JioTV+ App : 800ലധികം ചാനലുകളുമായി ജിയോടിവി+ ആപ്പ്; ആർക്കൊക്കെ ലഭിക്കും?; വിവരങ്ങളറിയാം
JioTV+ App TV Platforms : വിവിധ ടെലിവിഷൻ പ്ലാറ്റ്ഫോമുകൾക്കായി ജിയോടിവി+ ആപ്പ് പുറത്തിറങ്ങി. 800ലധികം ഡിജിറ്റൽ ചാനലുകൾ കാണാൻ കഴിയുന്ന ആപ്പാണ് ജിയോടിവി+ ആപ്പ്.

800ലധികം ഡിജിറ്റൽ ചാനലുകളുമായി ജിയോടിവി+ ആപ്പ് പുറത്തിറങ്ങി. ആൻഡ്രോയ്ഡ്, ആപ്പിൾ, ആമസോൺ ഫയർ ഓഎസ് എന്നീ പ്ലാറ്റ്ഫോമുകളിലൊക്കെ ജിയോടിവി+ ആപ്പ് ഉപയോഗിച്ച് ടിവി കാണാനാവും. നേരത്തെ, ജിയോ ഫൈബർ, ജിയോ എയർഫൈബർ കണക്ഷനുകളിൽ ജിയോ സെറ്റ് ടോപ്പ് ബോക്സ് ഉള്ളവർക്ക് മാത്രമാണ് ഈ ആപ്പ് ലഭിച്ചിരുന്നത്.

വിവിധ സ്മാർട്ട് ടിവി പ്ലാറ്റ്ഫോമുകളിൽ ഇനി മുതൽ ജിയോടിവി+ ആപ്പ് ലഭ്യമാവുമെന്ന് ജിയോ വാർത്താകുറിപ്പിലൂടെ അറിയിച്ചു. ഒടിടി ആപ്പുകൾക്കായി സിംഗിൾ ലോഗിൻ മാത്രമേ ആപ്പിൽ ആവശ്യമുള്ളൂ. കാറ്റഗറിയോ ഭാഷയോ തിരിച്ച് ഉള്ളടക്കങ്ങൾ തിരയാനും ആപ്പിൽ സൗകര്യമുണ്ട്.

ന്യൂസ്, എൻ്റർടെയിന്മെൻ്റ്, സ്പോർട്സ്, മ്യൂസിക്, കിഡ്സ്. ബിസിനസ് തുടങ്ങി വിവിധ വിഭാഗങ്ങളിൽ 800ലധികം ചാനലുകൾ ഈ ആപ്പിലൂടെ കാണാനാവും. 13 ഒടിടി പ്ലാറ്റ്ഫോമുകളിൽ നിന്നുള്ള ഉള്ളടക്കങ്ങൾ ജിയോ ഫൈബർ, ജിയോ എയർഫൈബർ ഉപഭോക്താക്കൾക്ക് കാണാനാവും. ജിയോസിനിമ പ്രീമിയം, ഡിസ്നി+ ഹോട്ട്സ്റ്റാർ, സോണിലിവ് തുടങ്ങിയ ഒടിടികൾ ഇതിൽ ലഭിക്കും.

ആൻഡ്രോയ്ഡ് ടിവിയിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഈ ആപ്പ് ഡൗൺലോഡ് ചെയ്യാനാവും. ജിയോ ഫൈബർ, ജിയോ എയർ ഫൈബർ സബ്സ്ക്രൈബർമാർക്ക് ആപ്പ് ലഭിക്കുമെങ്കിലും ചില പ്രത്യേക പ്ലാൻ സബ്സ്ക്രൈബ് ചെയ്തെങ്കിലേ ആപ്പിലെ ഉള്ളടക്കങ്ങൾ കാണാനാവൂ. ജിയോ എയർഫൈബറിലെ എല്ലാ പ്ലാനുകളിലും ഇത് ലഭിക്കും. ജിയോഫൈബർ പോസ്റ്റ്പെയ്ഡിൽ 599, 899 രൂപയുടെ പ്ലാനുകളിൽ ഇത് ലഭിക്കും. ജിയോഫൈബർ പ്രീപെയ്ഡ് വരിക്കാർക്ക് 999 രൂപയുടെ പ്ലാനെങ്കിലും ഉണ്ടാവണം.

ആൻഡ്രോയ്ഡ് ടിവി, ആപ്പിൾ ടിവി, ആമസോൺ ഫയർ സ്റ്റിക്ക് എന്നീ പ്ലാറ്റ്ഫോമുകളിലാണ് നിലവിൽ ജിയോടിവി+ ആപ്പ് ലഭിക്കുക. എൽജി ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ടിവികൾക്കുള്ള ആപ്പ് ഉടൻ പുറത്തിറങ്ങും. സാംസങ് ടിവികളിൽ ആപ്പ് പ്രവർത്തിക്കില്ല.