Asian Games 2026: തോറ്റത് വെറും 700 ഗ്രാമിന്! സമനിലയായിട്ടും സുചികയ്ക്ക് ഫൈനൽ നഷ്ടമായത് എന്തുകൊണ്ട്?
Suchika Tariyal Asian Games 2026 MMA Bronze : ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 60 കിലോഗ്രാം മിക്സഡ് മാർഷ്യൽ ആർട്സ് പോരാട്ടത്തിൽ ഇന്ത്യയുടെ സുചിക തരിയാൽ വെങ്കല മെഡൽ സ്വന്തമാക്കി. സെമിഫൈനലിൽ സിംഗപ്പൂരിന്റെ ഹുയി ഹൂൺ തിയോയോടാണ് സുചിക പരാജയപ്പെട്ടത്.

ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 60 കിലോഗ്രാം മിക്സഡ് മാർഷ്യൽ ആർട്സ് പോരാട്ടത്തിൽ ഇന്ത്യയുടെ സുചിക തരിയാൽ വെങ്കല മെഡൽ സ്വന്തമാക്കി. സെമിഫൈനലിൽ സിംഗപ്പൂരിന്റെ ഹുയി ഹൂൺ തിയോയോടാണ് പരാജയപ്പെട്ടത്. ഓവർടൈമിലേക്ക് നീണ്ട മത്സരത്തിൽ നേരിയ വ്യത്യാസത്തിലായിരുന്നു തോല്‍വി. ഇതോടെ സുചികയുടെ പോരാട്ടം അവസാനിച്ചു (Image Credit Source: PTI, Instagram).

സ്വർണ്ണ മെഡൽ പോരാട്ടത്തിലേക്ക് എത്താനുള്ള സുചികയുടെ പ്രതീക്ഷകൾ അസ്തമിച്ചെങ്കിലും മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. തോൽവിക്ക് പിന്നാലെ സുചിക വികാരാധീനയായി. വിധികർത്താക്കളുടെ തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചു. അപ്പീല്‍ നല്‍കാന്‍ 100 യുഎസ് ഡോളര്‍ ഫീസായി അടയ്ക്കണം.

എന്നാല്‍ ഈ തുക തിരികെ ലഭിക്കില്ല. ഇന്ത്യൻ എംഎംഎ ഫെഡറേഷൻ പ്രസിഡന്റ് നിഖിൽ കുന്ദറാണ് സുചികയ്ക്ക് വേണ്ടി ഫീസടച്ചത്. സാധാരണ മൂന്ന് ഉദ്യോഗസ്ഥരടങ്ങുന്ന പാനലാണ് ഒരു മത്സരം വിധി നിർണ്ണയിക്കുന്നത്. എന്നാൽ 10 അംഗങ്ങൾ അടങ്ങുന്ന ജൂറിയാണ് മത്സരം പുനഃപരിശോധിക്കുന്നത്.

ലഭ്യമായ എല്ലാ ദൃശ്യങ്ങളും പരിശോധിച്ച ജൂറി, സുചികയും ഹുയി ഹൂൺ തിയോയും തമ്മിലുള്ള മത്സരം സമനിലയിലാണ് കലാശിച്ചതെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന്, മത്സരത്തിലെ ടൈ-ബ്രേക്ക് നിയമം ജൂറി നടപ്പിലാക്കി. ഈ നിയമപ്രകാരം ഭാരം കുറഞ്ഞ താരത്തെയാണ് വിജയിയായി പ്രഖ്യാപിക്കുന്നത്. എതിരാളിയേക്കാൾ 700 ഗ്രാം ഭാരം സുചികയ്ക്ക് കൂടുതലായിരുന്നതിനാൽ വിധി ഹുയി ഹൂൺ തിയോയ്ക്ക് അനുകൂലമായി മാറി.

വെറും 700 ഗ്രാം ഭാരത്തിന്റെ വ്യത്യാസത്തില്‍ സുചികയ്ക്ക് ഫൈനലില്‍ എത്താനുള്ള അവസരം നഷ്ടമായി. വെങ്കല മെഡൽ കൊണ്ട് തൃപ്തിപ്പെടേണ്ടി വരികയും ചെയ്തു. എങ്കിലും തല ഉയര്‍ത്തിയാണ് താരത്തിന്റെ മടക്കം. മികച്ച പ്രകടനമാണ് ഈ 36-കാരി പുറത്തെടുത്തത്.