D Gukesh: തൻ്റെ കരു വലിച്ചെറിഞ്ഞ നകാമുറയെ തോല്പിച്ച് ഗുകേഷ്; ശേഷം ചെയ്തതിന് കയ്യടിച്ച് കായികലോകം
D Gukesh vs Hikaru Nakamura: ഹികാരു നകാമുറയെ തോൽപിച്ചതിന് ശേഷം ഡി ഗുകേഷ് നടത്തിയ പ്രവൃത്തി വൈറൽ. ഈ മാസം തുടക്കത്തിൽ ഗുകേഷിൻ്റെ കരുവിനെ വലിച്ചെറിഞ്ഞ താരമാണ് നകാമുറ.

തൻ്റെ കരു വലിച്ചെറിഞ്ഞ് വിവാദത്തിലായ അമേരിക്കൻ ഗ്രാൻഡ് മാസ്റ്റർ ഹികാരു നകാമുറയെ തോല്പിച്ച് പ്രതികാരം വീട്ടി ലോക ചെസ് ചാമ്പ്യനായ ഗുകേഷ്. അമേരിക്കയിലെ സെൻ്റ് ലൂയിൽ നടന്ന ക്ലച്ച് ചെസ് ചാമ്പ്യൻസ് ഷോഡൗൺ 2025ലാണ് ഗുകേഷിൻ്റെ പകരം വീട്ടൽ. (Image Credits- PTI)

യുഎസ്എ - ഇന്ത്യ പ്രദർശനമത്സരത്തിൽ ഗുകേഷിനെ പരാജയപ്പെടുത്തിയതിന് ശേഷമാണ് നകാമുറ എതിരാളിയുടെ രാജാവിനെ ആൾക്കൂട്ടത്തിലേക്ക് വലിച്ചെറിഞ്ഞത്. ഇത് വ്യാപകമായി വിമർശിക്കപ്പെട്ടു. ഇതോടെ ഇന്നത്തെ മത്സരം കായികലോകത്തിൻ്റെ ശ്രദ്ധാകേന്ദ്രമായിരുന്നു.

ഇന്ന് നടന്ന മത്സരത്തിൻ്റെ രണ്ടാം റൗണ്ടിൽ ആദ്യത്തെ ഗെയിമിലാണ് ഗുകേഷിൻ്റെ വിജയം. കറുത്ത കരുക്കൾ കൊണ്ടാണ് താരം കളിച്ചത്. വിജയത്തിന് ശേഷം ഗുകേഷ് ഉടൻ തന്നെ ചെസ് ബോർഡിൽ കരുക്കൾ നിരത്തി. ഇത് താരത്തിൻ്റെ സ്പോർട്സ്മാൻഷിപ്പ് ആയാണ് വിലയിരുത്തൽ.

ഈ മാസം അഞ്ചിനാണ് നകാമുറ ഗുകേഷിൻ്റെ കരു വലിച്ചെറിഞ്ഞത്. മത്സരത്തിൽ വിജയിച്ച ഉടൻ നകാമുറ ഗുകേഷിൻ്റെ രാജാവിനെ ആൾക്കൂട്ടത്തിലേക്കെറിയുകയായിരുന്നു. ഇത് അപമാനിക്കാനായിരുന്നില്ലെന്നും കാണികളെ രസിപ്പിക്കാൻ വേണ്ടിയായിരുന്നു എന്നും നകാമുറ പറഞ്ഞിരുന്നു.

19 വയസുകാരനായ ഡി ഗുകേഷ് ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനാണ്. തമിഴ്നാട് സ്വദേശിയായ താരത്തിന് 2019ൽ ഗ്രാൻഡ് മാസ്റ്റർ ടൈറ്റിൽ ലഭിച്ചു. 2024ലാണ് താരം ലോക ചാമ്പ്യനായത്. നിലവിൽ 11ആം റാങ്കിലാണ് ഗുകേഷ്. മാർച്ചിൽ മൂന്നാം റാങ്കിലെത്തിയിരുന്നു.