Vehicle Insurance: വാഹന ഇൻഷുറൻസിൽ വലിയ മാറ്റം വരുന്നു , ഇനി മുതൽ നാല് തട്ടുകൾ, ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം
സ്വകാര്യ കാറുകളുടെയും ഇരുചക്ര വാഹനങ്ങളുടെയും മോട്ടോർ ഇൻഷുറൻസ് പോളിസികൾക്കായി, ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (IRDAI) നാല് തലങ്ങളുള്ള പുതിയ ഘടന അവതരിപ്പിച്ചു. പുതിയ പരിഷ്കരണം വഴി പോളിസി ഉടമകൾക്ക് അവരുടെ ആവശ്യാനുസരണം ഇൻഷുറൻസ് പരിരക്ഷ തിരഞ്ഞെടുക്കാൻ കഴിയും എന്നാതാണ് പ്രധാന കാര്യം.

ഡിസംബർ 15 മുതൽ നടപ്പിലാകുന്ന പുതിയ പരിഷ്കരണം പ്രകാരം മോട്ടോർ ഇൻഷുറൻസ് പോളിസികളെ നാല് വിഭാഗങ്ങളായി തിരിക്കും. തേർഡ് പാർട്ടി ബാധ്യത (Third-party liability), യാത്രക്കാർക്ക് നിയമപരമായ ബാധ്യത (Legal liability for occupants or pillion riders), വ്യക്തിഗത അപകട പരിരക്ഷ (Personal accident cover), ഓൺ ഡാമേജ് പരിരക്ഷ (Own-damage cover) എന്നിങ്ങനെയാണ് പോളിസിയെ തിരിക്കുക. ( Image Credit Source Getty Images)

തേർഡ് പാർട്ടി ബാധ്യത (Third-party liability) - സ്വകാര്യ കാറുകൾക്കും ഇരുചക്ര വാഹനങ്ങൾക്കും ഈ കവറേജ് നിർബന്ധമായി തുടരും. വാഹനം മൂലമുണ്ടാകുന്ന അപകടങ്ങളിൽ മൂന്നാംകക്ഷിക്ക് സംഭവിക്കുന്ന പരിക്കുകൾ മരണം കേടുപാടുകൾ എന്നിവയ്ക്കുള്ള നിയമപരമായ പരിരക്ഷയാണ് ഇത്.

യാത്രക്കാർക്ക് നിയമപരമായ ബാധ്യത (Legal liability for occupants or pillion riders) - കാറുകളിലെ യാത്രക്കാരെയോ ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാരെയോ ബാധിക്കുന്നതാണിത്. പോളിസി എടുക്കുമ്പോൾ യാത്രക്കാരെ കൂടി പ്രത്യേകം ഉൾപ്പെടുത്താൻ കഴിയും.

വ്യക്തിഗത അപകട പരിരക്ഷ (Personal accident cover)- നിലവിൽ ഉള്ളതുപോലെ തന്നെ വാഹന ഉടമയായ ഡ്രൈവർക്കുള്ള നിർബന്ധിത കവറേജ് അതേപടി തുടരുകയും വാഹനത്തിലെ മറ്റ് യാത്രക്കാർക്കുള്ള അധിക ഇൻഷുറൻസ് പരിരക്ഷ ആവശ്യമെങ്കിൽ മാത്രം തെരഞ്ഞെടുക്കാനുള്ള അവസരം ഉണ്ടാകും.

ഓൺ ഡാമേജ് പരിരക്ഷ (Own-damage cover) - ഇൻഷ്വർ ചെയ്ത വാഹനത്തിനുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ഇത് പരിരക്ഷ നൽകും. തേർഡ് പാർട്ടി ബാധ്യതാ ഇൻഷുറൻസ് നിർബന്ധിതമായി തുടരുമെങ്കിലും, ഇത് ആവശ്യമെങ്കിൽ മാത്രം തിരഞ്ഞെടുത്താൽ മതി.