Sun Colossal explosion: സൂര്യനിൽ വൻ സ്ഫോടനം; ഭാവിയിലെ ആശങ്കകൾ പങ്കുവെച്ച് ശാസ്ത്രലോകം
explosion from the Sun : ശാസ്ത്രജ്ഞർ അപകടസാധ്യതാ മുന്നറിയിപ്പ് നൽകുന്നുണ്ട്. കാരണം ഇനിയും ഉണ്ടായേക്കാവുന്ന കൂടുതൽ വിസ്ഫോടനങ്ങൾ ഭൂമിയെ ബാധിച്ചേക്കാം.

സൂര്യനിൽ ഉണ്ടായ അതിശക്തമായ വിസ്ഫോടനം സൗരയൂഥത്തിലുടനീളം ആഘാത തരംഗങ്ങൾ സൃഷ്ടിക്കുന്നതായി റിപ്പോർട്ട്. ഇത് സൗരയൂഥത്തിലെ അയൽഗ്രഹമായ ശുക്രനെ നേരിട്ട് ബാധിച്ചു. ഒക്ടോബർ 21-ന് വൈകീട്ടാണ് ഈ സംഭവം ആദ്യമായി തിരിച്ചറിഞ്ഞത്.

നിലവിലെ സൗരചക്രത്തിൽ രേഖപ്പെടുത്തിയ ഏറ്റവും വേഗതയേറിയതും ഊർജ്ജസ്വലവുമായ സൗര സ്ഫോടനങ്ങളിൽ ഒന്നാണിത്. ഭൂമിക്ക് ഇനി ഭീഷണിയുണ്ടോ എന്ന ആശങ്കയിലാണ് ഇപ്പോൾ ജ്യോതിശാസ്ത്രജ്ഞർ.

യുഎസ് എയർഫോഴ്‌സിന്റെ കണക്കനുസരിച്ച്, ഈ വിസ്ഫോടനത്തിൽ നിന്നുള്ള റേഡിയോ വികിരണങ്ങൾ സെക്കൻഡിൽ ഏകദേശം 2474 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിക്കുന്നത്. നാസയുടെ പരിഷ്കരിച്ച 3D മോഡലുകൾ പ്രകാരം CME-യുടെ വേഗത സെക്കൻഡിൽ ഏകദേശം 1320 കിലോമീറ്ററാണ്. ഇത് ശക്തമായ ഒരു സൗരക്കൊടുങ്കാറ്റിന് തുല്യമാണ്.

സൗരക്കാറ്റിന്റെ സഞ്ചാരപാത ശുക്രനുമായി കൂട്ടിയിടിക്കുകയും എന്നാൽ ഭൂമിയെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. സ്വന്തമായി സംരക്ഷിത കാന്തിക മണ്ഡലം ഇല്ലാത്ത ഗ്രഹമാണ് ശുക്രൻ. അതിനാൽ, ഈ ചാർജ് ചെയ്ത കണികകൾ ശുക്രന്റെ അന്തരീക്ഷത്തിന്റെ മുകൾത്തട്ടിൽ നിന്ന് അയോണുകളെ നീക്കം ചെയ്യുകയും മാറ്റങ്ങൾക്ക് കാരണമാവുകയും ചെയ്തിരിക്കാം.

നിലവിൽ, ഈ സ്ഫോടനത്തിൽ നിന്ന് ഭൂമിക്ക് നേരിട്ട് ഭീഷണിയില്ലെന്ന് NOAA-യുടെ ബഹിരാകാശ കാലാവസ്ഥാ പ്രവചന കേന്ദ്രം അറിയിച്ചു. എങ്കിലും, ശാസ്ത്രജ്ഞർ അപകടസാധ്യതാ മുന്നറിയിപ്പ് നൽകുന്നുണ്ട്. കാരണം ഇനിയും ഉണ്ടായേക്കാവുന്ന കൂടുതൽ വിസ്ഫോടനങ്ങൾ ഭൂമിയെ ബാധിച്ചേക്കാം.