Prenelan Subrayen: ബൗളിംഗ് ആക്ഷനിൽ സംശയം; ദക്ഷിണാഫ്രിക്കൻ സ്പിന്നറെ രണ്ടാം ഏകദിനത്തിൽ നിന്ന് വിലക്കി
Prenelan Subrayen Suspected Bowling Action: ദക്ഷിണാഫ്രിക്കൻ സ്പിന്നർ പ്രെനെളൻ സുബ്രയെനെ ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ നിന്ന് വിലക്കി. ബൗളിംഗ് ആക്ഷനിലെ സംശയത്തെ തുടർന്നാണ് നടപടി.

ബൗളിംഗ് ആക്ഷനിലെ സംശയത്തെ തുടർന്ന് ദക്ഷിണാഫ്രിക്കൻ ഓഫ് സ്പിന്നർ പ്രെനെളൻ സുബ്രയെനെ ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ നിന്ന് വിലക്കി. ഓസീസിനെതിരായ ആദ്യ മത്സരത്തിലാണ് 31 വയസുകാരനായ താരം ഏകദിനത്തിൽ അരങ്ങേറിയത്. (Image Courtesy - Social Media)

ആദ്യ ഏകദിനത്തിൽ 46 റൺസ് വഴങ്ങിയ താരം ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു. എന്നാൽ, ഈ മത്സരത്തിലെ പ്രകടനത്തിനിടെ താരത്തിൻ്റെ ബൗളിംഗ് ആക്ഷനിൽ സംശയമുണ്ടെന്ന് മാച്ച് ഒഫീഷ്യൽസ് അറിയിക്കുകയായിരുന്നു. ഇതോടെ താരത്തെ അടുത്ത ഏകദിനത്തിൽ നിന്ന് വിലക്കി.

ബൗളിംഗ് ആക്ഷനിൽ സംശയം അറിയിച്ചതിനെ തുടർന്ന് ഐസിസിയുടെ അംഗീകാരമുള്ള ഒരു ഫെസിലിറ്റിയിൽ വച്ച് ബൗളിംഗ് ആക്ഷനിൽ പരിശോധന നടത്തി പാസാവേണ്ടതുണ്ട്. എങ്കിലേ ഇനി രാജ്യാന്തര മത്സരങ്ങളിൽ പന്തെറിയാൻ താരത്തിന് അനുവാദം ലഭിക്കൂ.

എംസിസിയുടെ നിയമപ്രകാരം ഒരു ബൗളറിന് തൻ്റെ ബൗളിംഗ് ആം 15 ഡിഗ്രി വരെ വളയ്ക്കാം. അതിലധികം വളയുന്നത് നിയമവിരുദ്ധമാണ്. ഈ മാസം 22നാണ് ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിന മത്സരം നടക്കുക. ഇതിന് മുൻപ് താരത്തിൻ്റെ ബൗളിംഗ് ആക്ഷൻ പരിശോധന നടക്കില്ല.

ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്ക 98 റൺസിൻ്റെ വമ്പൻ വിജയമാണ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 297 റൺസിൻ്റെ വിജയലക്ഷ്യം മുന്നോട്ടുവച്ച. എന്നാൽ, മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 198 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. അഞ്ച് വിക്കറ്റിട്ട കേശവ് മഹാരാജ് കളിയിലെ താരമായി.