Kerala vs Assam: ഓപ്പണറായി തിരിച്ചെത്തുമോ സഞ്ജു? അസമിനെ നേരിടാന്‍ കേരളം റെഡി
Kerala Eye Easy Win Against Assam in Syed Mushtaq Ali Trophy: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ നാളെ നടക്കുന്ന മത്സരത്തില്‍ കേരളം അസമിനെ നേരിടും. രാവിലെ 8.30-നാണ് മത്സരം. താരതമ്യേന ദുര്‍ബലരായ അസമിനെതിരെ അനായാസ ജയമാണ് സഞ്ജു സാംസണ്‍ നയിക്കുന്ന കേരളം ലക്ഷ്യമിടുന്നത്. നാളെ നടക്കുന്ന മത്സരത്തിലും സഞ്ജു ഓപ്പണറായി കളിക്കാനുള്ള സാധ്യത കുറവാണ്.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ നാളെ (നവംബര്‍ 24) നടക്കുന്ന മത്സരത്തില്‍ കേരളം അസമിനെ നേരിടും. രാവിലെ 8.30-നാണ് മത്സരം. താരതമ്യേന ദുര്‍ബലരായ അസമിനെതിരെ അനായാസ ജയമാണ് സഞ്ജു സാംസണ്‍ നയിക്കുന്ന കേരളം ലക്ഷ്യമിടുന്നത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയവും, രണ്ട് തോല്‍വിയുമായി 12 പോയിന്റുകളുള്ള കേരളം എലൈറ്റ് സിയില്‍ നിലവില്‍ അഞ്ചാമതാണ്. അഞ്ചും തോറ്റ അസമാണ് ഏറ്റവും അവസാന സ്ഥാനത്ത്. പുതുച്ചേരിക്കെതിരായ മത്സരത്തിലെ അതേ പ്ലേയിങ് ഇലവന്‍ തന്നെ അസമിനെതിരെ കേരളം നിലനിര്‍ത്താനാണ് സാധ്യത.
നാളെ നടക്കുന്ന മത്സരത്തിലും സഞ്ജു ഓപ്പണറായി കളിക്കാനുള്ള സാധ്യത കുറവാണ്. പുതുച്ചേരിക്കെതിരായ മത്സരത്തില്‍ ഓപ്പണര്‍മാരായി കളിച്ച മുഹമ്മദ് അസ്ഹറുദ്ദീനും, രോഹന്‍ കുന്നുമ്മലും അര്‍ധ സെഞ്ചുറികള്‍ നേടിയിരുന്നു. ഇരുവരും ഓപ്പണര്‍മാരായി തുടരാനാണ് സാധ്യത.
സ്ഥാനത്യാഗം സഞ്ജുവിന് തിരിച്ചടിയോ?
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ പല മത്സരങ്ങളിലും സഞ്ജു ബാറ്റിങ് ഓര്‍ഡറില്‍ താഴേക്ക് ഇറങ്ങി മധ്യനിരയിലാണ് കളിച്ചത്. ഇത് താരത്തിന്റെ ദേശീയ ടീമിലെ സാധ്യതകള്‍ക്ക് തിരിച്ചടിയാകുമോയെന്ന സംശയത്തിലാണ് ആരാധകര്‍.
അടുത്തിടെ നടന്ന ന്യൂസിലന്‍ഡ് പരമ്പരയിലെ അഞ്ച് മത്സരങ്ങളില്‍, ആദ്യ ടി20യില്‍ മാത്രമാണ് സഞ്ജു മികച്ച പ്രകടനം പുറത്തെടുത്തത്. തുടര്‍ന്ന് നടന്ന നാലു മത്സരങ്ങളിലും നിരാശപ്പെടുത്തി. ഇനി ഡിസംബറിലാണ് ഇന്ത്യയ്ക്ക് അടുത്ത ടി20 പരമ്പര. ശ്രീലങ്കയ്‌ക്കെതിരെ നടക്കുന്ന ഈ പരമ്പരയില്‍ സഞ്ജു ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെടുമോയെന്ന് പോലും വ്യക്തമല്ല.
വൈഭവ് സൂര്യവംശി-അഭിഷേക് ശര്‍മ സഖ്യത്തെ ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ ഇന്ത്യ ഓപ്പണര്‍മാരായി കളിപ്പിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഓപ്പണറായി കളിച്ച് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തിരുന്നെങ്കില്‍ സഞ്ജുവിന്റെ സാധ്യതകള്‍ ശക്തമാകുമായിരുന്നു.
മധ്യനിരയില്‍ മികവ് പുറത്തെടുത്താല്‍ പോലും ദേശീയ ടീമില്‍ അത് ഉപകരിക്കണമെന്നില്ല. ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, തിലക് വര്‍മ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന മധ്യനിരയില്‍ സഞ്ജുവിന് സ്ഥാനം കണ്ടെത്തുക പ്രയാസകരമാണ്. ഓപ്പണിങ് സ്ഥാനം തന്നെയാണ് നിലവില്‍ സഞ്ജുവിന് ഉചിതമായ പൊസിഷന്‍. എന്നിട്ടും താരം സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഓപ്പണിങ് സ്ഥാനം വിട്ടുകൊടുത്തത് അശുഭസൂചനയായി കാണുന്നവരുണ്ട്.
സഹതാരങ്ങള്‍ക്ക് ബാറ്റിങിന് അവസരം ഉറപ്പാക്കുന്നതിനും, മധ്യനിരയ്ക്ക് കരുത്ത് പകരുന്നതിനുമുള്ള ഈ നീക്കം നിസ്വാര്‍ത്ഥമായാണ് വിലയിരുത്തപ്പെടുന്നത്. എങ്കിലും, ടൂര്‍ണമെന്റില്‍ ഇനിയുള്ള മത്സങ്ങളിലെങ്കിലും ഓപ്പണറായോ, അല്ലെങ്കില്‍ വണ്‍ ഡൗണായോ താരം കളിക്കണമെന്ന ആവശ്യം ശക്തമാണ്.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവിന്റെ ഇതുവരെയുള്ള പ്രകടനം
| എതിര്‍ടീം | നേടിയ റണ്‍സ് | ബാറ്റു ചെയ്ത പൊസിഷന്‍ |
| മധ്യപ്രദേശ് | മൂന്ന് പന്തില്‍ നാല് | ഓപ്പണര്‍ |
| മഹാരാഷ്ട്ര | 16 പന്തില്‍ 47 | നാലാമത് |
| ആന്ധ്രാപ്രദേശ് | 13 പന്തില്‍ 26 | ഓപ്പണര്‍ |
| ത്രിപുര | മൂന്ന് പന്തില്‍ രണ്ട് നോട്ടൗട്ട് | ഏഴാമത് |
| പുതുച്ചേരി | ഒമ്പത് പന്തില്‍ 17 | നാലാമത് |
ഓപ്പണറായി കളിച്ചത് രണ്ട് തവണ മാത്രം
- മധ്യപ്രദേശിനെതിരെയും, ആന്ധ്രയ്‌ക്കെതിരെയും നടന്ന മത്സരങ്ങളില്‍ മാത്രമാണ് സഞ്ജു ഓപ്പണറായി കളിച്ചത്.
- ഇതുവരെ ആകെ നേടിയത് 44 പന്തില്‍ 96 റണ്‍സ്
കേരളത്തിന്റെ ഇതുവരെയുള്ള പ്രകടനം
- ആദ്യ മത്സരത്തില്‍ മധ്യപ്രദേശിനോട് അഞ്ച് വിക്കറ്റിന് തോറ്റു
- രണ്ടാം മത്സരത്തില്‍ മഹാരാഷ്ട്രയെ 94 റണ്‍സിന് തോല്‍പിച്ചു
- മൂന്നാം മത്സരത്തില്‍ ആന്ധ്രയോട് 29 റണ്‍സിന് തോറ്റു
- നാലാം മത്സരത്തില്‍ ത്രിപുരയെ അഞ്ച് വിക്കറ്റിന് കീഴടക്കി
- അഞ്ചാം മത്സരത്തില്‍ പുതുച്ചേരിയെ 18 റണ്‍സിന് പരാജയപ്പെടുത്തി
നാളെ അസമിനെതിരെയും, 26-ന് ഹിമാചല്‍ പ്രദേശിനെതിരെയുമാണ് കേരളത്തിന് ഇനി മത്സരങ്ങള്‍ അവശേഷിക്കുന്നത്. ടൂര്‍ണമെന്റിലെ മുന്നോട്ടുപോക്കിന് ഈ രണ്ട് മത്സരങ്ങളിലും വിജയം അനിവാര്യമാണ്.
English Summary
Kerala faces winless Assam tomorrow in a crucial Syed Mushtaq Ali Trophy match. Sanju Samson is expected to bat in the middle order again. Fans worry this move could hurt his India T20 comeback chances. Kerala must win their remaining games to stay in contention.