India vs Australia: ഇനി മുന്നിൽ സച്ചിൻ മാത്രം; ഏകദിനത്തിൽ ഏറ്റവുമധികം റൺസ് നേടിയ താരങ്ങളിൽ കോലി രണ്ടാമത്
Virat Kohli ODI Record: ഏകദിനത്തിൽ കുമാർ സങ്കക്കാരയെ മറികടന്ന് വിരാട് കോലി. സച്ചിൻ തെണ്ടുൽക്കർ മാത്രമാണ് ഇനി കോലിയ്ക്ക് മുന്നിലുള്ളത്.

ഏകദിനത്തിൽ ഏറ്റവുമധികം റൺസ് നേടിയ താരങ്ങളിൽ വിരാട് കോലി രണ്ടാമത്. ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ അർദ്ധസെഞ്ചുറി നേടിയതോടെയാണ് ശ്രീലങ്കയുടെ മുൻ ക്യാപ്റ്റൻ കുമാർ സങ്കക്കാരയെ മറികടന്ന് കോലി രണ്ടാം സ്ഥാനത്ത് എത്തിയത്. (Image Credits - PTI)

മൂന്നാം നമ്പറിൽ ക്രീസിലെത്തിയ കോലി 81 പന്തുകൾ നേരിട്ട് 74 റൺസുമായി പുറത്താവാതെ നിന്നു. ഇതോടെ 305 ഏകദിനങ്ങളിൽ നിന്ന് വിരാട് കോലിയുടെ സമ്പാദ്യം 14,250 റൺസായി. 404 മത്സരങ്ങളിൽ നിന്ന് 14,234 റൺസ് ആണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള സങ്കക്കാരയ്ക്കുള്ളത്.

ഇതിഹാസതാരം സച്ചിൻ തെണ്ടുൽക്കറാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. 463 മത്സരങ്ങൾ കളിച്ച സച്ചിൻ 18,426 റൺസാണ് അടിച്ചുകൂട്ടിയത്. ഇത് മറികടക്കാൻ 4000ലധികം റൺസ് കൂടി വേണമെന്നതിനാൽ സച്ചിൻ്റെ ഈ റെക്കോർഡ് മറികടക്കാൻ കോലിക്ക് സാധിച്ചേക്കില്ല.

ഇന്നത്തെ മത്സരത്തിൽ 9 വിക്കറ്റിന് ഇന്ത്യ ഓസ്ട്രേലിയയെ തകർത്തിരുന്നു. ഓസീസിനെ 236 റൺസിന് ഓൾ ഔട്ടാക്കിയ ഇന്ത്യ ശുഭ്മൻ ഗില്ലിനെ മാത്രം നഷ്ടപ്പെടുത്തി 39ആം ഓവറിൽ വിജയലക്ഷ്യം മറികടന്നു. സെഞ്ചുറി നേടിയ രോഹിത് ശർമ്മയാണ് കളിയിലെയും പരമ്പരയിലും താരം.

ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ഇന്ത്യക്ക് പരമ്പര നഷ്ടമായി. എങ്കിലും ഇന്ന് ഇന്ത്യ ആധികാരിക പ്രകടനം നടത്തി. നാല് വിക്കറ്റ് വീഴ്ത്തിയ ഹർഷിത് റാണ ഓസ്ട്രേലിയൻ തകർച്ചയ്ക്ക് കടിഞ്ഞാൺ പിടിച്ചു. 56 റൺസ് നേടിയ മാറ്റ് റെൻഷാ ആണ് ഓസ്ട്രേലിയയുടെ ടോപ്പ് സ്കോറർ.