AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Thomas Kuthiravattom : കേരള കോൺഗ്രസ് മുതിർന്ന നേതാവും മുൻ എംപിയുമായിരുന്ന തോമസ് കുതിരവട്ടം അന്തരിച്ചു

Thomas Kuthiravattom Passed Away : 70കളിൽ കേരള കോൺഗ്രസ് എം ഗ്രൂപ്പിൻ്റെ വക്താവായ തോമസ് കുതിരവട്ടം കെ എം മാണിയുടെ വിശ്വസ്തനായിരുന്നു. 2010ന് ശേഷം തോമസ് കുതിരവട്ടം സജീവ രാഷ്ട്രീയത്തിൽ നിന്നും പൂർണമായും പിന്മാറിയിരുന്നു.

Thomas Kuthiravattom : കേരള കോൺഗ്രസ് മുതിർന്ന നേതാവും മുൻ എംപിയുമായിരുന്ന തോമസ് കുതിരവട്ടം അന്തരിച്ചു
Thomas KuthiravattomImage Credit source: Thomas Kuthiravattom Facebook
Jenish Thomas
Jenish Thomas | Updated On: 12 Jan 2026 | 11:16 PM

ആലപ്പുഴ : മുൻ എംപിയും കോൺഗ്രസിൻ്റെ മുതിർന്ന നേതാവുമായിരുന്ന തോമസ് കുതിരവട്ടം അന്തരിച്ചു. ആലപ്പുഴ ചെങ്ങന്നൂർ കല്ലിശ്ശേരിയിലെ കുടുംബവീട്ടിൽ വെച്ചായിരുന്നു അന്ത്യം. 80 വയസായിരുന്നു. കെ എസ് യുവിലൂടെ രാഷ്ട്രീയം ആരംഭിച്ച തോമസ് കുതിരവട്ടം കേരള കോൺഗ്രസ് എമ്മിൻ്റെയും സമാജ്വാദി ജനതാപാർട്ടിയുടെയും കേരള കോൺഗ്രസ് ബിയുടെയും ഭാഗമായി പ്രവർത്തിച്ചിരുന്നു. 1985 മുതൽ 91 വരെ രാജ്യസഭാംഗമായിട്ടായിരുന്നു തോമസ് കുതിരവട്ടം പാർലമെൻ്റിലേക്കെത്തുന്നത്. 2010 മുതൽ സജീവ രാഷ്ട്രീയത്തിൽ നിന്നും വിട്ടുമാറി വിശ്രമജീവിതം നയിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറ്റവും കൂടുതൽ ചർച്ചയായ ബൊഫോഴ്സ് ഇടപാടിനെ കുറിച്ച് അന്വേഷിക്കാനുള്ള സംയുക്ത പാർലമെൻ്ററി കമ്മിറ്റിയുടെ അംഗമായിരുന്നു തോമസ് കുതിരവട്ടം. 30 അംഗ കമ്മിറ്റിയിൽ കേരളത്തിൽ നിന്നും മൂന്ന് പേർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതിൽ ഒരാളായിരുന്നു തോമസ് കുതിരവട്ടം. 1960കളിലാണ് തോമസ് കുതിരവട്ടം കെ എസ് യുവിലൂടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. സ്ഥാനാർഥികളുടെ മൈക്ക് അനൗൺസറായി പ്രവർത്തിച്ചാണ് തുടക്കം. ശേഷം കേരള കോൺഗ്രസ് മാണി ഗ്രൂപ്പിലേക്ക് ചേക്കേറി. കേരള കോൺഗ്രസ് എമ്മിൻ്റെ വാക്താവായ തോമസ് കുതിരവട്ടം കെ എം മാണി ഉറ്റ വിശ്വസ്തനും കൂടിയായിരുന്നു. തുടർന്നാണ് 85 മുതൽ 91 വരെ രാജ്യസഭയിലേക്ക് അദ്ദേഹത്തിന് ടിക്കറ്റ് ലഭിക്കുന്നത്.

കോൺഗ്രസ് പിന്തുണയോടെ ചന്ദ്രശേഖർ മന്ത്രിസഭ അധികാരത്തിലേറിയപ്പോൾ തോമസ് കുതിരവട്ടത്തിനും കേന്ദ്രമന്ത്രിയാകാൻ ഒരു ഓഫർ ലഭിച്ചിരുന്നു. എന്നാൽ സ്വന്തം പാർട്ടിക്കുള്ളിലെ ചില ചരടുവലികളെ തുടർന്ന് ആ ഓഫർ നഷ്ടമാകുകയും ചെയ്തു. തുടർന്ന് ചന്ദ്രശേഖറിൻ്റെ സമാജ് വാദി ജനതാപാർട്ടിയിൽ ചേർന്നു. പാർട്ടിയുടെ സംസ്ഥാന ചുമതല തോമസ് കുതിരവട്ടത്തിന് നൽകുകയും ചെയ്തു. ചന്ദ്രശേഖറിൻ്റെ പാർട്ടി ടിക്കറ്റിൽ തോമസ് കുതിരവട്ടം 1991 മാവേലിക്കരയിൽ നിന്നും ലോക്സഭയിലേക്ക് മത്സരിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം കേരള കോൺഗ്രസ് ബിയുടെ ഭാഗമാകുകയും 96ൽ പത്തനാപുരത്ത് നിന്നും നിയമസഭയിലേക്ക് മത്സരിക്കുകയും ചെയ്തിരുന്നു. 2010ന് ശേഷം അദ്ദേഹം രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്നും പൂർണമായും പിന്‍മാറുകയും ചെയ്തു.