CSK-MS Dhoni: സിഎസ്‌കെയിൽ ധോണി 25% ഓഹരി ആവശ്യപ്പെട്ടോ? ഒടുവിൽ മൗനം വെടിഞ്ഞ് മാനേജ്‌മെന്റ്
MS Dhoni CSK Stake Rumors : എം.എസ്. ധോണി ചെന്നൈ സൂപ്പർ കിങ്സിൽ (സിഎസ്‌കെ) 25 ശതമാനം ഓഹരി ആവശ്യപ്പെട്ടുവെന്ന അഭ്യൂഹം വ്യാപകമായിരുന്നു. ധോണി ആദ്യം 25 ശതമാനം ഓഹരി ആവശ്യപ്പെട്ടെന്നും, പിന്നീട് അത് 20 ശതമാനമായി കുറച്ചെന്നുമായിരുന്നു പ്രചാരണം.

എം.എസ്. ധോണി ചെന്നൈ സൂപ്പർ കിങ്സിൽ (സിഎസ്‌കെ) 25 ശതമാനം ഓഹരി ആവശ്യപ്പെട്ടുവെന്ന അഭ്യൂഹം വ്യാപകമായിരുന്നു. ആദ്യം 25 ശതമാനം ഓഹരി ആവശ്യപ്പെട്ടെന്നും, പിന്നീട് അത് 20 ശതമാനമായി കുറച്ചെന്നുമായിരുന്നു പ്രചാരണം. തുടർന്ന് ഫ്രാഞ്ചൈസി ധോണിക്ക് 5.5 ശതമാനം ഓഹരി വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചു. ഈ വിഷയത്തിൽ ഒടുവിൽ ഔദ്യോഗിക പ്രതികരണവുമായി സിഎസ്‌കെ മാനേജ്‌മെന്റ് തന്നെ രംഗത്തെത്തിയിരിക്കുകയാണ് (Image Credit Source: PTI).

"എം.എസ് ധോണി ഒരിക്കലും ഞങ്ങളോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ല. ഞങ്ങൾ ഇതേക്കുറിച്ച് ചർച്ച ചെയ്തിട്ടുമില്ല. മുൻ ബിസിസിഐ പ്രസിഡന്റ് ശ്രീ. എൻ ശ്രീനിവാസനുമായി ധോണി ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംസാരിച്ചതായി ഞങ്ങൾക്ക് യാതൊരു വിവരവുമില്ല," എന്ന് സിഎസ്‌കെ വൃത്തങ്ങള്‍ ക്രിക്ബസ്സിനോട് പ്രതികരിച്ചു.

ധോണിക്ക് ഫ്രാഞ്ചൈസിയിൽ ചില ഓഹരികൾ സ്വന്തമായുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. സിഎസ്‌കെയുടെ ഓഹരികൾ ഓപ്പൺ മാർക്കറ്റിൽ ട്രേഡ് ചെയ്യപ്പെടാത്ത ഒരു അൺലിസ്റ്റഡ് കമ്പനിയായതിനാൽ, "ഓഫ്-മാർക്കറ്റ് ഇടപാടുകൾ വഴി ഇവ സ്വകാര്യമായി സ്വന്തമാക്കാനാകും. ധോണിയുടെ പക്കൽ ഒരു ലക്ഷത്തിലധികം ഓഹരികൾ ഉണ്ടെന്നാണ് വിവരം.

എന്നാൽ ഇതൊരു വലിയ തുകയല്ല. കാരണം പൊതുജനങ്ങളുടെ കൈവശം 30 കോടിയിലധികം ഔട്ട്സ്റ്റാൻഡിംഗ് ഓഹരികളുണ്ട്. ഇത് ഫ്രാഞ്ചൈസിയുടെ ആകെ ഓഹരി മൂലധനത്തിന്റെ 40 ശതമാനത്തോളം വരുമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എൻ ശ്രീനിവാസന്റെ കുടുംബത്തിനാണ് 55 ശതമാനത്തിലധികം വരുന്ന സിഎസ്‌കെയുടെ സിംഹഭാഗം ഓഹരികളുടെയും നിയന്ത്രണാവകാശമുള്ളത്.

ഒരു ഐപിഎൽ ഫ്രാഞ്ചൈസിയുടെ നിലവിലെ വിപണി മൂല്യം വച്ചുനോക്കുമ്പോൾ, ധോണിയുടെ കൈവശമുള്ള ഓഹരികളുടെ മൂല്യം ഏകദേശം 2.6 മുതൽ 3 കോടി രൂപ വരെ വരും. ധോണിയുടെ ആകെ ആസ്തി ഏകദേശം 1,200 കോടി രൂപയാണെന്നാണ് കണക്കാക്കപ്പെടുന്നത്. ധോണി ഓഹരി ആവശ്യപ്പെട്ടു എന്ന വാർത്ത തികച്ചും അവാസ്തവമാണെന്നും ഇത് മനപ്പൂർവ്വം പ്രചരിപ്പിച്ച കഥയാണെന്നും മുന്‍ താരം ആകാശ് ചോപ്ര പ്രതികരിച്ചു. ഒരു ഐപിഎൽ ടീമിലും ആരും ആർക്കും 25 ശതമാനം ഓഹരികൾ വെറുതെ നൽകില്ലെന്നും അദ്ദേഹം പറഞ്ഞു.