Hansika Krishna: “സീനിലെ നസ്രിയയെ പോലെ ഫൈറ്റ് ചെയ്യണം” സ്വപ്ന കഥാപാത്രങ്ങളെ കുറിച്ച് വെളിപ്പെടുത്തി ഹൻസിക കൃഷ്ണ
Hansika Krishna Opens Up About Her Wish List in Cinema: സാമൂഹ്യ മാധ്യമങ്ങളിലെ താരമായിരുന്ന ഹൻസിക കൃഷ്ണയ്ക്ക് അമൽ നീരദ് ചിത്രമായ 'ബാച്ചിലർ പാർട്ടി ഡൂ'വിലൂടെ സ്വപ്ന തുല്യമായ സിനിമാ അരങ്ങേറ്റമാണ് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ തൻ്റെ സ്വപ്ന കഥാപാത്രങ്ങളെക്കുറിച്ചും പ്രിയപ്പെട്ട സിനിമകളെക്കുറിച്ചും തുറന്ന് സംസാരിക്കുകയാണ് താരം. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഭാവിയിൽ ചെയ്യാൻ ആഗ്രഹിക്കുന്ന വേഷങ്ങളെക്കുറിച്ച് താരം സംസാരിച്ചത്. സ്കൂൾ-കോളേജ് വിദ്യാർത്ഥിനിയായുള്ള വേഷങ്ങളും, സ്ത്രീകൾക്ക് പ്രാധാന്യം നൽകുന്ന മികച്ച ആക്ഷൻ കഥാപാത്രളും ചെയ്യണമെന്ന് വലിയ ആഗ്രഹമുണ്ടെന്ന് താരം പറയുന്നു

ഭാവിയിൽ ഏത് തരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്യാനാണ് കൂടുതൽ താല്പര്യമെന്ന ചോദ്യത്തിന് വളരെ ആവേശത്തോടെയാണ് ഹൻസിക മറുപടി നൽകിയത്. ഒരു സ്കൂൾ വിദ്യാർത്ഥിനിയായോ കോളേജ് വിദ്യാർത്ഥിനിയായോ അഭിനയിക്കാൻ ഇപ്പോൾ ഏറെ ആഗ്രഹിക്കുന്നുണ്ട്..ഈ പ്രായത്തിൽ അത്തരം കഥാപാത്രങ്ങൾ ചെയ്യാൻ തനിക്കാകും. എന്നാൽ കുറച്ചു വർഷങ്ങൾ കഴിഞ്ഞാൽ പ്രായം കാരണം സ്കൂൾ കുട്ടിയായി അഭിനയിക്കാൻ കഴിയില്ലെന്നും താരം ചൂണ്ടിക്കാട്ടുന്നു. (Image Credit Source Social Media)

ഇതിനുപുറമെ ഫൈറ്റ് സീനുകളുള്ള ആക്ഷൻ കഥാപാത്രങ്ങൾ ചെയ്യാനും തനിക്ക് വലിയ ആഗ്രഹമുണ്ടെന്ന് ഹൻസിക തുറന്നുപറഞ്ഞു. സ്ത്രീകൾക്ക് പ്രാധാന്യവും നൽകുന്ന 'ഗേൾ പവർ' വേഷങ്ങൾ ചെയ്യണം എന്ന് ആഗ്രഹമുണ്ട്. സീൻ സിനിമയിലെ നസ്രിയയുടെ ഫൈറ്റ് കണ്ടപ്പോൾ തനിക്കും അത്തരം വേഷങ്ങൾ ചെയ്യണം എന്ന് തോന്നി. 'ലോക' എന്ന ചിത്രത്തിൽ കല്യാണി പ്രിയദർശൻ ചെയ്തതുപോലെയുള്ള മികച്ച ആക്ഷൻ രംഗങ്ങൾ കാണുമ്പോൾ വലിയ ആവേശം തോന്നാറുണ്ടെന്നും ഹൻസിക പറയുന്നു.

അഭിനയത്തോടുള്ള തൻ്റെ ഇഷ്ടം വളർത്താൻ കാരണമായ പ്രിയപ്പെട്ട സിനിമകളെക്കുറിച്ചും ഹൻസിക അഭിമുഖത്തിൽ സംസാരിച്ചു. 'കുമ്പളങ്ങി നൈറ്റ്സ്' എന്ന ചിത്രം തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്ന് താരം പറഞ്ഞു. ആ സിനിമ ഇറങ്ങിയപ്പോൾ താൻ വളരെ ചെറുപ്പമായിരുന്നു. ഫഹദ് ഫാസിലിൻ്റെ അഭിനയവും മറ്റു താരങ്ങളു മികച്ച പ്രകടനവും തന്നെ ആ സിനിമയുടെ വലിയ ആരാധികയാക്കി മാറ്റിയെന്നും ഹൻസിക ഓർത്തെടുത്തു.

'പാവ കഥൈകൾ' എന്ന ചിത്രത്തിലെ സായ് പല്ലവിയുടെ പ്രകടനം തന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ടെന്നും താരം വ്യക്തമാക്കി. കുറച്ചുകാലം മുൻപ് ടിവിയിലാണ് ആ സിനിമ കണ്ടത്. സായ് പല്ലവിയുടെ ആ പ്രകടനം കണ്ടപ്പോഴാണ് അഭിനയം എത്ര വലിയൊരു കഴിവാണെന്ന് താൻ ചിന്തിച്ചതെന്നും, അത്തരം കഥാപാത്രങ്ങൾ തനിക്ക് ഏറെ ഇഷ്ടമാണെന്നും ഹൻസിക കൃഷ്ണ കൂട്ടിച്ചേർത്തു.

കോളേജ് കാലത്ത് കണ്ട 'ആവേശം', 'പ്രേമലു' തുടങ്ങിയ ഫൺ-കോമഡി സിനിമകൾ തൻ്റെ മനസ്സിൽ ഇപ്പോഴും തങ്ങിനിൽക്കുന്നവയാണെന്ന് ഹൻസിക പറയുന്നു. തമാശ നിറഞ്ഞ ചിത്രങ്ങൾക്ക് പുറമെ വൈകാരികമായ കഥകൾ പറയുന്ന സിനിമകളും ത്രില്ലർ ചിത്രങ്ങളും കാണാൻ തനിക്ക് ഏറെ ഇഷ്ടമാണ്. എന്നാൽ ഹൊറർ ചിത്രങ്ങൾ താൻ ഒട്ടും കാണാറില്ലെന്നും ഹൻസിക ചിരിയോടെ വെളിപ്പെടുത്തി.