Sreesanth: പഴയ മുറിവുകൾ വീണ്ടും കുത്തിപ്പഴുപ്പിക്കുന്നു; നിങ്ങളൊക്കെ മനുഷ്യരാണോ: ലളിത് മോദിക്കെതിരെ ശ്രീശാന്തിൻ്റെ ഭാര്യ
Sreesanths Wife Bhuvneshwari Against Lalit Modi: ഹർഭജൻ സിംഗ് ശ്രീശാന്തിനെ തല്ലുന്ന വിഡിയോ പുറത്തുവിട്ട ലളിത് മോദിക്കെതിരെ ശ്രീശാന്തിൻ്റെ ഭാര്യ ഭുവനേശ്വരി. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് വിമർശനം.

ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദിക്കതിരെ മുൻ ഇന്ത്യൻ താരം ശ്രീശാന്തിൻ്റെ ഭാര്യ ഭുവനേശ്വരി. ഹർഭജൻ സിംഗ് ശ്രീശാന്തിനെ തല്ലുന്ന വിഡിയോ പുറത്തുവിട്ടതിനെതിരെയാണ് ഭുവനേശ്വരി ലളിത് മോദിയെയും മുൻ ഓസീസ് താരം മൈക്കൽ ക്ലാർക്കിനെയും വിമർശിച്ചത്. (Image Courtesy - bhuvneshwari sreesanth instagram)

തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് മഹേശ്വരിയുടെ വിമർശനം. 'ലളിത് മോദി, മൈക്കൽ ക്ലാർക്ക്. നിങ്ങൾക്ക് നാണമില്ലേ. 2008ൽ നടന്ന ഒരു സംഭവം നിങ്ങളുടെ കുപ്രസിദ്ധിയ്ക്കും വ്യൂസിനും വേണ്ടി പൊക്കിക്കൊണ്ടുവരാൻ നിങ്ങൾ മനുഷ്യർ തന്നെയാണോ?'- ഭുവനേശ്വരി കുറിച്ചു.

'ശ്രീശാന്തും ഹർഭജൻ സിംഗും ആ പ്രശ്നമൊക്കെ വിട്ടു. രണ്ടുപേർക്കും ഇപ്പോൾ സ്കൂളിൽ പോകുന്ന മക്കളുണ്ട്. എന്നിട്ടും പഴയ മുറിവിലേക്ക് അവരെ വലിച്ചെറിയാൻ നിങ്ങൾ ശ്രമിക്കുന്നു. വളരെ മോശം, മനുഷ്യത്വരഹിതം.'- തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഭുവനേശ്വരി തുടർന്നു.

മറ്റൊരു സ്റ്റോറിയിൽ വിഡിയോ വീണ്ടും പ്രചരിക്കുന്നത് തങ്ങൾക്കും കുടുംബത്തിനും വേദനയുണ്ടാക്കിയെന്ന് അവർ കുറിച്ചു. താരങ്ങളെ വേദനിപ്പിച്ചതിനും തങ്ങൾ ചെയ്ത തെറ്റിനല്ലാതെ ചോദ്യങ്ങൾ നേരിടേണ്ടിവരുന്ന അവരുടെ നിഷ്കളങ്കരായ മക്കളെ വേദനിപ്പിച്ചതും ഇവർക്കെതിരെ കേസെടുക്കണമെന്നും ഭുവനേശ്വരി ആവശ്യപ്പെട്ടു.

2008 ഐപിഎലിൽ കിംഗ്സ് ഇലവൻ പഞ്ചാബും മുംബൈ ഇന്ത്യൻസും തമ്മിലുള്ള മത്സരത്തിന് പിന്നാലെയാണ് ഹർഭജൻ സിംഗ് ശ്രീശാന്തിനെ തല്ലിയത്. ശ്രീശാന്ത് കിംഗ്സ് ഇലവൻ താരവും ഹർഭജൻ മുംബൈ ഇന്ത്യൻസ് താരവുമായിരുന്നു. പിന്നീട് ഹർഭജൻ ഇതിൽ ക്ഷമ പറയുകയും ചെയ്തു.