Gardening Tips: കൊഴിഞ്ഞുവീഴുന്ന പൂക്കൾ വെറുതെ കളയല്ലേ…. ഒന്നല്ല 5 ഗുണങ്ങളുണ്ട്!
Fallen flowers uses: പൂന്തോട്ടത്തിൽ വിരിഞ്ഞുനിൽക്കുന്ന പൂക്കൾ കാണാൻ ഏറെ ഭംഗിയാണ്. എന്നാൽ അവ വാടി താഴെ വീഴുമ്പോൾ നമ്മളിൽ ഭൂരിഭാഗം ആളുകളും അത് വാരെയെറിഞ്ഞു കളയുകയാണ് പതിവ്. എന്നാൽ ഇങ്ങനെ കൊഴിഞ്ഞുവീഴുന്ന പൂക്കൾ കൊണ്ട് പൂന്തോട്ടത്തിന് പോഷകം നൽകാനും വീടകം മനോഹരമാക്കാനും സാധിക്കുമെന്ന് അറിയാമോ?

പൂന്തോട്ടത്തിൽ വീഴുന്ന പൂക്കൾ കമ്പോസ്റ്റ് ബിന്നിലേക്ക് മാറ്റുന്നതാണ് ഏറ്റവും ലളിതമായ വഴി. ജൈവവസ്തുക്കളായതിനാൽ ഇവ പെട്ടെന്ന് ജീർണിച്ച് മണ്ണിൽ ലയിച്ചുചേരും. നൈട്രജൻ അടക്കമുള്ള അവശ്യ പോഷകങ്ങൾ മണ്ണിലേക്ക് തിരികെ നൽകാൻ ഇത് സഹായിക്കുന്നു. എന്നാൽ കമ്പോസ്റ്റിലേക്ക് ഇടുന്നതിന് മുമ്പ് പൂക്കളിൽ കെട്ടിയിരിക്കുന്ന പ്ലാസ്റ്റിക് ചരടുകളോ കമ്പികളോ നീക്കം ചെയ്യാൻ ശ്രദ്ധിക്കുക. (Image Credit source: Getty Images)

കൊഴിഞ്ഞുവീഴുന്ന ഭംഗിയുള്ള പൂക്കൾ ഉണക്കിയെടുത്ത് വീടിനകം അലങ്കരിക്കാൻ ഉപയോഗിക്കാം. നല്ല ഇരുണ്ടതും ഈർപ്പമില്ലാത്തതുമായ സ്ഥലത്ത് തലകീഴായി തൂക്കിയിട്ടോ, കട്ടിയുള്ള പുസ്തകങ്ങൾക്കിടയിൽ അമർത്തിവെച്ചോ പൂക്കൾ ഉണക്കിയെടുക്കാം. ഇവ ഉപയോഗിച്ച് വാൾ ആർട്ടുകൾ, ഫ്രെയിമുകൾ, റീത്ത് എന്നിവ നിർമ്മിക്കാം.

പൂവിതളുകൾ ഉപയോഗിച്ച് ആകർഷകമായ കരകൗശല വസ്തുക്കൾ ഉണ്ടാക്കാം. റെസിൻ ക്രാഫ്റ്റുകളിൽ പൂവിതളുകൾ ഉപയോഗിച്ച് ബുക്ക്‌മാർക്കുകൾ, കോസ്റ്ററുകൾ എന്നിവ നിർമ്മിക്കുന്നത് പുതിയ തരംഗമാണ്. കൂടാതെ, കൈകൊണ്ട് നിർമ്മിക്കുന്ന ഗ്രീറ്റിംഗ് കാർഡുകളിലും കൊളാഷുകളിലും ഈ പൂവിതളുകൾ പതിപ്പിച്ച് പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാം.

റോസ്, ലാവെൻഡർ തുടങ്ങിയ സുഗന്ധമുള്ള പൂക്കളുടെ വാടിയ ഇതളുകൾ ശേഖരിച്ച് ഉണക്കിയെടുക്കുക. ഇതിലേക്ക് ഏതാനും തുള്ളി എസൻഷ്യൽ ഓയിലുകൾ ചേർത്ത് ഒരു പാത്രത്തിൽ വെച്ചാൽ മുറിക്കുള്ളിൽ എപ്പോഴും സ്വാഭാവിക സുഗന്ധം നിറഞ്ഞുനിൽക്കും.

അതുപോലെ, ചെടികളുടെ ചുവട്ടിൽ പൂവിതളുകളും ചെറിയ പൂക്കളും വിതറുന്നത് മികച്ചൊരു മൾച്ചിംഗ് രീതിയാണ്. ഇത് മണ്ണിലെ ഈർപ്പം നിലനിർത്താനും അമിതമായി കളകൾ വളരുന്നത് തടയാനും സഹായിക്കും. മണ്ണിൽ ജീർണിക്കുന്നതിലൂടെ ഇവ ചെടികൾക്ക് ആവശ്യമായ ജൈവവളം നൽകുകയും ചെയ്യും.