ചുവെന്ന് പറഞ്ഞാലും, സ്ത്രീകളുടെ അടിസ്ഥാന ആവശ്യങ്ങളിലേക്ക് വരുമ്പോൾ പല പ്രതിസന്ധികളും ഇന്നും പരിഹാരമില്ലാതെ തുടരുകയാണ്. വൃത്തിയുള്ളതോ, വെള്ളമുള്ളതോ, കൃത്യമായി പ്രവർത്തിക്കുന്നതോ ആയ ടോയ്‌ലറ്റുകൾ ഇല്ലാത്തതിനാൽ ലക്ഷക്കണക്കിന് പെൺകുട്ടികളാണ് ആർത്തവ ദിനങ്ങളിൽ സ്കൂളുകളിൽ പൊകാൻ മടിക്കുന്നത്. ഇത് വളർന്നു വരുന്ന സ്ത്രീ സമൂഹത്തിൻ്റെ വിദ്യാഭ്യാസത്തെയാണ് സാരമായി ബാധിക്കുന്നത്.
ALSO READ: തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ലേ?; ഈ ശീലങ്ങൾ മാറ്റൂ, സുഖനിദ്രയ്ക്കുള്ള വഴികൾ
ആർത്തവ സമയത്തുണ്ടാകുന്ന കടുത്ത ശാരീരിക ബുദ്ധിമുട്ടുകളെയും അസ്വസ്ഥതകളെയും പരിഗണിക്കാൻ ഭൂരിഭാഗം കോർപ്പറേറ്റ്/സ്വകാര്യ തൊഴിലിടങ്ങളും ഇന്നും തയ്യാറാകുന്നില്ല എന്നത് മറ്റൊരു വാസ്തവമാണ്. ആർത്തവത്തെ ഒരു അശുദ്ധിയായി കാണുന്ന ആഴത്തിൽ വേരൂന്നിയ അന്ധവിശ്വാസങ്ങളും സാംസ്കാരികമായ വിലക്കുകളും നമ്മുടെ സമൂഹത്തിൽ പലയിടങ്ങളിലും നിലനിൽക്കുന്നുണ്ട്. ഇത് സ്ത്രീകളെ മാനസികമായി ഒറ്റപ്പെടുത്തുന്ന രീതിയായി മാത്രമെ കാണാൻ സാധിക്കുകയുള്ളൂ.
ഈ സങ്കീർണതകൾക്ക് മാറ്റം വരുത്താനും ആർത്തവവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മുഖ്യധാരാ നയ സംഭാഷണങ്ങളിലേക്ക് കൊണ്ടുവരാനും ന്യൂസ് 9 ഇപ്പോഴിതാ ഒരു ചുവടുവെപ്പ് നടത്തിയിരിക്കുകയാണ്. ആർത്തവ ശുചിത്വ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘ദി SHEconomy Agenda, Period Power’ എന്ന പരിപാടിയിലൂടെയാണ് രാജ്യത്തെ സ്ത്രീകൾ ആർത്തവ സമയത്ത് നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ചർച്ചയായിരിക്കുന്നത്. ഡോക്ടർമാർ, നയരൂപകർത്താക്കൾ, നിയമ വിദഗ്ധർ, പ്രമുഖ കായികതാരങ്ങൾ എന്നിവരും ഈ പരിപാടിയിൽ മുഖ്യപങ്കാളികളായി.
തൊഴിലിടങ്ങൾ ഒഴിവാക്കുന്ന സംഭാഷണം
ആർത്തവം സ്ത്രീകളുടെ ശരീരത്തിൻ്റെ സ്വാഭാവികമായ ഒരു പ്രക്രിയയാണ്. എന്നാൽ, അത് ജോലിസ്ഥലത്തെ സ്ത്രീകളുടെ ഉൽപ്പാദനക്ഷമതയെയും കരിയറിനെയും വലിയ തോതിൽ ബാധിക്കുന്നുണ്ടെന്ന് നിരവധി ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. നിർഭാഗ്യവശാൽ, ഭൂരിഭാഗം ഇന്ത്യൻ കമ്പനികളും ഈ വിഷയത്തെ അഭിസംബോധന ചെയ്യാൻ മടിക്കുകയോ, കൃത്യമായ ഒരു ഔദ്യോഗിക നയം രൂപീകരിക്കാൻ തയ്യാറാകാതിരിക്കുകയോ ചെയ്യുന്നു. ശരിയായ രീതിയിൽ ഉപയോഗിക്കാൻ കഴിയുന്ന വൃത്തിയുള്ള ശൗചാലയങ്ങൾ ഇന്നും പല തൊഴിലിടങ്ങളിലും പരിമിതമാണ്.
ഉപയോഗിച്ച സാനിറ്ററി പാഡുകൾ സുരക്ഷിതമായി നിക്ഷേപിക്കാനുള്ള ഇൻസിനറേറ്ററുകളോ കൃത്യമായ ബിന്നുകളോ പലയിടത്തുമില്ല. കടുത്ത വയറുവേദനയും അസ്വസ്ഥതയും ഉണ്ടാകുമ്പോൾ അല്പനേരം വിശ്രമിക്കാനോ കൃത്യമായ ഇടവേളകൾ എടുക്കാനോ ഉള്ള സ്വാതന്ത്ര്യം സ്ത്രീകൾക്ക് പല ജോലിസ്ഥലങ്ങളിലും ലഭിക്കാറില്ല. താൻ ആർത്തവത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് തുറന്നുപറഞ്ഞാൽ സഹപ്രവർത്തകരിൽ നിന്നോ മാനേജ്‌മെന്റിൽ നിന്നോ ഉണ്ടാകാനിടയുള്ള പരിഹാസവും വിവേചനവും ഭയന്ന് പലരും ഇതിനെ രഹസ്യമാക്കി വെക്കാറുണ്ട്.
“നമ്മുടെ രാജ്യത്തെ തൊഴിൽ സംസ്കാരം ഇപ്പോഴും പുരുഷ കേന്ദ്രീകൃതമായി തുടരുകയാണ്. തൊഴിലിടങ്ങൾ കൂടുതൽ ലിംഗഭേദം ഉൾക്കൊള്ളുന്നതാകണം. തൊഴിൽ ക്രമീകരണങ്ങളിൽ വഴക്കം വരുത്തുകയും, ആർത്തവ അവധി പോലുള്ള നയങ്ങൾ കമ്പനികൾ ഗൗരവമായി നടപ്പിലാക്കുകയും വേണം.” എന്ന് സുലഭ് ഇന്റർനാഷണൽ സോഷ്യൽ സർവീസ് ഓർഗനൈസേഷൻ്റെ പ്രോഗ്രാം ആൻഡ് അഡ്വക്കസി ദേശീയ ഡയറക്ടർ നിർജ ഭട്‌നാഗർ പറഞ്ഞു.
“ഏതൊരു ജോലിസ്ഥലത്തും സ്ത്രീകൾക്കായി വൃത്തിയുള്ളതും എളുപ്പത്തിൽ ആക്സസ് ചെയ്യാവുന്നതുമായ ടോയ്‌ലറ്റുകൾ ഒരുക്കുക എന്നതാണ് ഒന്നാമത്തെ ഇതനായി ആദ്യം ചെയ്യേണ്ടത്. അതോടൊപ്പം, കമ്പനികൾ മറ്റ് തരത്തിലുള്ള മെഡിക്കൽ അവധികൾ നൽകുന്നതുപോലെ തന്നെ ആർത്തവ അവധിക്കും നിയമപരമായ വ്യവസ്ഥകൾ കൊണ്ടുവരേണ്ടതുണ്ട്.” സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷക അഡ്വ. ഗീത ലുത്ര പറഞ്ഞു.
നയരൂപീകരണ ലക്ഷ്യവും നടപ്പാക്കലും
ആർത്തവ ശുചിത്വത്തെക്കുറിച്ചും സ്ത്രീകളുടെ ആരോഗ്യത്തെക്കുറിച്ചും ഇന്ന് സമൂഹത്തിൽ വലിയ തോതിൽ ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ, ഈ വളർന്നുവരുന്ന അവബോധം കൃത്യമായ നിയമനിർമ്മാണങ്ങളിലേക്കോ നയരൂപീകരണങ്ങളിലേക്കോ എത്തുന്നില്ല എന്നതാണ് യാഥാർത്ഥ്യം. പല കോർപ്പറേറ്റ് സ്ഥാപനങ്ങളിലും നിയമങ്ങൾ കടലാസിലൊതുങ്ങുമ്പോൾ, താഴേത്തട്ടിൽ സ്ത്രീകൾ ഇന്നും ദുരിതം അനുഭവിക്കുകയാണ്.
English Summary:
On World Menstrual Hygiene Day, News9 brought together some of India’s most influential women for ‘The SHEconomy Agenda, Period Power’, a conversation about period poverty, workplace inclusion, sanitation infrastructure and the policy changes India urgently needs.