Price Hike: വെളിച്ചെണ്ണ വില 700ലെത്തും, തേയിലയ്ക്കും വൻ ഡിമാൻഡ്
Coconut Oil Price Hike: കേരളം കൊപ്രയ്ക്കായി പ്രധാനമായും ആശ്രയിക്കുന്നത് തമിഴ്നാടിനെയാണ്. ഇതാണ് തമിഴ്നാട് ലോബിക്ക് സഹായമാകുന്നത്. വെളിച്ചെണ്ണയ്ക്കൊപ്പം തേയില വിലയും കൂടുന്നുണ്ട്.

മലയാളികൾക്ക് ഇരുട്ടടി നൽകി സംസ്ഥാനത്ത് വെളിച്ചെണ്ണ വില ഉയരുന്നു. മുന്നൂറായി താഴ്ന്ന വെളിച്ചെണ്ണ വില നാനൂറ് കടക്കുകയാണ്. വരുദിവസങ്ങളിൽ വില കുതിക്കുമെന്നും 700 വരെ എത്തിയേക്കാമെന്നും റിപ്പോർട്ടുണ്ട്. തമിഴ്നാട് ലോബികളുടെ നീക്കമാണ് തിരിച്ചടിയായത്.

കൊപ്രയുടെ വലിയ ശേഖരം പൂഴ്ത്തി വച്ച് കൃത്രിമക്ഷാമമുണ്ടാക്കാൻ തമിഴ്നാട് ലോബികൾ ശ്രമിക്കുന്നുണ്ടെന്നാണ് വിവരം. ഗോഡൗണുകളിൽ കൊപ്ര പൂഴ്ത്തിവച്ച് കൃത്രിമമായി ക്ഷാമമുണ്ടാക്കി കൊള്ളവിലയ്ക്ക് വിൽക്കാനാണ് നീക്കം.

കൊപ്ര വില കൂടിയാൽ സ്വാഭാവികമായും സംസ്ഥാനത്തെ വെളിച്ചെണ്ണ വിലയും ഉയരും. കേരളം കൊപ്രയ്ക്കായി പ്രധാനമായും ആശ്രയിക്കുന്നത് തമിഴ്നാടിനെയാണ്. ഇതാണ് തമിഴ്നാട് ലോബിക്ക് സഹായമാകുന്നത്.

അതേസമയം വെളിച്ചെണ്ണയ്ക്കൊപ്പം തേയില വിലയും കൂടുന്നുണ്ട്. മൊത്തം വിൽപ്പനയിൽ സിടിസി തേയില കിലോയ്ക്ക് 183 രൂപയിലായിരുന്നു വ്യാപാരം. രണ്ടാഴ്ചകൊണ്ട് 10 രൂപയോളമാണ് കൂടിയത്. വിപണികളിൽ നിന്നുള്ള ആവശ്യം കൂടുന്നുണ്ട്. മൊത്ത വിൽപനയിൽ ശരാശരി രണ്ട് മുതൽ നാല് രൂപ വരെ ഉയർന്നു.

ഉൽപാദനത്തിലെ കുറവാണ് തേയില വില കൂട്ടുന്നത്. ഓരോ ആഴ്ചയിലും അഞ്ച് മുതൽ 10 രൂപ വരെ ഉയരുന്നുണ്ടെന്നാണ് വിവരം. പല ഉൽപാദകരും കനത്ത നഷ്ടമാണ് രേഖപ്പെടുത്തുന്നത്. ലേലത്തിൽ എത്തുന്ന തേയിലയുടെ അളവ് 20 ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്. (Image Credit: Getty Images)