Kerala Gold Rate: ഇപ്പൊ കുറയും നോക്കിയിരുന്നോ! സ്വര്‍ണവില കുറയാനൊന്നും പോകുന്നില്ല
Gold Price Forecast: സ്വര്‍ണവില അടുത്തകാലത്തൊന്നും കുറയാന്‍ പോകുന്നില്ലെന്നും, കുറഞ്ഞാല്‍ തന്നെ അത് വെറും 2,000 രൂപയായിരിക്കുമെന്നും വ്യാപാരി പറയുന്നത് കേള്‍ക്കൂ.

സ്വര്‍ണവില ഇപ്പോഴും ശരിയായ ട്രാക്കിലേക്ക് എത്തിയിട്ടില്ല. കൂടിയും കുറഞ്ഞും മുന്നേറുകയാണ് സ്വര്‍ണം. രാവിലെ ഉയര്‍ന്ന സ്വര്‍ണം ഉച്ചയ്ക്ക് വില താഴ്ത്തുന്ന കാഴ്ചയും, വില വീണ്ടും ഉയര്‍ത്തുന്ന കാഴ്ചയുമെല്ലാം ഇപ്പോള്‍ സര്‍വ്വ സാധാരണം. എന്നാല്‍ എന്നാണ് സ്വര്‍ണം സ്ഥിരമായൊരു നിരക്കിലേക്ക് എത്തുന്നതെന്ന് അറിയാനാണ് എല്ലാവര്‍ക്കും താത്പര്യം. (Image Credits: Getty Images)

എന്നാല്‍ സ്വര്‍ണവിലയില്‍ വലിയതോതിലുള്ള ഉയര്‍ച്ചയ്ക്കും താഴ്ചയ്ക്കും സാധ്യതയില്ലെന്നാണ് വ്യാപാരിയായ അരുണ്‍ മാര്‍ക്കോസ് സീ ന്യൂസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. സ്വര്‍ണം നിലവില്‍ വില്‍ക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് അനുകൂലമായ സാഹചര്യം ഒരുക്കിയാണ് മുന്നേറുന്നതെന്ന് അദ്ദേഹം പറയുന്നു.

ആളുകള്‍ ജ്വല്ലറികളിലേക്ക് സ്വര്‍ണം വാങ്ങിക്കാനായി എത്തിത്തുടങ്ങാനുള്ള സാഹചര്യം വന്നെത്തുന്നതേ ഉള്ളൂ. സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. സ്വര്‍ണവില ഇനിയും ഉയരുമോ താഴുമോ എന്ന ആശങ്ക ഇപ്പോഴും നിലനില്‍ക്കുന്നു. അതിനാല്‍ തന്നെ ആളുകള്‍ വ്യാപാര സ്ഥാപനങ്ങളിലേക്ക് കൂടുതലായി എത്തുന്ന സാഹചര്യമില്ലെന്നും അദ്ദേഹം പറയുന്നു.

നിലവിലെ സ്ഥിതി അനുസരിച്ച് അടുത്തകാലത്തൊന്നും സ്വര്‍ണവില 70,000 ത്തിലേക്ക് പോലും വീഴാന്‍ സാധ്യതയില്ല. കുറവ് സംഭവിച്ചാലും 2,000 രൂപ വരെയൊക്കെയേ സംഭവിക്കൂ. ഓരോ ദിവസവും ഉണ്ടാകുന്ന മാറ്റങ്ങളും വിദേശരാജ്യങ്ങളിലെ സാഹചര്യങ്ങളും അനുസരിച്ചാണല്ലോ സ്വര്‍ണവില മാറുന്നത്. അതിനാല്‍ തന്നെ കൃത്യമായ പ്രഡിക്ഷന്‍ നടത്താന്‍ സാധിക്കില്ല.

യുഎസ് ഏര്‍പ്പെടുത്തിയ തീരുവ പോലെ, അത്രയും സ്വാധീനം ചെലുത്താന്‍ സാധിക്കുന്ന എന്തെങ്കിലും സംഭവിച്ചാല്‍ മാത്രമേ വില ഒരു ലക്ഷത്തിലേക്ക് പോകുകയുള്ളൂ. നിലവില്‍ ചെറിയ ഏറ്റക്കുറച്ചിലുകളില്‍ മുന്നോട്ടുപോകാനാണ് സാധ്യതയെന്നും അരുണ്‍ മാര്‍ക്കോസ് പറയുന്നു.