Thiruvananthapuram Metro: തിരുവനന്തപുരം മെട്രോയ്ക്ക് ഭൂഗര്‍ഭ പാത വേണോ? പദ്ധതി ഇനിയും വൈകും, വീണ്ടും പഠനം വേണം
Thiruvananthapuram Metro Faces More Delays as Underground Corridors Are Sought: ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡിഎംആര്‍സി) രണ്ട് മാസങ്ങള്‍ക്ക് മുമ്പ് വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് (കെഎംആര്‍എല്‍) സമര്‍പ്പിച്ചിരുന്നു. ഇതില്‍ കെഎംആര്‍എല്‍ സൂക്ഷ്മ പരിശോധന നടത്തുകയും സംസ്ഥാന സര്‍ക്കാരിന് ഡിപിആര്‍ അയക്കുമെന്ന് അറിയിക്കുകയും ചെയ്തതാണ്.

തിരുവനന്തപുരം മെട്രോ അതിവേഗത്തില്‍ യാഥാര്‍ഥ്യമാകാനുള്ള കാത്തിരിപ്പിലാണ് യാത്രക്കാര്‍. ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയ്ക്കായുള്ള നടപടിക്രമങ്ങള്‍ വേഗത്തില്‍ മുന്നോട്ട് പോകുന്നത് പൊതുജനങ്ങള്‍ക്ക് ആശ്വാസം പകരുന്നു. എന്നാല്‍ നിര്‍ദ്ദിഷ്ട പദ്ധതി കാലത്താമസം നേരിടാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തിരക്കേറിയ ഭാഗങ്ങളില്‍ ഭൂഗര്‍ഭ പാതകള്‍ നിര്‍മിക്കണമെന്ന ആവശ്യമാണ് പദ്ധതി വൈകുന്നതിന് കാരണമാകുന്നത്. (Image Credit Source: Getty Images)

ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡിഎംആര്‍സി) രണ്ട് മാസങ്ങള്‍ക്ക് മുമ്പ് വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് (കെഎംആര്‍എല്‍) സമര്‍പ്പിച്ചിരുന്നു. ഇതില്‍ കെഎംആര്‍എല്‍ സൂക്ഷ്മ പരിശോധന നടത്തുകയും സംസ്ഥാന സര്‍ക്കാരിന് ഡിപിആര്‍ അയക്കുമെന്ന് അറിയിക്കുകയും ചെയ്തതാണ്. എന്നാല്‍ തിരക്കേറിയ സ്ഥലങ്ങളില്‍ ഭൂഗര്‍ഭ മെട്രോ പാതകള്‍ വേണമെന്ന തിരുവനന്തപുരം എംപി ശശി തരൂരിന്റെ ആവശ്യം പദ്ധതിയെ പിന്നോട്ട് വലിച്ചു.

നിര്‍ദ്ദിഷ്ട അലൈന്‍മെന്റില്‍ ഭൂഗര്‍ഭ പാതകള്‍ ഉള്‍പ്പെടുത്തുന്നതിന്റെ സാധ്യത പരിശോധിക്കുന്നതിനായി കെഎംആര്‍എല്ലിന്റെയും ഡിഎംആര്‍സിയുടെയും സാങ്കേതിക സംഘം നിലവില്‍ തിരുവനന്തപുരത്ത് പരിശോധനകള്‍ നടത്തുകയാണ്. മെട്രോ ട്രെയിനുകള്‍ക്ക് ഭൂഗര്‍ഭ ഭാഗങ്ങളിലേക്ക് എങ്ങനെ പ്രവേശിക്കാനും പുറത്തുകടക്കാനും സാധിക്കുമെന്ന കാര്യങ്ങള്‍ പരിശോധിച്ച് ഡിപിആറില്‍ മാറ്റങ്ങള്‍ വരുത്തിയേക്കും.

ഡിഎംആര്‍സി സാങ്കേതിക പരിശോധന പൂര്‍ത്തിയാക്കിയതിന് ശേഷം ഡിപിആര്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് കെഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. കരമന-ഉള്ളൂര്‍, കഴക്കൂട്ടം-ആക്കുളം തുടങ്ങിയ തിരക്കേറിയ പ്രദേശങ്ങളില്‍ ഭൂഗര്‍ഭ പാത പരിഗണിക്കണമെന്നാണ് തരൂര്‍ ആവശ്യപ്പെട്ടത്. ഇവിടങ്ങളില്‍ ഭൂഗര്‍ഭ പാത നിര്‍മിക്കുന്നത് ഗതാഗത തടസം കുറയ്ക്കാനും ഭൂമി ഏറ്റെടുക്കല്‍ കുറയ്ക്കാനും സഹായിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ വാദം.

പാപ്പനംകോട്, കരമന, തമ്പാനൂര്‍, പാളയം, മെഡിക്കല്‍ കോളേജ്, ഉള്ളൂര്‍, ശ്രീകാര്യം, ടെക്‌നോപാര്‍ക്ക്, ആക്കുളം, കൊച്ചുവേളി, വിമാനത്താവളം, ഈഞ്ചക്കല്‍ എന്നിവയുള്‍പ്പെടെ പ്രധാന സ്ഥലങ്ങളിലൂടെയുള്ള കണക്ടവിറ്റിയാണ് 31 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മെട്രോയുടെ ഒന്നാം ഘട്ടത്തില്‍ വിഭാവനം ചെയ്യുന്നത്. നിലവിലുള്ള ഡിപിആറില്‍ പൂര്‍ണമായും എലിവേറ്റഡ് കോറിഡോറാണ് നിര്‍ദേശിക്കുന്നത്.