IND vs ENG: ആവേശപ്പോരില്‍ ഇംഗ്ലണ്ട് പൊരുതിത്തോറ്റു; ഇന്ത്യ ഫൈനലില്‍
India vs England Match Result: ഇംഗ്ലണ്ടിനെ ഏഴ് റണ്‍സിന് കീഴടക്കി ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു. 254 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന്റെ പോരാട്ടം 246 റണ്‍സില്‍ അവസാനിച്ചു.
മുംബൈ: വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ ഏഴ് റണ്‍സിന് കീഴടക്കി ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു. 254 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന്റെ പോരാട്ടം ഏഴ് വിക്കറ്റിന് 246 എന്ന നിലയില്‍ അവസാനിച്ചു. സ്‌കോര്‍: ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 253, ഇംഗ്ലണ്ട് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 246.
തകര്‍ച്ചയോടെയായിരുന്നു ഇംഗ്ലണ്ടിന്റെ തുടക്കം. മോശം ഫോമിലുള്ള ഫിള്‍ സാള്‍ട്ടിനെ രണ്ടാം ഓവറില്‍ തന്നെ നഷ്ടമായി. മൂന്ന് പന്തില്‍ അഞ്ച് റണ്‍സെടുത്ത സാള്‍ട്ടിനെ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ പന്തില്‍ അക്‌സര്‍ പട്ടേല്‍ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. നാലാം ഓവറില്‍ ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് കൂടി വീണതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി. ആറു പന്തില്‍ ഏഴ് റണ്‍സെടുത്ത ബ്രൂക്കിനെ വീഴ്ത്തിയത് ജസ്പ്രീത് ബുംറയായിരുന്നു. ഇത്തവണയും ക്യാച്ചെടുത്തത് അക്‌സര്‍ പട്ടേലാണ്.
എന്നാല്‍ മൂന്നാം വിക്കറ്റില്‍ ജോസ് ബട്ട്‌ലറും, ജേക്കബ് ബെഥലും ഇംഗ്ലണ്ടിനായി പോരാട്ടം ആരംഭിച്ചു. ക്രീസിലെത്തിയത് മുതല്‍ തകര്‍പ്പനടികളോടെയായിരുന്നു ബെഥല്‍ ബാറ്റു ചെയ്തത്. എന്നാല്‍ കരുതലോടെയായിരുന്നു ബട്ട്‌ലറുടെ പ്രകടനം. ഒടുവില്‍ 17 പന്തില്‍ 25 റണ്‍സെടുത്ത ബട്ട്‌ലറെ വരുണ്‍ ചക്രവര്‍ത്തി ക്ലീന്‍ ബൗള്‍ഡ് ചെയ്തു.
Also Read: India vs England T20 Semi Final Live Score: വാങ്കഡെയില്‍ ആവേശപ്പോര്, ഒടുവില്‍ ഇന്ത്യ ഫൈനലില്‍
തുടര്‍ന്ന് ക്രീസിലെത്തിയ ടോം ബാന്റണ്‍ വമ്പനടികള്‍ക്ക് ശ്രമിച്ചെങ്കിലും അധിക നേരം തുടരാനായില്ല. അഞ്ച് പന്തില്‍ 17 റണ്‍സെടുത്ത ബാന്റണെ അക്‌സര്‍ പട്ടേല്‍ ക്ലീന്‍ ബൗള്‍ഡ് ചെയ്തു. ഇതോടെ നാല് വിക്കറ്റിന് 95 എന്ന നിലയില്‍ ഇംഗ്ലണ്ട് പതറി. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ജേക്കബ് ബെഥെല്‍-വില്‍ ജാക്ക്‌സ് കൂട്ടുക്കെട്ട് പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനം ഇംഗ്ലണ്ടിന് വിജയപ്രതീക്ഷ നല്‍കി.
77 റണ്‍സാണ് ഈ പാര്‍ട്ട്ണര്‍ഷിപ്പ് ഇംഗ്ലണ്ടിന് സമ്മാനിച്ചത്. ഇരുവരും ക്രീസില്‍ നിലയുറച്ചതോടെ വാങ്കഡെയില്‍ തലങ്ങും വിലങ്ങും ബൗണ്ടറികളൊഴുകി. ഒടുവില്‍ 14-ാം ഓവറില്‍ 20 പന്തില്‍ 35 റണ്‍സെടുത്ത ജാക്ക്‌സ് പുറത്തായത് ഇന്ത്യയ്ക്ക് വലിയ ആശ്വാസമായി.
തുടര്‍ന്ന് ക്രീസിലെത്തിയ സാം കറന് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ കാക്കാനായില്ല. 14 പന്തുകള്‍ നേരിട്ട സാം കറന്‍ 18 റണ്‍സെടുത്ത് പുറത്തായി. ജേക്കബ് ബെഥല്‍ ക്രീസിലുണ്ടായിരുന്നത് മാത്രമായിരുന്നു ഇംഗ്ലണ്ടിന്റെ ആശ്വാസം. ഒടുവില്‍ 18 പന്തില്‍ 105 റണ്‍സെടുത്ത ബെഥല്‍ റണ്ണൗട്ടായതോടെ ഇംഗ്ലണ്ടിന്റെ പ്രതീക്ഷ അവസാനിച്ചു.
ശിവം ദുബെ എറിഞ്ഞ അവസാന ഓവറില്‍ 30 റണ്‍സായിരുന്നു ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. അവസാന ഓവറില്‍ ഒരു വൈഡ് അടക്കം ദുബെ 22 റണ്‍സ് വഴങ്ങിയെങ്കിലും വിജയലക്ഷ്യം ഇംഗ്ലണ്ടിന് എത്തിപ്പിടിക്കാനായില്ല. നാല് പന്തില്‍ 19 റണ്‍സുമായി ജോഫ്ര ആര്‍ച്ചറും, മൂന്ന് പന്തില്‍ രണ്ട് റണ്‍സുമായി ജാമി ഓവര്‍ട്ടണും പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി ഹാര്‍ദ്ദിക് പാണ്ഡ്യ രണ്ട് വിക്കറ്റ് വീഴ്ത്തി. അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
Also Read: IND vs ENG: അടിയെന്ന് പറഞ്ഞാല്‍, ജ്ജാതി അടി! ഇംഗ്ലണ്ടിന് മുന്നില്‍ കൂറ്റന്‍ റണ്‍മല സൃഷ്ടിച്ച് ഇന്ത്യ
42 പന്തില്‍ 89 റണ്‍സ് നേടിയ സഞ്ജു സാംസണിന്റെയും, 25 പന്തില്‍ 43 റണ്‍സ് നേടിയ ശിവം ദുബെയുടെയും, 18 പന്തില്‍ 39 റണ്‍സ് നേടിയ ഇഷാന്‍ കിഷന്റെയും, 12 പന്തില്‍ 27 റണ്‍സ് നേടിയ ഹാര്‍ദ്ദിക് പാണ്ഡ്യയുടെയും, ഏഴ് പന്തില്‍ 21 റണ്‍സ് നേടിയ തിലക് വര്‍മയുടെയും ബാറ്റിങ് മികവിലാണ് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സ് നേടിയത്. സഞ്ജുവിന്റെ തുടര്‍ച്ചയായ രണ്ടാം അര്‍ധ സെഞ്ചുറിയാണിത്.