സ്പീഡിൽ ഇനി സംശയം വേണ്ട! 26000 പുതിയ 4G ടവറുകളുമായി ബിഎസ്എൻഎൽ
BSNL 4G rollout: രാജ്യവ്യാപകമായി 26,000 പുതിയ 4G ടവറുകൾ സ്ഥാപിക്കുന്നതിന് ബിഎസ്എൻഎല്ലിന് കേന്ദ്ര സർക്കാർ അനുമതി ലഭിച്ചു. 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാനാകുന്ന 4ജി വ്യാപനമാണ് ബിഎസ്എൻഎൽ നടത്തിവരുന്നത്. ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ടെലിക്കോം സേവനങ്ങൾ വാഗ്ദാനം ചെയ്തിട്ടും വരിക്കാരുടെ എണ്ണത്തിൽ ഏറ്റവും പിന്നിലുള്ള ടെലിക്കോം കമ്പനിയാണ് ബിഎസ്എൻഎൽ. ഡാറ്റ സേവനങ്ങളിൽ നേരിടുന്ന വേഗതക്കുറവ് ബിഎസ്എൻഎൽ നേരിടുന്ന ഒരു പ്രധാന തിരിച്ചടിയാണ്.

ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) വരിക്കാർക്ക് ഒരു സന്തോഷ വാർത്ത. രാജ്യവ്യാപകമായി 26,000 പുതിയ 4G ടവറുകൾ സ്ഥാപിക്കുന്നതിന് ബിഎസ്എൻഎല്ലിന് കേന്ദ്ര സർക്കാർ അനുമതി ലഭിച്ചു. കൂടുതൽ ടവറുകൾ സ്ഥാപിക്കുന്നതിനുള്ള അനുമതിക്കായി പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ കുറച്ചുകാലമായി കേന്ദ്ര മന്ത്രിസഭയോട് അഭ്യർത്ഥിച്ചുവരികയായിരുന്നു. (Image credit: Getty Images)

ഏതാനുംനാൾ മുമ്പ് നടന്ന ആദ്യഘട്ട 4ജി വ്യാപനത്തിന്റെ ഭാഗമായി ഏതാണ്ട് 1 ലക്ഷം 4ജി ടവറുകൾ മാത്രമാണ് ബിഎസ്എൻഎൽ സ്ഥാപിച്ചിട്ടുള്ളത്. ഇപ്പോൾ 26000 പുതിയ ടവറുകൾ കൂടി എത്തുന്നതോടെ ഈ പുതിയ ടവറുകൾ സ്ഥാപിക്കുന്ന പ്രദേശങ്ങളിൽ ഡാറ്റ ഉൾപ്പെടെയുള്ള ബിഎസ്എൻഎൽ സേവനങ്ങൾക്ക് വേഗം കൂടും.

ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ടെലിക്കോം സേവനങ്ങൾ വാഗ്ദാനം ചെയ്തിട്ടും വരിക്കാരുടെ എണ്ണത്തിൽ ഏറ്റവും പിന്നിലുള്ള ടെലിക്കോം കമ്പനിയാണ് ബിഎസ്എൻഎൽ. ഡാറ്റ സേവനങ്ങളിൽ നേരിടുന്ന വേഗതക്കുറവ് ബിഎസ്എൻഎൽ നേരിടുന്ന ഒരു പ്രധാന തിരിച്ചടിയാണ്. മറ്റ് ടെലിക്കോം കമ്പനികൾ 5ജി വ്യാപനം വരെ ഏറെക്കുറേ പൂർത്തിക്കി. എന്നാൽ ബിഎസ്എൻഎൽ ഇപ്പോഴും 4ജി വ്യാപനത്തിനായി കഷ്ടപ്പെടുന്നു എന്നതാണ് അവസ്ഥ.

ഇന്ത്യയിലെമ്പാടുമുള്ള ബിഎസ്എൻഎൽ വരിക്കാരുടെ ടെലിക്കോം ആവശ്യങ്ങൾക്ക് നിലവിലുള്ള ഒരുലക്ഷം ടവറുകൾ പര്യാപ്തമല്ല. ഇപ്പോൾ 26000 പുതിയ ടവറുകൾക്ക് അനുമതി ലഭിച്ചു, ഇവ എത്തുന്നതോടെ കുറച്ചധികം പ്രദേശങ്ങളിൽക്കൂടി ബിഎസ്എൻഎല്ലിന് നില മെച്ചപ്പെടുത്താൻ സാധിക്കും എന്നതാണ് ആശ്വാസകരം. മറ്റ് ടെലിക്കോം കമ്പനികളുമായി കിടപിടിക്കണമെങ്കിൽ ബിഎസ്എൻഎല്ലിന് ഇനിയും ഏകദേശം 1 ലക്ഷം മുതൽ 2 ലക്ഷം വരെ അധിക ടവറുകൾ കൂടി ആവശ്യമാണ്.

സ്മാർട്ട്ഫോൺ ഉപയോഗം വർധിച്ച ഇക്കാലത്ത് ആളുകൾ ഡാറ്റ വേഗതയ്ക്ക് വളരെ പ്രാധാന്യം നൽകുന്നു. അതിനാലാണ് കുറഞ്ഞ വിലയിൽ സേവനങ്ങൾ ലഭ്യമാക്കുന്ന ബിഎസ്എൻഎല്ലിനെ മറികടന്ന് ആളുകൾ മികച്ച വേഗതയിൽ സേവനങ്ങൾ ലഭ്യമാക്കിയ ജിയോ, എയർടെൽ, വിഐ എന്നീ ടെലിക്കോം കമ്പനികളെ തെരഞ്ഞെടുക്കുന്നത്. നേരത്തെ തന്നെ 4ജി വ്യാപനത്തിൽ ശക്തിതെളിയിച്ച സ്വകാര്യ ടെലിക്കോം കമ്പനികൾ ഇതിനകം 5ജിയിലും മേൽക്കൈ നേടിക്കഴിഞ്ഞു.

ജിയോയും എയർടെലും ഇതിനകം രാജ്യത്തിന്റെ പ്രധാന ഭാഗങ്ങളിലെല്ലാം തങ്ങളുടെ 5ജി സേവനം ആരംഭിച്ചിട്ടുണ്ട്. വിഐ 5ജി വ്യാപനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ബിഎസ്എൻഎൽ മാത്രമാണ് ഇനി 5ജി സേവനം ആരംഭിക്കാനുള്ളത്. 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാനാകുന്ന 4ജി വ്യാപനമാണ് ബിഎസ്എൻഎൽ നടത്തിവരുന്നത്. ഒരുലക്ഷം ടവറുകൾ പൂർത്തിയായ ഘട്ടത്തിൽ അടുത്തതായി ബിഎസ്എൻഎൽ 5ജി വ്യാപനം ആരംഭിക്കും എന്ന് പ്രഖ്യാപനങ്ങൾ വന്നിരുന്നെങ്കിലും കഴിഞ്ഞ കുറച്ചുനാളുകളായി ഇത് സംബന്ധിച്ച് പ്രതികരണങ്ങളൊന്നും ലഭ്യമാകുന്നില്ല.