Kerala Commodity Price: മുല്ലപ്പൂ, മുരിങ്ങ, തക്കാളി…. വില കുതിപ്പിൽ തളരാതെ വെളിച്ചെണ്ണ, കാപ്പി വിലയോ?
Kerala Commodity Price Today: വിവാഹസീസണിൽ സാധാരണക്കാർക്ക് കനത്ത തിരിച്ചടി നൽകി വിലക്കയറ്റം. കഴിഞ്ഞ മാസം അവസാനത്തോടെ സെഞ്ച്വറിയിലെത്തിയ തക്കാളി വില പിന്നീട് കുറഞ്ഞേക്കിലും വീണ്ടും കുതിക്കുകയാണ്.

വിവാഹസീസണിൽ സാധാരണക്കാർക്ക് കനത്ത തിരിച്ചടി നൽകി വില കുതിക്കുകയാണ്. സ്വർണവില ഒന്നരലക്ഷത്തിലേക്ക് മുന്നേറുകയാണ്. ജിഎസ്ടിയും പണിക്കൂലിയും ചേരുമ്പോൾ പോക്കറ്റ് കാലിയാകുമെന്നതിൽ സംശയമില്ല. ഇപ്പോഴിതാ, മുല്ലപ്പൂ വിലയിൽ തിരിച്ചടിയാവുകയാണ്. തണുപ്പ് കൂടിയതോടെയാണ് വിപണിയിൽ മുല്ലപ്പൂവിന് വില കൂടിയത്.

കഴിഞ്ഞ ആഴ്ച മുഴത്തിന് 50 രൂപയായിരുന്ന മുല്ലപ്പൂവ് ഒറ്റയടിക്ക് 100 രൂപയായാണ് വർദ്ധിച്ചത്. ചിലയിടങ്ങളിൽ ഒരു മുഴം പൂവിന് 120 മുതൽ 150 രൂപ വരെ ഈടാക്കുന്നുണ്ട്. അടുപ്പിച്ച് കെട്ടുന്നതിന് 250 രൂപയിലാണ് പലയിടത്തും വ്യാപാരം. മഞ്ഞ് കാരണം പൂക്കൾ വിരിയാൻ താമസമെടുക്കുന്നതും പകൽ സമയത്തെ കനത്ത ചൂടും കൃഷിയെ പ്രതികൂലമായി ബാധിച്ചതോടെയാണ് വില കൂടിയത്.

അതുപോലെ പച്ചക്കറിവിലയും കുതിക്കുകയാണ്. മുരിങ്ങക്കായ, തക്കാളി തുടങ്ങിയവയുടെ വില പൊള്ളിക്കുകയാണ്. കഴിഞ്ഞ മാസം അവസാനത്തോടെ സെഞ്ച്വറിയിലെത്തിയ തക്കാളി വില പിന്നീട് കുറഞ്ഞേക്കിലും വീണ്ടും കുതിക്കുകയാണ്. കൂടാതെ, അരി, കോഴിയിറച്ചി, മുട്ട എന്നിവയുടെ വിലയും കൂടുകയാണ്.

വിലക്കയറ്റത്തിൽ വെളിച്ചെണ്ണ, തേങ്ങ വില മാത്രമാണ് ആശ്വാസം. പുതിയ മാർക്കറ്റ് നിരക്കുകൾ പ്രകാരം, കേരളത്തിലെ ശരാശരി വെളിച്ചെണ്ണ വില ക്വിന്റലിന് 35600 രൂപയും ഏറ്റവും കുറഞ്ഞ മാർക്കറ്റ് വില 32600 രൂപയുമാണ്. പച്ചത്തേങ്ങയുടെ വില കിലോയ്ക്ക് 80 രൂപയിൽ നിന്ന് പലയിടങ്ങളിലും 55-60 രൂപയിലേക്ക് താഴ്ന്നിട്ടുണ്ട്. അഞ്ഞൂറിൽ നിന്ന വെളിച്ചെണ്ണ വില പലയിടത്തും മുന്നൂറിലാണ് വ്യാപാരം.

അതേസമയം കാപ്പിവില ഉയരുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ന്യൂനമർദ്ദം കാപ്പിവിളവെടുപ്പിനെ ബാധിച്ചിട്ടുണ്ട്. കാപ്പി വിളവെടുപ്പു മുടങ്ങിയതും കാപ്പി ഉണങ്ങാനാവുന്നില്ലെന്ന പ്രശ്നവും ആശങ്കയുണ്ടാക്കുന്നു. പലയിടത്തും കാപ്പി പഴുത്തുതുടങ്ങിയെങ്കിലും മഴകാരണം വിളവെടുപ്പ് നടത്തിയിട്ടില്ല. മഴ ശക്തമായാൽ അവ കൊഴിഞ്ഞുപോകുമെന്ന ആശങ്കയും കർഷകർക്കുണ്ട്. (Image Credit: Getty Images)