Avore EX : പെട്രോൾ ബൈക്കുകൾക്ക് ബൈ… 260 കിലോ മീറ്റർ റേഞ്ച്, ഇലക്ട്രിക് ഇരുചക്രവാഹന വിപണിയിൽ മാസ് എൻട്രിയുമായി അവോർ
Avore EX EV : ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ അനുദിനം മത്സരം കടുത്തു വരികയാണ്. ഇലക്ട്രിക് കാറുകളെ പോലെ തന്നെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളും ഇപ്പോൾ ജനകീയമായി മാറിയിരിക്കുകയാണ്. ഇലക്ട്രിക് ഇരുചക്ര വാഹന രംഗത്തേക്ക് ഇപ്പോഴിതാ പുതിയ ഒരു കമ്പനി കൂടി രംഗപ്രവേശനം ചെയ്തിരിക്കുകയാണ്. അതും ഒരു ഇന്ത്യൻ ബ്രാൻഡ്. അവോർ എന്നാണ് ഈ സ്റ്റാർട്ടപ്പ് ഇലക്ട്രിക് വാഹന നിർമ്മാണ കമ്പനിയുടെ പേര്. കഴിഞ്ഞദിവസം കമ്പനി തങ്ങളുടെ വാഹനങ്ങൾ വിപണിയിൽ അവതരിപ്പിച്ചു.

ഗുജറാത്ത് ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്രവാഹന സ്റ്റാർട്ടപ്പായ 'അവോർ' (Avore), തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് മോട്ടോർസൈക്കിളായ 'EX' ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. EX1, EX2, EX2S എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിൽ ഇത് ലഭ്യമാണ്. ( Image Credit Source - Screen Grab)

EX1-ൽ 3.24 kWh ബാറ്ററി പാക്കാണ് ഉപയോഗിച്ചിരിക്കുന്നത്, ഇത് ഒറ്റത്തവണ ചാർജ് ചെയ്താൽ 160 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സഹായിക്കുന്നു. ഇതിലെ 10.5 kW ഇലക്ട്രിക് മോട്ടോർ, 3.2 സെക്കൻഡിനുള്ളിൽ 0-ൽ നിന്ന് 40 km/h വേഗത കൈവരിക്കാൻ ബൈക്കിനെ പ്രാപ്തമാക്കുന്നു. 750 W ചാർജറും ഇതിനൊപ്പം ലഭിക്കും. വാഹനത്തിന്റെ എക്സ് ഷോറൂം വില 1.25 ലക്ഷം രൂപയിലാണ് ആരംഭിക്കുന്നത്.

EX2-ൽ 5 kWh ബാറ്ററിയാണ് നൽകിയിരിക്കുന്നത്. ഇത് ഒറ്റ ചാർജിൽ 255 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ശേഷിയുള്ളതാണ്. 10.5 kW ഇലക്ട്രിക് മോട്ടോർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ ബൈക്കിന് മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാനാകും. 2 മണിക്കൂറിനുള്ളിൽ ബാറ്ററി 20-ൽ നിന്ന് 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുന്ന 1,500 W ഓൺ-ബോർഡ് ചാർജറും ഇതിൽ ലഭ്യമാണ്.

ഏറ്റവും ഉയർന്ന വകഭേദമായ EX2S-ലും ഇതേ 5 kWh ബാറ്ററിയിൽ പ്രവർത്തിക്കുന്ന 10.5 kW മോട്ടോർ തന്നെയാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ ഈ ഇവി ബൈക്കിന് 260 കിലോമീറ്റർ എന്ന മികച്ച റേഞ്ച് ലഭിക്കുന്നു. 0-ൽ നിന്ന് 40 km/h വേഗതയിലെത്താൻ 2.8 സെക്കൻഡ് മതിയാകും ഈ വാഹനത്തിന്. മണിക്കൂറിൽ 114 കിലോമീറ്റർ ആണ് ഇതിന്റെ പരമാവധി വേഗത. 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻസ്ട്രുമെന്റ് കൺസോൾ, അഞ്ച് റൈഡിംഗ് മോഡുകൾ എന്നിവയും ഈ ബൈക്കിന്റെ പ്രത്യേകതകളാണ്.

അവോറിന്റെ ബൈക്കുകൾ ചാർജ്ജ് ചെയ്യുന്നതിന് പ്രത്യേക ഇവി (EV) ചാർജിംഗ് സ്റ്റേഷനുകൾ തേടി അലയുകയോ ചെലവേറിയ ചാർജിംഗ് യൂണിറ്റ് സ്ഥാപിക്കുകയോ ചെയ്യേണ്ടതില്ല. 'ഫ്ലെക്സ് ചാർജ് 1500W' ഓൺബോർഡ് ഫാസ്റ്റ് ചാർജർ ആണ് വാഹനത്തിനൊപ്പം വരുന്നത്. സാധാരണ 5A അല്ലെങ്കിൽ 15A വാൾ സോക്കറ്റിൽ നേരിട്ട് പ്ലഗ് ചെയ്ത് ഈ മോട്ടോർസൈക്കിൾ ചാർജ് ചെയ്യാൻ സാധിക്കും.