Bigg Boss Malayalam Season 7: ഹൈക്കോടതി അഭിഭാഷക, നടി; ഹൗസിൽ അനുമോളിൻ്റെ അടുത്ത സുഹൃത്തായ ശൈത്യ സന്തോഷ്
Who Is Shaitya Santhosh: ബിഗ് ബോസ് ഹൗസിൽ ഇപ്പോഴും കാര്യമായ ഇടപെടലുകൾ നടത്താൻ കഴിയാത്ത ആളാണ് ശൈത്യ സന്തോഷ്. അഭിഭാഷക കൂടിയായ ശൈത്യയെ കൂടുതലറിയാം.

ബിഗ് ബോസ് ഹൗസിൽ അനുമോളിൻ്റെ അടുത്ത സുഹൃത്താണ് ശൈത്യ സന്തോഷ്. ബിബി വീട്ടിൽ അധികം ആക്ടീവല്ല എന്ന് ആരാധകർ കുറ്റപ്പെടുത്തുമ്പോഴും ശൈത്യ രണ്ട് എവിക്ഷനിൽ നിന്നും രക്ഷപ്പെട്ടു. ബിബി ഹൗസിന് പുറത്ത് ശൈത്യ അഭിഭാഷകയും അഭിനേത്രിയുമാണ്. (Image Courtesy- Shaitya Santhosh Instagram)

നിയമത്തിൽ ബിരുദം പൂർത്തിയാക്കിയ ശൈത്യയുടെ സ്വദേശം പത്തനംതിട്ടയാണ്. കോട്ടയത്തെ സിഎസ്ഐ കോളജ് ഫോർ ലീഗൽ സ്റ്റഡീസിൽ നിന്ന് എൽഎൽബി പൂർത്തിയാക്കിയ ശൈത്യ നിലവിൽ ഹൈക്കോടതിയിലാണ് പ്രാക്ടീസ് ചെയ്യുന്നത്. ശൈത്യയുടെ അമ്മ ഷീന സന്തോഷും നടിയാണ്.

കോമഡി സ്റ്റാഴ്സ്, കോമഡി ഫെസ്റ്റിവൽ തുടങ്ങിയ റിയാലിറ്റി ഷോകളിലൂടെയാണ് ശൈത്യയുടെ കരിയർ ആരംഭിക്കുന്നത്. ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന ഉപ്പും മുളകും എന്ന സിറ്റ്കോമിൽ അഭിനയിച്ചിട്ടുണ്ട്. ഇതല്ലാതെ പല സിനിമകളിലും റിയാലിറ്റി ഷോകളിലും പ്രത്യക്ഷപ്പെട്ടു.

2023ൽ അമൃത ടിവി നടത്തിയ സൂപ്പർ അമ്മയും മകളും എന്ന റിയാലിറ്റി ഷോയിൽ ശൈത്യയും അമ്മ ഷീനയും ഒരുമിച്ച് അഭിനയിച്ചിരുന്നു. അഞ്ചാം സ്ഥാനമാണ് ഇവർക്ക് ലഭിച്ചത്. എന്നാൽ, തങ്ങളാണ് ജേതാക്കളാവേണ്ടിയിരുന്നത് എന്ന് വാദിച്ച് ഇരുവരും മൊമൻ്റോ സ്വീകരിക്കാൻ തയ്യാറായില്ല.

നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ്, ജോ ആൻഡ് ദി ബോയ്, കിംഗ് ലയർ തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചു. ബിഗ് ബോസ് ഹൗസിൽ ഇതുവരെ കാര്യമായ ചലനങ്ങളുണ്ടാക്കാൻ ശൈത്യക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ആഴ്ച ഏറ്റവും അവസാനം സേവ് ആയത് ശൈത്യ ആയിരുന്നു.