8000mAh ബാറ്ററി, 6.99 ഇഞ്ച് അൾട്രാ-ലാർജ് ഡിസ്പ്ലേ; റെഡ്മി നോട്ട് 17 5G ഇന്ത്യയിലെത്തിയത് വെറുതേയാകില്ല!
Redmi Note 17 5G Launched in India: ഷവോമി ഇന്ത്യയിൽ പുതിയ റെഡ്മി നോട്ട് 17 5ജി ലോഞ്ച് ചെയ്തിരിക്കുകയാണ്. പല ബ്രാൻഡുകളും എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ എന്ന നിലയ്ക്കുള്ള സ്മാർട്ട്ഫോണുകൾ ചിലപ്പോഴോക്കെ പുറത്തിറക്കാറുണ്ട്. എന്നാൽ റെഡ്മി നോട്ട് 17 5ജി അത്തരത്തിലുള്ള ഒരു തട്ടിക്കൂട്ട് ഫോണല്ല. 6.99 ഇഞ്ച് അൾട്രാ-ലാർജ് OLED ഡിസ്‌പ്ലേ, 8000mAh ബാറ്ററി അടക്കമുള്ള റെഡ്മി ഫോണുകളിൽ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ഫീച്ചറുകളുമായാണ് ഈ മോഡലിന്റെ വരവ്.

ഡിസ്പ്ലേ: 6.99 ഇഞ്ച് അൾട്രാ-ലാർജ് FHD+ OLED ഡിസ്‌പ്ലേ അവതരിപ്പിക്കുന്ന ആദ്യ റെഡ്മി സ്മാർട്ട്ഫോൺ ആണിത്. 120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാമ്പിൾ റേറ്റ്, 1800 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ സഹിതമാണ് ഈ ഡിസ്പ്ലേ എത്തിയിരിക്കുന്നത്. (Image credit: Xiaomi India website)

കരുത്ത്: ഒക്ട-കോർ (2×2.3GHz കോർടെക്സ്-A78 & 6×2GHz കോർടെക്സ്-A55) ക്വാൽകോം സ്നാപ്ഡ്രാഗൺ 4 ജെൻ 4 4nm ചിപ്സെറ്റ് ആണ് റെഡ്മി നോട്ട് 17 5ജിയുടെ കരുത്ത്. അഡ്രിനോ 613 GPU, 6GB / 8GB LPDDR4X റാം, 128GB UFS 2.2 ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയുമുണ്ട്.

ക്യാമറ: 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, LED ഫ്ലാഷ്, 1080p വരെ വീഡിയോ റെക്കോർഡിംഗ്) നയിക്കുന്ന റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി 8MP ഫ്രണ്ട് ക്യാമറയും (f/2.0 അപ്പേർച്ചർ, 1080p വരെ വീഡിയോ റെക്കോർഡിംഗ്) ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള Xiaomi HyperOS -ൽ ആണ് പ്രവർത്തനം. 4 OS അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.

ബാറ്ററി: 45W ഫാസ്റ്റ് ചാർജിങ്, 22.5W റിവേഴ്‌സ് വയർഡ് ചാർജിങ് എന്നിവ സഹിതം 8000mAh ബാറ്ററി ഇതിലുണ്ട്. യാത്രയിലായിരിക്കുമ്പോൾ ആക്‌സസറികളോ സെക്കൻഡറി ഡിവൈസുകളോ ചാർജ് ചെയ്യുന്നതിന് ഈ ഫോൺ ഒരു പവർ ബാങ്ക് പോലെ ഉപയോഗിക്കാനാകും. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ എന്നിവയും ഉണ്ട്.

മറ്റ് ഫീച്ചറുകൾ: ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), 5G, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.1, GPS + GLONASS, USB ടൈപ്പ്-C, IP65 റേറ്റിങ് എന്നിവയും ഇതിലുണ്ട്. സ്റ്റാർലൈറ്റ് പർപ്പിൾ, ഡാർക്ക് നൈറ്റ്, ആർട്ടിക് ബ്ലൂ എന്നീ കളർ ഓപ്ഷനുകളിൽ ഇത് വാങ്ങാനാകും.

വിലയും ലഭ്യതയും: റെഡ്മി നോട്ട് 17 5ജിയുടെ 6GB + 128GB മോഡലിന് 27,999 രൂപയും 8GB + 128GB മോഡലിന് 30,999 രൂപയുമാണ് വില. ബാങ്ക് ഓഫർ പ്രയോജനപ്പെടുത്തിയാൽ 24,999 രൂപ പ്രാരംഭ വിലയിൽ തുടക്കത്തിൽ വാങ്ങാനാകും. ഓഗസ്റ്റ് 12 മുതൽ ആമസോൺ വഴിയാണ് ഈ റെഡ്മി ഫോണിന്റെ വിൽപ്പന ആരംഭിക്കുക.