Kitchen Storage Tips: മാമ്പഴക്കാലം കഴിഞ്ഞാലും മാങ്ങ കഴിക്കാം! പച്ച മാങ്ങ ഒരു വർഷം വരെ സൂക്ഷിക്കാൻ ഇതാ വഴികൾ
Raw Mangoes Storage Tips: പച്ചമാങ്ങയുടെ രുചിയും ഗുണവും ഒട്ടും ചോർന്നുപോകാതെ ഒരു വർഷക്കാലം വരെ എങ്ങനെ ഫ്രഷ് ആയി സൂക്ഷിക്കാം? വിദേശരാജ്യങ്ങളിലും നഗരങ്ങളിലും ഉള്ളവർക്കും, മാങ്ങ സുലഭമായ നാട്ടുകാർക്കും ഒരുപോലെ പരീക്ഷിക്കാവുന്ന ലളിതമായ ചില സൂത്രവിദ്യകൾ ഇതാ.

നാട്ടിലെ മാവുകളെല്ലാം പൂത്തുലഞ്ഞ്, ഇളം കാറ്റിൽ മാമ്പൂക്കളുടെ ഗന്ധം പടരുന്ന മറ്റൊരു മാമ്പഴക്കാലം കൂടി വിരുന്നെത്തിക്കഴിഞ്ഞു. കണ്ണിമാങ്ങകൾ ഓരോന്നായി മാവിൽ കായ്ച്ചുതുടങ്ങുമ്പോൾ തന്നെ മലയാളിയുടെ നാവിൽ പലവിധ രുചികൾ ഊറിത്തുടങ്ങും. എന്നാൽ, ഈ രുചിപ്പൂരത്തിന് ഒരു വലിയ പരിമിതിയുണ്ട്. ഏതാനും മാസങ്ങൾ കഴിയുന്നതോടെ മാമ്പഴക്കാലം അവസാനിക്കും. അടുത്ത സീസൺ വരുന്നത് വരെ പിന്നെ നീണ്ട കാത്തിരിപ്പാണ്. (Image Credits: Getty Images)

ഇനി ആ കാത്തിരിപ്പിൻ്റെ ആവശ്യമില്ല. പച്ചമാങ്ങയുടെ രുചിയും ഗുണവും ഒട്ടും ചോർന്നുപോകാതെ ഒരു വർഷക്കാലം വരെ എങ്ങനെ ഫ്രഷ് ആയി സൂക്ഷിക്കാം? വിദേശരാജ്യങ്ങളിലും നഗരങ്ങളിലും ഉള്ളവർക്കും, മാങ്ങ സുലഭമായ നാട്ടുകാർക്കും ഒരുപോലെ പരീക്ഷിക്കാവുന്ന ലളിതമായ ചില സൂത്രവിദ്യകൾ ഇതാ. മാമ്പഴക്കാലം കഴിഞ്ഞാലും നിങ്ങളുടെ അടുക്കളയിൽ മാങ്ങയുടെ മണം മായാതിരിക്കാൻ ഈ വഴികൾ ഒന്ന് പരീക്ഷിച്ചു നോക്കൂ.

ആദ്യം നല്ല പച്ചമാങ്ങകൾ തിരഞ്ഞെടുത്ത് തൊലി കളയുക. ഇവ ഒരേ വലിപ്പത്തിലുള്ള ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക. ഒരു പാത്രത്തിൽ ആവശ്യത്തിന് വെള്ളമെടുത്ത് അതിലേക്ക് 2 ടീസ്പൂൺ പഞ്ചസാരയും 2 ടീസ്പൂൺ വെളുത്ത വിനാഗിരിയും ചേർത്ത് നന്നായി ഇളക്കുക. മുറിച്ചുവെച്ച മാങ്ങാക്കഷ്ണങ്ങൾ ഈ ദ്രാവകത്തിൽ 10 മിനിറ്റ് മുക്കിവയ്ക്കുക. വിനാഗിരി ഒരു പ്രിസർവേറ്റീവ് ആയി പ്രവർത്തിക്കുമ്പോൾ പഞ്ചസാര മാങ്ങയുടെ സ്വാഭാവിക രുചി നിലനിർത്താൻ സഹായിക്കുന്നു.

10 മിനിറ്റിന് ശേഷം കഷ്ണങ്ങൾ പുറത്തെടുത്ത് വൃത്തിയുള്ളതും ഉണങ്ങിയതുമായ ഒരു കോട്ടൺ തുണിയിൽ നിരത്തിയിടുക. ഒരു ടിഷ്യൂ പേപ്പറോ മറ്റൊരു തുണിയോ ഉപയോഗിച്ച് മാങ്ങയിലെ വെള്ളം പൂർണ്ണമായും ഒപ്പിയെടുക്കുക. ജലാംശം പൂർണ്ണമായും മാറിയ ശേഷം ഇവ സിപ്പ് ലോക്ക് കവറുകളിലോ എയർ ടൈറ്റ് കണ്ടെയ്നറിലോ ആക്കി ഫ്രീസറിൽ സൂക്ഷിക്കാം. ഈ രീതിയിൽ സൂക്ഷിക്കുന്ന മാങ്ങ കഷ്ണങ്ങൾ ഉപയോഗിച്ച് എപ്പോൾ വേണമെങ്കിലും രുചികരമായ അച്ചാറുകളോ മാങ്ങാക്കറിയോ തയ്യാറാക്കാവുന്നതാണ്.

മാങ്ങ കഷണങ്ങളാക്കിയവ പരന്ന പ്രതലമുള്ള ഒരു പാത്രത്തിലേക്ക് മാറ്റുക. കഷണങ്ങൾ ഒന്നിന് മുകളിൽ ഒന്നായി വരാതെ നിരത്തി വെക്കാൻ ശ്രദ്ധിക്കണം. ഈ പാത്രം ഒരു മണിക്കൂർ നേരം ഫ്രീസറിൽ വയ്ക്കുക. പാത്രം മൂടി വെക്കാൻ പാടില്ല. ഇങ്ങനെ ചെയ്യുന്നത് മാങ്ങയുടെ പുറംഭാഗം പെട്ടെന്ന് തണുക്കാനും കഷണങ്ങൾ പരസ്പരം ഒട്ടാതിരിക്കാനും സഹായിക്കും. ഒരു മണിക്കൂറിനു ശേഷം പാത്രം പുറത്തെടുക്കുക. പറ്റിപ്പിടിച്ചിരിക്കുന്ന കഷണങ്ങൾ കൈകൊണ്ട് സാവധാനം വേർപെടുത്തുക.

ഈ കഷണങ്ങൾ ഒരു സിപ്പ് ലോക്ക് ബാഗിലോ സാധാരണ പ്ലാസ്റ്റിക് കവറിലോ നിറയ്ക്കുക. കവറിലെ വായു പൂർണ്ണമായും പുറത്തു കളഞ്ഞ ശേഷം ഫ്രീസറിൽ സൂക്ഷിക്കുക. ഈ മാങ്ങാ കഷ്ണങ്ങൾ കറി വെക്കുന്നതിനോ അച്ചാർ ഇടുന്നതിനോ 10 മിനിറ്റ് മുൻപ് ഫ്രീസറിൽ നിന്ന് പുറത്തെടുത്ത് വെച്ചാൽ മതിയാകും. എയർ ടൈറ്റ് പാത്രത്തിനുള്ളിൽ സൂക്ഷിക്കുന്നതും നല്ലതാണ്.