IPL 2027 Trade: ഹാര്‍ദ്ദിക് ഉന്നമിട്ടത് ഗില്ലിന്റെ നായകസ്ഥാനം, ഒടുവില്‍ പാളി! ട്രേഡ് നീക്കം പൊളിഞ്ഞതിങ്ങനെ
Hardik Pandya IPL Trade News: ഹാര്‍ദ്ദിക് പാണ്ഡ്യ ഗുജറാത്ത് ടൈറ്റന്‍സിലേക്ക് തിരിച്ചുപോകാന്‍ നീക്കം നടത്തിയിരുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. വീണ്ടും ക്യാപ്റ്റനാക്കണമെന്ന നിബന്ധന ഹാർദിക് മുന്നോട്ടുവെച്ചതോടെ ഈ നീക്കം പരാജയപ്പെട്ടുവെന്നാണ് വിവരം. ഹാർദിക്കിനെ ടീമിലേക്ക് തിരികെ കൊണ്ടുവരാൻ ഗുജറാത്ത് ടൈറ്റൻസ് തയ്യാറായിരുന്നു.

ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഐപിഎല്‍ ട്രേഡ് നീക്കവുമായി ബന്ധപ്പെട്ടുള്ള അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. മുംബൈ ഇന്ത്യന്‍സില്‍ നിന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കോ, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്കോ താരത്തെ ട്രേഡ് ചെയ്യുമെന്നായിരുന്നു ആദ്യം പ്രചരിച്ച അഭ്യൂഹം. താരം തന്റെ പഴയ ഫ്രാഞ്ചെസിയായ ഗുജറാത്ത് ടൈറ്റന്‍സിലേക്ക് തിരിച്ചുപോകാന്‍ നീക്കം നടത്തിയിരുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. വീണ്ടും ക്യാപ്റ്റനാക്കണമെന്ന നിബന്ധന ഹാർദിക് മുന്നോട്ടുവെച്ചതോടെ ഈ നീക്കം പരാജയപ്പെട്ടുവെന്നാണ് വിവരം (Image Credit Source: Getty Images).

ഹാർദിക്കിനെ ടീമിലേക്ക് തിരികെ കൊണ്ടുവരാൻ ഗുജറാത്ത് ടൈറ്റൻസ് തയ്യാറായിരുന്നുവെന്ന് 'ഇന്ത്യന്‍ എക്‌സ്പ്രസി'ന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. നിലവിലെ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലുമായി ഫ്രാഞ്ചൈസി ഈ സാധ്യത ചർച്ച ചെയ്യുകയും ചെയ്തിരുന്നു. ഹാർദിക്കിന്റെ മടങ്ങിവരവിന് ഗിൽ സമ്മതം അറിയിക്കുകയും ചെയ്തിരുന്നതായാണ് വിവരം. എന്നാൽ, ക്യാപ്റ്റൻസി വേണമെന്ന ഹാർദിക്കിന്റെ ആവശ്യമാണ് ഈ നീക്കത്തിന് തടസ്സമായത്.

ബന്ധപ്പെട്ട വൃത്തങ്ങള്‍ ഇതേക്കുറിച്ച് പ്രതികരിച്ചത് ഇങ്ങനെ: "അദ്ദേഹം തിരികെ വരുന്നതിൽ ഫ്രാഞ്ചൈസിക്ക് കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. ശുഭ്മൻ ഗില്ലുമായി അവർ ഇക്കാര്യം ചർച്ച ചെയ്യുകയും, ഗിൽ സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ, ക്യാപ്റ്റൻസി വേണമെന്ന നിബന്ധന മുന്നോട്ടുവെച്ചപ്പോൾ എല്ലാവരും അതിനെ എതിർക്കുകയാണുണ്ടായത്," റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

മുംബൈയിലേക്ക് തിരിച്ചെത്തുന്നതിന് മുമ്പ് ഹാര്‍ദ്ദിക് ഗുജറാത്തിനെ നയിച്ചിരുന്നു. ഹാർദിക്കിന്റെ നായകത്വത്തിലും ആശിഷ് നെഹ്റയുടെ പരിശീലക മികവിലും ഗുജറാത്ത് തങ്ങളുടെ പ്രഥമ സീസണില്‍ ജേതാക്കളായി. തുടർന്നുള്ള സീസണിലും ടീമിനെ ഫൈനലിൽ എത്തിച്ചു. പിന്നാലെ മുംബൈ ഇന്ത്യന്‍സിലേക്ക് തിരിച്ചുപോയി.

രോഹിത് ശർമ്മയ്ക്ക് പകരം മുംബൈ ഇന്ത്യൻസ് ഹാർദിക്കിന് നായകസ്ഥാനം നൽകുകയായിരുന്നു. എന്നാൽ, ഗുജറാത്തിൽ നേടിയ വിജയങ്ങൾ ആവർത്തിക്കാൻ മുംബൈയിൽ ഹാർദിക്കിനായില്ല. കഴിഞ്ഞ മൂന്ന് സീസണുകളിൽ ഒരു തവണ മാത്രമാണ് മുംബൈ പ്ലേഓഫിൽ കടന്നത്. ഹാർദിക്കിന്റെ വ്യക്തിഗത പ്രകടനവും നിരാശാജനകമായിരുന്നു.