Bigg Boss Malayalam: ‘ബിഗ് ബോസ്’ പേരിൽ ആ ‘g’ ഇരട്ടിച്ചതിന് പിന്നിൽ? ‘ബിഗ് ബ്രദർ’ ബോസായത് ഇങ്ങനെ….
Bigg Boss Malayalam Season 8: മലയാളത്തിൽ സീസൺ 8 ന്റെ സംപ്രേക്ഷണം ഉടൻ ആരംഭിക്കും. ഇപ്പോഴിതാ, ബിഗ് ബോസ് എന്ന പേര് വന്ന കഥ വെളിപ്പെടുത്തിയിരിക്കുകയാണ് ബനിജയ് ഏഷ്യ, എൻഡെമോൾ ഷൈൻ ഇന്ത്യ എന്നിവയുടെ സ്ഥാപകനും ഗ്രൂപ്പ് സിഇഒയുമായ ദീപക് ധർ.

മലയാളികളുടെ പ്രിയപ്പെട്ട ടെലിവിഷൻ പരിപാടിയാണ് ബിഗ് ബോസ്. ഓരോ സീസണും വ്യത്യസ്തമാക്കാൻ അണിയറ പ്രവർത്തകർ ശ്രമിക്കാറുണ്ട്. അതിലവർ വിജയിക്കാറും ചെയ്യാറുണ്ട്. മലയാളത്തിൽ സീസൺ 8 ന്റെ സംപ്രേക്ഷണം ഉടൻ ആരംഭിക്കും. അതിനുമുന്നോടിയായി കോമണേഴ്സിനെ കണ്ടെത്താൻ അഗ്നിപരീക്ഷ എന്ന പേരിൽ മത്സരം സംഘടിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ, ബിഗ് ബോസ് എന്ന പേര് വന്ന കഥ വെളിപ്പെടുത്തിയിരിക്കുകയാണ് ബനിജയ് ഏഷ്യ, എൻഡെമോൾ ഷൈൻ ഇന്ത്യ എന്നിവയുടെ സ്ഥാപകനും ഗ്രൂപ്പ് സിഇഒയുമായ ദീപക് ധർ. (Image Credit source: Instagram)

ലോകപ്രശസ്ത റിയാലിറ്റി ഷോയായ ‘ബിഗ് ബ്രദർ’ പേരിൽ മാത്രമല്ല, അവതരണത്തിലും വലിയ മാറ്റങ്ങളുമായാണ് ഇന്ത്യയിലെത്തിയത് . നെതർലൻഡ്സിലെ ഹിറ്റ് റിയാലിറ്റി ഷോ ഇന്ത്യൻ പ്രേക്ഷകരിലേക്ക് എത്തിച്ചപ്പോൾ ‘ബിഗ് ബ്രദർ’ എന്ന പേര് മാറ്റി ‘ബിഗ് ബോസ്’ എന്നാക്കാനുള്ള തീരുമാനത്തിന് പിന്നിൽ വ്യക്തമായൊരു ലക്ഷ്യമുണ്ടായിരുന്നുവെന്നാണ് ദീപക് ധർ പറഞ്ഞത്.

ഇന്ത്യൻ പ്രേക്ഷകരുടെ സംസാരശൈലിക്കും സംസ്കാരത്തിനും കൂടുതൽ ചേരുന്ന പേരായിരിക്കണം ഷോയ്ക്കെന്ന് കരുതിയാണ് ‘ബിഗ് ബോസ്’ എന്ന പേര് തിരഞ്ഞെടുത്തത്. എന്നാൽ ബിഗ് എന്ന വാക്കിൽ ഒരു ജി ഇരട്ടിച്ചത് ന്യൂമറോളജിസ്റ്റിന്റെ നിർദേശത്തെ തുടർന്നാണ്. സച്ചിൻ മെഹോത്രക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ‘ബിഗ് ബോസ്’ എന്ന പേരിന് പിന്നിലെ കഥ വെളിപ്പെടുത്തിയത്.

‘ബിഗ് ബ്രദർ’ എന്ന ഒറിജിനൽ പേരിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യയിൽ ഒരു പുതിയ ഐഡന്റിറ്റി സൃഷ്ടിക്കാനുള്ള തീരുമാനത്തിന് പിന്നിൽ വലിയ ആലോചനയുണ്ടായിരുന്നു. ‘ബിഗ് ബ്രദർ’ന്റെ അവകാശം സ്വന്തമാക്കിയ ശേഷവും പേര് മാറ്റാൻ അനുമതി ലഭിക്കുക എളുപ്പമായിരുന്നില്ല. ഇതിനകം വലിയ തുക നൽകി ഷോയുടെ അവകാശം സ്വന്തമാക്കിയ സാഹചര്യത്തിൽ എന്തിനാണ് പേര് മാറ്റുന്നതെന്ന ചോദ്യം പോലും ഉയർന്നിരുന്നു.

‘ബോസ്' എന്നത് ഇന്ത്യക്കാർ സാധാരണ സംസാരത്തിൽ ഉപയോഗിക്കുന്ന വലിയൊരു വാക്കാണ്. ഓഫീസിലും വീട്ടിലും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമിടയിലും നമ്മൾ ‘ബോസ്' എന്ന് പറയാറുണ്ട്. ഇന്ത്യയിൽ ഈ ഫ്രാഞ്ചൈസിയെ വലിയ രീതിയിൽ വളർത്താൻ കഴിയുന്ന ഒരു പേരാണ് എനിക്ക് വേണ്ടിയിരുന്നത്. ഒടുവിൽ ഒരുപാട് എതിർപ്പുകൾക്ക് ശേഷം അവർ സമ്മതിച്ചുവെന്ന് ദീപക് ധർ പറഞ്ഞു.