Leg Swelling: യാത്ര കഴിഞ്ഞുള്ള കാലുവേദനയും നീരും അകറ്റാം; ആശ്വാസം നൽകും ഈ രീതികൾ പരീക്ഷിക്കൂ
How to Reduce Leg Swelling: യാത്രകൾക്ക് ശേഷമുള്ള നീർവീക്കം പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. സ്ത്രീ ശരീരത്തിലെ ഹോർമോൺ മാറ്റങ്ങൾ ദ്രാവകങ്ങൾ കെട്ടിനിൽക്കാൻ കാരണമാകാറുണ്ട്. ഇത് യാത്രയ്ക്കിടയിലെ നീർവീക്കം വർദ്ധിപ്പിക്കുന്നു.

നീണ്ട യാത്രകൾക്ക് ശേഷം പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് കാലിലെ നീർവീക്കം. മണിക്കൂറുകളോളം ഒരേയിരുപ്പിൽ ഇരിക്കുന്നതും ശരീരത്തിലെ ദ്രാവകങ്ങൾ കാലുകളിലേക്ക് ഇറങ്ങുന്നതുമാണ് ഈ അവസ്ഥയ്ക്ക് പിന്നിലെ പ്രധാന കാരണം. എന്നാൽ ചില ലളിതമായ മുൻകരുതലുകളിലൂടെയും വ്യായാമങ്ങളിലൂടെയും ഈ നീർവീക്കം വേഗത്തിൽ കുറയ്ക്കാൻ സാധിക്കും. ആരോഗ്യ വിദഗ്ദ്ധർ നിർദ്ദേശിക്കുന്ന ഏറ്റവും ഫലപ്രദമായ വഴികൾ ഏതൊക്കെയെന്ന് പരിശോധിക്കാം. (Image Credits; Getty Image)

യാത്രകൾക്ക് ശേഷമുള്ള നീർവീക്കം പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. സ്ത്രീ ശരീരത്തിലെ ഹോർമോൺ മാറ്റങ്ങൾ ദ്രാവകങ്ങൾ കെട്ടിനിൽക്കാൻ കാരണമാകാറുണ്ട്. ഇത് യാത്രയ്ക്കിടയിലെ നീർവീക്കം വർദ്ധിപ്പിക്കുന്നു. ഗർഭിണികളിൽ രക്തചംക്രമണത്തിന് കൂടുതൽ സമ്മർദ്ദം അനുഭവപ്പെടാറുണ്ട്. ദീർഘനേരത്തെ യാത്രകൾ ഇവർക്ക് കാലുകളിൽ വലിയ രീതിയിലുള്ള വീക്കവും അസ്വസ്ഥതയും ഉണ്ടാക്കാം.

കാലുകൾ ഉയർത്തി വെക്കുക: നീർവീക്കം കുറയ്ക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണിത്. വീട്ടിലെത്തിയ ഉടൻ തറയിൽ കിടന്നുകൊണ്ട് കാലുകൾ ഒരു കസേരയിലോ തലയിണയ്ക്ക് മുകളിലോ ഉയർത്തി വെക്കുക. ഹൃദയത്തിന്റെ നിരപ്പിനേക്കാൾ ഉയരത്തിൽ കാലുകൾ 15-20 മിനിറ്റ് വെക്കുന്നത് കെട്ടിനിൽക്കുന്ന ദ്രാവകങ്ങൾ തിരികെ ഒഴുകാനും രക്തചംക്രമണം സുഗമമാക്കാനും സഹായിക്കും.

വ്യായാമങ്ങൾ: യാത്ര കഴിഞ്ഞ ഉടൻ കഠിനമായ വ്യായാമങ്ങൾ ഒഴിവാക്കി ലളിതമായ സ്ട്രെച്ചിംഗുകൾ ചെയ്യാം. പദങ്ങൾ വട്ടത്തിൽ കറക്കുന്നതും വിരലുകൾ വിടർത്തുന്നതും പേശികളിലെ മുറുക്കം കുറയ്ക്കും. ചെറിയ രീതിയിൽ നടക്കുന്നതും കാലുകളിലെ രക്തയോട്ടം വർദ്ധിപ്പിക്കാൻ സഹായിക്കും.

ഉപ്പുവെള്ളത്തിലെ കുളി: ചെറുചൂടുവെള്ളത്തിൽ അല്പം ഉപ്പിട്ട് (സാധാരണ ഉപ്പോ എപ്സം സാൾട്ടോ) 15 മിനിറ്റ് പാദങ്ങൾ മുക്കിവെക്കുക. ഇത് പേശിവേദന കുറയ്ക്കാനും നീർവീക്കം പെട്ടെന്ന് മാറാനും സഹായിക്കും. ഉപ്പിലെ മഗ്നീഷ്യം പേശികൾക്ക് ആശ്വാസം നൽകുന്നു. ഇത്തരം ബുദ്ധിമുട്ടുകൾ നേരിടുന്നവർ യാത്രയ്ക്കിടയിൽ ഇടയ്ക്കിടെ എഴുന്നേറ്റ് നടക്കാനും കംപ്രഷൻ സോക്സുകൾ (Compression Socks) ധരിക്കാനും ശ്രദ്ധിക്കേണ്ടതാണ്.