8th Pay Commission: സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 34,500 രൂപ കടക്കുമോ? കണക്കുകൾ ഇങ്ങനെ…
8th Pay Commission Minimum Salary Hike: കുടിശ്ശിക ഇനത്തിലും കൂടി ജീവനക്കാർക്ക് വലിയൊരു തുക ലഭിച്ചേക്കും. ഏഴാം ശമ്പള കമ്മീഷനിലെ വർദ്ധനവിന് സമാനമായ രീതിയിലാണ് എട്ടാം കമ്മീഷനിലും നടപ്പിലാക്കുന്നതെങ്കിൽ ശമ്പളഘടനയിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം.
എട്ടാം ശമ്പളകമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് രാജ്യത്തെ ദശലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും. ഇത്തവണ അടിസ്ഥാനശമ്പളത്തിൽ വൻ വർദ്ധനവ് ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. 2026 ജനുവരി മുതൽ എന്ന രീതിയിലാകും ഇവ നടപ്പിലാക്കുന്നത്. അതായത്, കുടിശ്ശിക ഇനത്തിലും കൂടി ജീവനക്കാർക്ക് വലിയൊരു തുക ലഭിച്ചേക്കും. ഏഴാം ശമ്പള കമ്മീഷനിലെ വർദ്ധനവിന് സമാനമായ രീതിയിലാണ് എട്ടാം കമ്മീഷനിലും നടപ്പിലാക്കുന്നതെങ്കിൽ ശമ്പളഘടനയിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം.
ഫിറ്റ്‌മെന്റ് ഫാക്ടറും ശമ്പള വർദ്ധനവും
ജീവനക്കാരുടെ അടിസ്ഥാനശമ്പളം നിർണയിക്കുന്നതിൽ പ്രധാന സ്ഥാനം വഹിക്കുന്ന ഒന്നാണ് ഫിറ്റ്മെന്റ് ഫാക്ടർ. ഏഴാം ശമ്പളകമ്മീഷനിൽ ഫിറ്റ്‌മെന്റ് ഫാക്ടർ 2.57 ആയിരുന്നു. ഇതിനനുസരിച്ച് അടിസ്ഥാന ശമ്പളം 7,000 രൂപയിൽ നിന്ന് 18,000 രൂപയായി ഉയർന്നു. എന്നാൽ യഥാർത്ഥ ശമ്പള വർദ്ധനവ് ഏകദേശം 14% മാത്രമായിരുന്നു.
എന്നാൽ എട്ടാം ശമ്പള കമ്മീഷനിൽ ഫിറ്റ്‌മെന്റ് ഫാക്ടർ 1.92നും 3.0 നും ഇടയിൽ വേണമെന്ന ആവശ്യം ശക്തമാവുകയാണ്. നിലവിലെ അടിസ്ഥാനശമ്പളം 18,000 രൂപയാണ്. ഫിറ്റ്‌മെന്റ് ഫാക്ടർ 1.9 ആയാൽ, പുതിയ അടിസ്ഥാന ശമ്പളം 34,200 രൂപയാകും. ഇത് ഏകദേശം 13% യഥാർത്ഥ വർദ്ധനവാണ് നൽകുന്നത്.
ഫിറ്റ്‌മെന്റ് ഫാക്ടർ 2.57 ആണെങ്കിൽ പുതിയ അടിസ്ഥാന ശമ്പളം 46,260 രൂപയാകും. ഇത് ഏകദേശം 53% യഥാർത്ഥ വർദ്ധനവിന് തുല്യമാണ്. ഫിറ്റ്‌മെന്റ് ഫാക്ടർ 2.86 ആയാൽ പുതിയ അടിസ്ഥാന ശമ്പളം 51,480 രൂപയാകും. ഇത് ഏകദേശം 70% യഥാർത്ഥ വർദ്ധനവായിരിക്കും. കൂടാതെ ഡിഎ (DA) കുടിശ്ശികയും മറ്റ് അലവൻസുകളും ചേരുമ്പോൾ മൊത്തം ശമ്പളത്തിൽ ഗണ്യമായ വർദ്ധനവുണ്ടാകും.
ALSO READ: ശമ്പളം എത്ര കൂടണം? സർക്കാർ ജീവനക്കാരേ, ഈ അവസരം പാഴാക്കല്ലേ…
മുൻവർഷങ്ങളിൽ സംഭവിച്ചതെന്ത്?
ഏഴാം ശമ്പളകമ്മീഷനിൽ ഫിറ്റ്മെന്റ് ഘടകം 2.57 ആയിരുന്നു. ഇതിനനുസരിച്ച് അടിസ്ഥാനശമ്പളം 18,000 രൂപ ആയി ഉയർന്നു. കൂടാതെ ഡിഎ (ക്ഷാമബത്ത) അടിസ്ഥാന ശമ്പളവുമായി ലയിപ്പിച്ചു. ഇതിനെ തുടർന്ന് പണപ്പെരുപ്പ ഘടകം 2.25 ആയി. അതേസമയം, ആറാം ശമ്പള കമ്മീഷനിൽ ലഭിച്ച വൻ വർദ്ധനവിനെ അപേക്ഷിച്ച് ഏഴാം ശമ്പള കമ്മീഷനിൽ ലഭിച്ച യഥാർത്ഥ വർദ്ധനവ് വളരെ കുറവായിരുന്നു എന്നതും ശ്രദ്ധേയമാണ്.
പൊതുവെ ശമ്പളം കൂടുമ്പോൾ മൊത്തം വർദ്ധനവിന്റെ ശതമാനമാണ് നമ്മൾ നോക്കാറുള്ളത്. എന്നാൽ പണപ്പെരുപ്പം കൂടി കണക്കിലെടുത്ത ശേഷമുള്ള വർദ്ധനവിനെയാണ് ‘യഥാർത്ഥ ശമ്പള വർദ്ധനവ്’ എന്ന് അർത്ഥമാക്കുന്നത്. രണ്ടാം ശമ്പളകമ്മീഷനിൽ 14.2%, മൂന്നാം ശമ്പളകമ്മീഷനിൽ 20.6%, നാലാമത് 27.6%, അഞ്ചാമത് 31.0%, ആറാമത് 54.0%, ഏഴാമത് 14.3% എന്നിങ്ങനെയായിരുന്നു യഥാർത്ഥ ശമ്പള വർദ്ധനവ് രേഖപ്പെടുത്തിയത്.