PCOD: മഞ്ഞളും നെയ്യും; പിസിഒഡി അകറ്റാൻ ഈ നാടൻ വിദ്യ ഫലപ്രദമാണോ? അറിയാം ഈ ഗോൾഡൻ പവർ
Turmeric And Ghee For PCOD: ക്രമരഹിതമായ ആർത്തവം, അമിത ശരീരഭാരം, മുഖക്കുരു, മുടികൊഴിച്ചിൽ എന്നിവ മുതൽ ഗൗരവമേറിയ വന്ധ്യതാ പ്രശ്നങ്ങൾ വരെ പിസിഒഡിയുടെ ലക്ഷണങ്ങളാണ്. മാറിയ ജീവിതശൈലിയും സമ്മർദ്ദവും ജനിതക ഘടകങ്ങളും ഇതിന് പിന്നിലുണ്ടെങ്കിലും, രോഗനിർണ്ണയത്തിന് പകരം വീട്ടുപരിഹാരങ്ങൾ തേടുന്നവരാണ് പലരും.

സ്ത്രീകളുടെ ആരോഗ്യത്തെ ബാധിക്കുന്ന വെല്ലുവിളികളിൽ മുൻപന്തിയിലുള്ള ഒന്നാണ് പോളിസിസ്റ്റിക് ഓവറി ഡിസീസ് അഥവാ പിസിഒഡി. ക്രമരഹിതമായ ആർത്തവം, അമിത ശരീരഭാരം, മുഖക്കുരു, മുടികൊഴിച്ചിൽ എന്നിവ മുതൽ ഗൗരവമേറിയ വന്ധ്യതാ പ്രശ്നങ്ങൾ വരെ പിസിഒഡിയുടെ ലക്ഷണങ്ങളാണ്. മാറിയ ജീവിതശൈലിയും സമ്മർദ്ദവും ജനിതക ഘടകങ്ങളും ഇതിന് പിന്നിലുണ്ടെങ്കിലും, രോഗനിർണ്ണയത്തേക്കാൾ ഉപരിയായി ഇതിനുള്ള വീട്ടുപരിഹാരങ്ങൾ തേടുന്നവരാണ് പലരും. (Image Credits: Getty Images)

അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ അവകാശപ്പെടുന്നത് മഞ്ഞൾ, കുരുമുളക്, നെയ്യ് എന്നിവ ചേർത്ത ഒരു പാനീയത്തിന് പിസിഒഡി ഫലപ്രദമായി ഭേദമാക്കാൻ കഴിയുമെന്നാണ്. അടുക്കളയിലെ ഈ നിസ്സാര കൂട്ടുകൾ ഹോർമോൺ സന്തുലിതാവസ്ഥ വീണ്ടെടുക്കുമെന്ന് പലരും വിശ്വസിക്കുന്നു. എന്നാൽ ഇതിൽ എത്രത്തോളം വാസ്തവമുണ്ട്? ഈ പ്രകൃതിദത്ത മിശ്രിതം ശരിക്കും പിസിഒഡിയെ സുഖപ്പെടുത്തുമോ അതോ വെറുമൊരു മിത്ത് മാത്രമാണോ? നമുക്ക് പരിശോധിക്കാം.

പിസിഒഡി പൂർണ്ണമായും ഭേദമാക്കാൻ കഴിയുമോ എന്ന ചോദ്യത്തിന് വൈദ്യശാസ്ത്രം നൽകുന്ന ഉത്തരം ഇല്ല എന്നാണ്. എന്നാൽ, ഇത് ജീവിതശൈലിയിലൂടെയും ചില മരുന്നുകളിലൂടെയും ഒരു പരിധി വരെ നിയന്ത്രിക്കാൻ സാധിക്കും. മഞ്ഞൾ, നെയ്യ്, കുരുമുളക് എന്നിവയുടെ മിശ്രിതം പിസിഒഡി സുഖപ്പെടുത്തുമെന്ന് തെളിയിക്കുന്ന ഔദ്യോഗികമായ ശാസ്ത്രീയ റിപ്പോർട്ടുകളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. എങ്കിലും, ഈ പദാർത്ഥങ്ങളിലെ ഘടകങ്ങൾ ശരീരത്തിന് ചില ഗുണങ്ങൾ നൽകുന്നുണ്ട്.

മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ വീക്കം കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ്. പിസിഒഡിയുടെ ഭാഗമായുള്ള ഇൻസുലിൻ പ്രതിരോധം കുറയ്ക്കാൻ ഇതിന് കഴിഞ്ഞേക്കുമെന്നും ചില ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. മഞ്ഞളിലെ കുർക്കുമിൻ ശരീരം ഫലപ്രദമായി ആഗിരണം ചെയ്യാൻ കുരുമുളകിലെ 'പൈപ്പറിൻ' അത്യാവശ്യമാണ്. നെയ്യ് ആരോഗ്യകരമായ കൊഴുപ്പാണെങ്കിലും ഇതിൻ്റെ അമിത ഉപയോഗം ദോഷകരമാണ്. കാരണം ഒരു ടീസ്പൂൺ നെയ്യിൽ 45 കലോറിയിൽ കൂടുതൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം വർദ്ധിപ്പിക്കാൻ കാരണമാകും.

ചുരുക്കത്തിൽ പറഞ്ഞാൽ മഞ്ഞളും നെയ്യും ഒരു 'മാന്ത്രിക മരുന്നല്ല'. പിസിഒഡി നിയന്ത്രിക്കാൻ കൃത്യമായ ആഹാരക്രമം, ചിട്ടയായ വ്യായാമം, ആവശ്യമെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള മരുന്നുകൾ എന്നിവയാണ് ആവശ്യം. ഇത്തരം നാടൻ വിദ്യകൾ പരീക്ഷിക്കുന്നതിന് മുൻപ് ഒരു വിദഗ്ദ്ധ ഡോക്ടറുടെ അഭിപ്രായം തേടുന്നത് എപ്പോഴും നല്ലതാണ്.